വിവാദത്തിൽ ട്വിസ്റ്റ്: റഫറിക്ക് നിർദേശം നൽകിയത് എസിസി ഉന്നതവൃത്തം? പാക്കിസ്ഥാന്റെ ആവശ്യം ഐസിസി അംഗീകരിക്കില്ല

4 months ago 5

ഓൺലൈൻ ഡെസ്‌ക്

Published: September 16, 2025 10:22 AM IST

1 minute Read

ആൻഡി പൈക്റോഫ്റ്റ് (Photo by Randy Brooks / AFP), ടോസ് സമയത്ത് പരസ്‌പരം മുഖം കൊടുക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയും (PTI)
ആൻഡി പൈക്റോഫ്റ്റ് (Photo by Randy Brooks / AFP), ടോസ് സമയത്ത് പരസ്‌പരം മുഖം കൊടുക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയും (PTI)

ദുബായ് ∙ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു പിന്നാലെ ഉയർന്ന ഹസ്തദാന വിവാദത്തിനു മാച്ച് റഫറി ആൻഡി പൈക്റോഫ്റ്റിനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നൽകിയ പരാതി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളിയേക്കും. ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ തുടർന്നുള്ള മത്സരങ്ങളിൽനിന്നു പൈക്റോഫ്റ്റിനെ മാറ്റണമെന്നാണ് പിസിബിയുടെ ആവശ്യം. ഇതിൽ ഔദ്യോഗികമായി ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പിസിബിയുടെ ആവശ്യം അംഗീകരിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.

ഐസിസി ജനറൽ മാനേജർ വസീം ഖാനാണ് പിസിബി അധ്യക്ഷൻ മുഹ്സിൻ നഖ്‌വി ഇമെയിലായി പരാതി നൽകിയിരിക്കുന്നത്. ഇതിനുള്ള മറുപടി ഉടൻ അയക്കുമെന്നാണ് റിപ്പോർട്ട്. മുഹ്‌സിൻ നഖ്‌വി തന്നെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റും. എസിസിയാണ് ഏഷ്യാ കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. എസിസിയുടെ നിർദേശപ്രകാരമാകാം മാച്ച് റഫറി പ്രവർത്തിച്ചതെന്നും ഐസിസിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഐസിസിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ പറയുന്നത്. എസിസി പ്രസിഡന്റ് മുഹ്‍സിൻ നഖ്‌വി തന്നെയാകാം റഫറിക്ക് ഇത്തരത്തിൽ നിർദേശനൽകിയെന്ന സൂചനകളും ചില ഉന്നതവൃത്തങ്ങൾ നൽകുന്നു.

‘‘ഐസിസിക്ക് ഇതുമായി എന്ത് ബന്ധമാണുള്ളത്? മാച്ച് ഒഫിഷ്യലിനെ നിയമിച്ചു കഴിഞ്ഞാൽ അവരുടെ റോൾ അവസാനിക്കുന്നു. എസിസിയിൽ നിന്നുള്ള ഒരാൾ മത്സരത്തിന് മുൻപ് പൈക്റോഫ്റ്റുമായി സംസാരിച്ചിരുന്നു. ടോസിൽ സംഭവിച്ചത് ആ സംഭാഷണത്തിന്റെ ഫലമായിരുന്നു. ഐസിസിയിലേക്ക് വിരൽ ചൂണ്ടുന്നതിന് പകരം, ആ സംഭാഷണം എന്താണെന്നും ആരാണ് അതു ചെയ്തതെന്നും എന്തുകൊണ്ടാണെന്നും പിസിബി മേധാവി കണ്ടെത്തേണ്ട സമയമാണിത്.’’– ഐസിസിയുമായി ബന്ധ‌പ്പെട്ട ഉന്നതവൃത്തം പറഞ്ഞു.

രാജ്യാന്തര മത്സരങ്ങളുടെ ടോസിന്റെ സമയത്ത് ഇരു ടീമിന്റെ ക്യാപ്റ്റൻമാരും ഹസ്തദാനം നടത്തുന്നതും പ്ലേയിങ് ഇലവൻ കൈമാറുന്നതും പതിവാണ്. എന്നാൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു മുൻപ് ഇതുണ്ടായില്ല. ഇരു ക്യാപ്റ്റൻമാരും ടോസിനു ശേഷം പരസ്പരം നോക്കുക പോലും ചെയ്യാതെ തിരികെ പോയി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി ഹസ്തദാനം നടത്തേണ്ടെന്ന് ടോസിന് മുൻപ് മാച്ച് റഫറി ആൻഡി പൈക്റോഫ്റ്റ് പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയോടു പറഞ്ഞതായാണ് പിസിബിയുടെ ആരോപണം. എന്നാൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഹസ്തദാനത്തിനു കൈനീട്ടുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിസമ്മതിച്ചാൽ ഉണ്ടായേക്കാവുന്ന സാഹചര്യം ഒഴിവാക്കാനാകും റഫറി ഇത്തരത്തിൽ നിർദേശം നൽകിയതെന്നാണ് ഐസിസി കരുതുന്നത്.

ക്യാപ്റ്റന്മാർ ഹസ്തദാനം ചെയ്യാതിരുന്നതിന്, മാച്ച് ഒഫിഷ്യലിനെ മാറ്റുന്നത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്നും ഐസിസി കരുതുന്നു. എംസിസി മാനുവൽ പ്രകാരം, മത്സരത്തിന് മുൻപോ ശേഷമോ എതിർ ടീമുമായി ഹസ്തദാനം ചെയ്യേണ്ടത് നിർബന്ധമല്ല. ഇക്കാര്യം പിസിബിയെ ഐസിസി ബോധ്യപ്പെടുത്തിയേക്കും. ഐസിസിയുടെ മറുപടി ലഭിച്ചു കഴിഞ്ഞ പിസിബിയുടെ തുടർ നടപടി എന്താകും എന്ന കാര്യത്തിൽ വ്യക്തതയില്ല. പൈക്റോഫ്റ്റിനെ മാറ്റിയില്ലെങ്കിൽ ഏഷ്യ കപ്പ് ബഹിഷ്കരിക്കുമെന്നാണ് പിസിബിയുടെ ഭീഷണി. പിസിബി അധ്യക്ഷൻ, പ്രസിഡന്റായ സമിതി സംഘടിപ്പിക്കുന്ന ടൂർണമെന്റ് പാക്കിസ്ഥാൻ ബഹിഷ്കരിക്കുമോ എന്ന ആകാംക്ഷയാണ് ബാക്കി.

English Summary:

India-Pakistan lucifer contention focuses connected PCB's ailment against lucifer referee Andy Pycroft, which is apt to beryllium rejected by ICC. The ailment revolves astir a handshake contention earlier the Asia Cup match, and the imaginable consequences for the tournament.

Read Entire Article