ധാക്ക ∙ അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്നും തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) കത്ത് നൽകിയതിനു പിന്നാലെ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). ലിറ്റൻ ദാസിന്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് സെയ്ഫ് ഹസനാണ് വൈസ് ക്യാപ്റ്റൻ. മുസ്തഫിസുർ റഹ്മാൻ, ടസ്കിൻ അഹമ്മദ് എന്നീ പേസർമാരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) നിന്ന് ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചതാണ് ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാട് ബിസിബി സ്വീകരിച്ചത്. ഇന്ത്യ– ബംഗ്ലദേശ് നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ ഐപിഎലിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ താരത്തെ ഒഴിവാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനോട് ബിസിസിഐ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മുസ്തഫിസുറിനെ ടീമിൽനിന്ന് ഒഴിവാക്കിയതായി കൊൽക്കത്ത അറിയിച്ചു. ഇതാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചത്. തങ്ങളുടെ താരങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ ബിസിസിഐക്കു സാധിക്കില്ലെങ്കിൽ ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്കു വരാൻ തയാറല്ലെന്നും ഗ്രൂപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു.
∙ ഐസിസി ഓക്കെയാണ്ബിസിബിയുടെ ആവശ്യം തുറന്ന സമീപനത്തോടെ പരിഗണിക്കാനാണ് ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസിയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. ഇതുവരെ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെങ്കിലും ബിസിസിഐ കൂടി സമ്മതിച്ചാൽ ബംഗ്ലദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റുന്നതിൽ ഐസിസി എതിർപ്പ് പ്രകടിപ്പിച്ചേക്കില്ല. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.. ലോകകപ്പ് ആരംഭിക്കാൻ വെറും ഒരു മാസം മാത്രം ശേഷിക്കെ, 16 ടീമുകൾ ഉൾപ്പെടുന്ന ഷെഡ്യൂൾ പരിഷ്കരിക്കുന്നത് ദുഷ്കരമാണ്.
ഗ്രൂപ്പ് സിയിൽ മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, നേപ്പാൾ, ഇറ്റലി എന്നിവർക്കൊപ്പമാണ് ബംഗ്ലദേശ്. ഷെഡ്യൂളിലെ മാറ്റം ഈ ടീമുകളെയും ബാധിക്കും. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ബംഗ്ലദേശിന്റെ എല്ലാ ലീഗ് മത്സരങ്ങളും ഇന്ത്യയിലാണ്. മൂന്നെണ്ണം കൊൽക്കത്തയിലും ഒരെണ്ണം മുംബൈയിലും. പുനഃക്രമീകരണം ലീഗ് ഘട്ടത്തിൽ മാത്രം ഒതുങ്ങണമെന്നില്ല. കഴിഞ്ഞ ലോകകപ്പിൽ ബംഗ്ലദേശ് സൂപ്പർ 8 ഘട്ടത്തിലെത്തിയിരുന്നു. അങ്ങനെയെങ്കിൽ ഷെഡ്യൂൾ അടിമുടി പൊളിക്കേണ്ടി വരും. താരങ്ങളുടെ യാത്ര, ഹോട്ടൽ ബുക്കിങ് എന്നിവയെ എല്ലാം ഇതു ബാധിക്കും. ഇക്കാര്യങ്ങളെല്ലാം ബിസിബിയോട് ഐസിസി വിശദീകരിക്കും. എങ്കിലും ഇരുകൂട്ടരെയും തുറന്ന സമീപനത്തോടെ കേൾക്കും.
∙ ‘ഹിന്ദു’ ക്യാപ്റ്റൻ
ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായത്. കൊൽക്കത്തയുടെ സഹ ഉടമ ഷാറൂഖ് ഖാനെതിരെയും വിമർശനം നീണ്ടു. കൊൽക്കത്തയിൽ ഐപിഎൽ മത്സരം തടയുമെന്ന ഭീഷണിയുമുണ്ടായി. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദവും ശക്തമായതോടെയാണ് മുൻപ് എട്ട് ഐപിഎൽ സീസണുകളിൽ കളിച്ചിട്ടുള്ള മുസ്തഫിസുറിനെ ടീമിൽനിന്നു നീക്കാൻ ബിസിസിഐ ആവശ്യപ്പെട്ടത്.
എന്നാൽ ട്വന്റി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ഹിന്ദുവായ ലിറ്റൻ ദാസാണ് ബംഗ്ലദേശിന്റെ ക്യാപ്റ്റൻ എന്നതു ശ്രദ്ധേയമാണ്. 2025 മേയിലാണ് ലിറ്റൻ ദാസിനെ ട്വന്റി20 ക്യാപ്റ്റനായി ബിസിബി നിയമിച്ചത്. ലോകകപ്പിലും ലിറ്റൻ ദാസ് തന്നെ തുടരാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.
1994ൽ ബംഗ്ലദേശിലെ ദിനാജ്പുർ ജില്ലയിലെ ഒരു ബംഗാളി ഹിന്ദു കുടുംബത്തിലാണ് ലിറ്റൻ ദാസ് ജനിച്ചത്. 2015ൽ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റവും ഏകദിന അരങ്ങേറ്റവും നടത്തി. അതേ വർഷം തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി20യിലും അരങ്ങേറി. സ്പെഷലിസ്റ്റ് ബാറ്ററായി തുടക്കം കുറിച്ച ലിറ്റൻ ദാസിന് 2017ലാണ് ടീമിന്റെ വിക്കറ്റ് കീപ്പിങ് ചുമതല കൂടി ലഭിച്ചത്. വെറ്ററൻ താരം മുഷ്ഫിഖുർ റഹീം ബാറ്ററായി മാത്രം ടീമിൽ തുടർന്നതോടെയാണ് ഇത്.
2018ലെ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ സെഞ്ചറി നേടിയാണ് ലിറ്റൻ ദാസ് മിന്നിയത്. ഫൈനലിൽ ബംഗ്ലദേശ് തോറ്റെങ്കിലും ലിറ്റൻ പ്ലെയർ ഓഫ് ദ് മാച്ചായി. 2020 മാർച്ചിൽ, സിംബാബ്‌വെയ്‌ക്കെതിരെ 143 പന്തിൽ നിന്ന് 176 റൺസ് നേടിയ ലിറ്റൻ ഏകദിനത്തിൽ ഒരു ബംഗ്ലദേശ് താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും കുറിച്ചു. വിവിധ സമയങ്ങളിലായി എല്ലാ ഫോർമാറ്റുകളിലും ലിറ്റൻ ദാസ് ബംഗ്ലദേശിനെ നയിച്ചിട്ടുണെങ്കിലും 2025 മേയിലാണ് താരത്തെ ട്വന്റി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയമിച്ചത്.
English Summary:








English (US) ·