Published: April 26 , 2025 08:34 PM IST Updated: April 27, 2025 12:43 AM IST
1 minute Read
കൊൽക്കത്ത ∙ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടിയ ഐപിഎൽ മത്സരത്തിൽ ജയിച്ചത് മഴ. മഴ കളിമുടക്കിയതോടെ മത്സരം ഉപേക്ഷിക്കുകയും ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവയ്ക്കുകയും ചെയ്തു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത ആദ്യ ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ഏഴു റൺസ് എന്ന നിലയിൽ നിൽക്കെയാണ് മഴയും ഇടിമിന്നലും വില്ലനായെത്തിയത്.
ഒന്നര മണിക്കൂറിലേറെ കാത്തിരുന്നിട്ടും മഴ ശമിക്കാതെ വന്നതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഐപിഎലിൽ ഇതാദ്യമാണ് ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ഒരു മത്സരം മഴമൂലം ഉപേക്ഷിക്കുന്നത്. 11 പോയിന്റുകളുമായി പഞ്ചാബ് നാലാംസ്ഥാനത്തേക്ക് കയറിയപ്പോൾ കൊൽക്കത്തയ്ക്ക് 9 മത്സരങ്ങളിൽനിന്ന് 7 പോയിന്റാണുള്ളത്. സീസണിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം പഞ്ചാബിനായിരുന്നു.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് പ്രഭ്സിമ്രാൻ സിങ് – പ്രിയാംശ് ആര്യ ഓപ്പണിങ് കൂട്ടുകെട്ടിന്റെ കരുത്തിലാണ് 201 റൺസെടുത്തത്. ഒന്നാം വിക്കറ്റിൽ പ്രഭ്സിമ്രാൻ സിങ്ങും പ്രിയാംശ് ആര്യയും കളംനിറഞ്ഞപ്പോൾ 72 ബോളിൽ 120 റൺസാണ് പിറന്നത്. പ്രഭ്സിമ്രാൻ സിങ് 49 പന്തിൽ ആറു സിക്സും ആറു ഫോറുമുൾപ്പെടെ 83 റൺസ് അടിച്ചുകൂട്ടിയപ്പോൾ പ്രിയാംശ് ആര്യ 35 പന്തിൽ നാലു സിക്സും എട്ടു ഫോറുമുൾപ്പെടെ 69 റൺസ് നേടി. പ്രിയാംശ് ആര്യ മടങ്ങിയതിനു പിന്നാലെ ഒത്തുചേർന്ന പ്രഭ്സിമ്രാൻ സിങ് – ശ്രേയസ് അയ്യർ കൂട്ടുകെട്ട് 16 പന്തിൽ 40 റൺസ് നേടി.
തുടർന്നെത്തിയ ഗ്ലെൻ മാക്സ്‍വെലിനും (7 റൺസ്) മാർക്കോ യാൻസനും (3 റൺസ്) ശോഭിക്കാനായില്ല. ഇന്നിങ്സ് അവസാനിക്കുമ്പോൾ 25 റൺസോടെ ശ്രേയസ് അയ്യരും 11 റൺസുമായി ജോഷ് ഇൻഗ്ലിസും പുറത്താകാതെ നിന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിൽ പേസർ വൈഭവ് അറോറ രണ്ടു വിക്കറ്റും ആന്ദ്രെ റസ്സൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
English Summary:








English (US) ·