Published: December 22, 2025 01:13 PM IST
1 minute Read
ലണ്ടൻ ∙ ബെക്കാം കുടുംബത്തിലെ വിള്ളലുകൾ ഉള്ളറകളിൽനിന്നു മറനീക്കി പരസ്യകലഹത്തിലേക്ക്. ഇംഗ്ലണ്ട് മുൻ ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്റെ കുടുംബത്തിലെ പ്രശ്നങ്ങളാണ് സമൂഹമാധ്യമത്തിലെ ചൂടേറിയ ചർച്ചാവിഷയം. സമൂഹമാധ്യമങ്ങളിലെ ഇവരുടെ ഇടപെടലുകൾ തന്നെയാണ് ഇതിനു കാരണവും.
ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയയും ഇരുവരുടെയും മകനായ ബ്രൂക്‌ലിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതാണ് പുതിയ ‘കുടുംബവിശേഷം’. അതല്ല, ബ്രൂക്‌ലിൻ ഇരുവരെയും ബ്ലോക്ക് ചെയ്തതാണെന്നും പറയപ്പെടുന്നു. ദീർഘകാലമായി നിലനിന്നിരുന്ന കുടുംബ കലഹം ‘ഔദ്യോഗികമായി’ തകർച്ചയിലെത്തിയതിന്റെ സൂചനയാണ് ഇതെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം.
മാതാപിതാക്കളും മകനും തമ്മിൽ മാത്രമല്ല, സഹോദരങ്ങൾ തമ്മിലും ഭിന്നതയുള്ളതായാണ് വിവരം. ഇളയ സഹോദരന്മാരായ റോമിയോ, ക്രൂസ് ബെക്കാം എന്നിവരെയും ബ്രൂക്‌ലിൻ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ടുണ്ട്. ബ്രൂക്‌ലിന്റെ ഭാര്യയും അമേരിക്കൻ നടിയുമായ നിക്കോള പെൽറ്റ്സ് ബെക്കാം കുറച്ചുകാലമായി ബെക്കാം കുടുംബാംഗങ്ങളിലെ ആരെയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല.
2022ൽ ബ്രൂക്‌ലിനും നിക്കോളയും തമ്മിലുള്ള ആഡംബര വിവാഹത്തിനു പിന്നാലെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. വിവാഹച്ചടങ്ങുകൾക്കിടെ തന്നെ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ബ്രൂക്‌ലിന്റെ അമ്മയായ വിക്ടോറിയ ഡിസൈൻ ചെയ്ത വസ്ത്രത്തിനു പകരം നിക്കോള മറ്റൊരു ഗൗൺ ധരിച്ചതായിരുന്നു ആദ്യത്തെ ‘തീപ്പൊരി’. വിവാഹാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്ന, മാർക്ക് ആന്റണിയുടെ നൃത്തപരിപാടി വിക്ടോറിയ ഇടപെട്ട് മാറ്റിയതും പ്രശ്നങ്ങൾക്ക് കാരണമായി.
തർക്കം വർധിച്ചതോടെ, ബ്രൂക്‌ലിൻ തന്നെ പേരിൽനിന്ന് ബെക്കാം ഒഴിവാക്കാൻ ഒരുങ്ങുന്നതായും പകരം ‘ബ്രൂക്‌ലിൻ പെൽറ്റ്സ്’ എന്ന് അറിയപ്പെടാൻ ആലോചിക്കുന്നതായും റിപ്പോർട്ടു വന്നു. ഇതൊഴിവാക്കണമെങ്കിൽ, അമ്മ വിക്ടോറിയ ക്ഷമാപണം നടത്തണമെന്ന് ബ്രൂക്‌ലിൻ ആവശ്യപ്പെടതായും വിവരമുണ്ടായിരുന്നു.
സഹോദരൻ റോമിയോയുടെ കാമുകിയായി കിം ടേൺബുൾ എത്തിയതോടെയാണ് കുടുംബ പരിപാടികളിൽനിന്ന് ബ്രൂക്‌ലിൻ പിന്മാറിയതെന്നും പറയപ്പെടുന്നു. കിമ്മും ബ്രൂക്‌ലിനും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ക്രൂസ് ബെക്കാം തള്ളിക്കളഞ്ഞു. ഈ വർഷം മേയിൽ നടന്ന ഡേവിഡ് ബെക്കാമിന്റെ 50–ാം ജന്മദിനാഘോഷത്തിലടക്കം ബ്രൂക്‌ലിനും നിക്കോളയും പങ്കെടുത്തിരുന്നില്ല.
English Summary:








English (US) ·