Published: October 16, 2025 10:48 AM IST
1 minute Read
-
ഒന്നാം ഇന്നിങ്സിൽ മഹാരാഷ്ട്ര 7ന് 179; രക്ഷകരായത് ഋതുരാജും (91) ജലജ് സക്സേനയും (49)
തിരുവനന്തപുരം ∙ ഇരട്ട തോക്ക് പോലെയായിരുന്നു എം.ഡി.നിധീഷും എൻ.പി.ബേസിലും. അതിൽ നിന്നു തീയുണ്ട പോലെ പാഞ്ഞ പന്തുകളിൽ, വമ്പൻമാരായി എത്തിയ മഹാരാഷ്ട്ര ആദ്യ അരമണിക്കൂർ കൊണ്ടുതന്നെ തകർച്ചയിലേക്കു കൂപ്പുകുത്തി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ കിരീടം ലക്ഷ്യമിട്ടിറങ്ങിയ നിലവിലെ റണ്ണേഴ്സ് അപ്പായ കേരളത്തിന് സ്വന്തം മണ്ണിൽ സ്വപ്നതുല്യമായ തുടക്കം. 5 വിക്കറ്റിന് 18 റൺസ് എന്ന നിലയിൽ തകർന്ന മഹാരാഷ്ട്രയെ നാണക്കേടിൽ നിന്നു കരകയറ്റിയത് രാജ്യാന്തര താരമായ ഋതുരാജ് ഗെയ്ക്‌വാദും (91) കേരളത്തെയും ഈ കളിക്കളത്തെയും നന്നായി അറിയാവുന്ന ജലജ് സക്‌സേനയും (49) ചേർന്നാണ്. വെളിച്ചക്കുറവ് മൂലം ആദ്യ ദിനത്തിലെ കളി ഒന്നര മണിക്കൂർ നേരത്തേ അവസാനിപ്പിച്ചപ്പോൾ 59 ഓവറിൽ 7 വിക്കറ്റിന് 179 റൺസെന്ന നിലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ് മഹാരാഷ്ട്ര. വിക്കി ഓസ്‌വാളും (10) ആർ.എസ്.ഘോഷും (11) ആണ് ക്രീസിൽ.
ടോസ് നേടിയ കേരളം വിക്കറ്റിലെ ഈർപ്പം മുതലാക്കാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 4 വിക്കറ്റ് എടുത്ത നിധീഷും 2 വിക്കറ്റെടുത്ത ബേസിലും ചേർന്ന് ആ തീരുമാനം ശരിവയ്ക്കുന്ന ഗംഭീര പ്രകടനവുമായി ആദ്യ മണിക്കൂറിൽ തന്നെ ടീമിന് മുൻതൂക്കം സമ്മാനിച്ചു.
സൂപ്പർതാരം പൃഥ്വി ഷായെ നാലാം പന്തിൽ വിക്കറ്റിന് മുന്നിൽ കുടുക്കിയ നിധീഷ് തൊട്ടടുത്ത പന്തിൽ എസ്.എ.വീറിനെയും വീഴ്ത്തി. അടുത്ത ഓവറിലെ ആദ്യ പന്തിൽ രോഹൻ കുന്നുമ്മലിന്റെ പറക്കും ക്യാച്ചിലൂടെ ബേസിൽ അർഷിൻ കുൽക്കർണിയെയും മടക്കി. അടുത്ത ഓവറിൽ ക്യാപ്റ്റൻ അങ്കിത് ബാവ്നയുടെ കുറ്റി തെറിപ്പിച്ച് വീണ്ടും ബേസിലിന്റെ പ്രഹരം. 5 റൺസിന് 4 വിക്കറ്റ്. 4 പേരും ഡക്കായപ്പോൾ സ്കോർ ബോർഡിൽ തെളിഞ്ഞ 5 റൺസും കേരളം എക്സ്ട്രാസിലൂടെ സംഭാവന ചെയ്തതായിരുന്നു. ഓരോ സിക്സും ഫോറുമായി കളംപിടിക്കാൻ നോക്കിയ നാവലെയെയും (12) നിധീഷ് വീഴ്ത്തി. ആദ്യ 5 ഓവറിൽ 5 റൺസ് മാത്രം വഴങ്ങിയാണ് നിധീഷ് 3 വിക്കറ്റും വീഴ്ത്തിയത്.
പിന്നാലെ എത്തിയ ജലജും ഗെയ്ക്‌വാദും പിടിച്ചു നിന്നു. പിച്ചിലെ ഈർപ്പം മാറിയോടെ ബാറ്റിങ് അനായാസമായി. രണ്ടാം സെഷനിൽ വിക്കറ്റൊന്നും വീണില്ല. ഗെയ്ക്‌വാദ് അർധ സെഞ്ചറി നേടുകയും ചെയ്തു. ഉച്ചഭക്ഷണത്തിനു ശേഷം അർധ സെഞ്ചറിക്ക് ഒരു റൺ അകലെ ജലജിനെ നിധീഷ് തന്നെ വിക്കറ്റിനു മുന്നിൽ കുരുക്കി. സെഞ്ചറി ഉറപ്പിച്ച് നീങ്ങിയ ഗെയ്ക്‌വാദിനെ എൽബിയിൽ കുടുക്കിയത് ഏദൻ ആപ്പിൾ ടോം ആയിരുന്നു. 151 ബോളിൽ 11 ബൗണ്ടറി ഉൾപ്പെട്ടതായിരുന്നു ഗെയ്‌ക്‌വാദിന്റെ ഇന്നിങ്സ്.
English Summary:









English (US) ·