
രൺദീപ് ഹൂഡയുടെ വിവാഹച്ചിത്രം, രൺദീപ് ഹൂഡ| ഫോട്ടോ: ANI, AFP
തന്റെ വിവാഹത്തിന്റെ രസകരമായ ചടങ്ങുകളെക്കുറിച്ച് മനസുതുറന്ന് ബോളിവുഡ് നടൻ രൺദീപ് ഹൂഡ. 2023-ൽ ലിൻ ലൈഷ്റാമുമായുള്ള വിവാഹച്ചടങ്ങിനിടെ മൂത്രമൊഴിക്കാൻ ഒരു പാത്രവും ഒപ്പം ഒരു കുടയും നൽകിയെന്ന് അദ്ദേഹം മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മണിപ്പുരിൽ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കേയായിരുന്നു തന്റെ വിവാഹം. ആഭ്യന്തരയുദ്ധം പോലൊരു സാഹചര്യത്തിലാണ് വിവാഹിതനായതെന്നും രൺദീപ് ഹൂഡ പറഞ്ഞു. മണിപ്പുർ സ്വദേശിനിയാണ് ലിൻ ലൈഷ്റാം.
മണിപ്പൂരിൽ പ്രശ്‌നങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവാഹം കഴിക്കാൻ ആലോചിച്ചതുകൊണ്ട് തൻ്റെ വിവാഹം തന്നെ ഒരു വലിയ നാടകമായിരുന്നുവെന്ന് രൺദീപ് ഹൂഡ പറഞ്ഞു. എങ്കിലും മണിപ്പുരിൽവെച്ചുതന്നെ വിവാഹിതനാകണമെന്നായിരുന്നു തൻ്റെ നിർബന്ധം. പെൺകുട്ടിയുടെ വീട്ടിൽപ്പോയി വിവാഹം കഴിച്ചില്ലെങ്കിൽ പിന്നെന്ത് വിവാഹമെന്ന് അദ്ദേഹം തമാശയായി ചോദിച്ചു. അസം റൈഫിൾസിൽ ബ്രിഗേഡിയറായിരുന്ന ഒരു സുഹൃത്ത് തന്നെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'ഞാനവനെ വിളിച്ചപ്പോൾ വരൂ, ഞാൻ നിങ്ങളെ വിവാഹം കഴിപ്പിക്കാം എന്നാണ് സുഹൃത്ത് പറഞ്ഞത്. അങ്ങനെ 10-12 പേർ ഞങ്ങൾ അങ്ങോട്ട് പോയി. അതുവരെ ഞങ്ങൾ അവിടെ പോയിരുന്നില്ല. അവരുടെ ചടങ്ങുകളെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. വിവാഹച്ചടങ്ങുകളെക്കുറിച്ച് ചില വീഡിയോകൾ പ്രതിശ്രുതവധുവായിരുന്ന ലിൻ മുൻപ് കാണിച്ചിരുന്നെങ്കിലും സവർക്കർ എന്ന ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്നതിനാൽ അവയൊന്നും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.' രൺദീപ് പറഞ്ഞു.
വധൂഗൃഹത്തിലെത്തിയപ്പോൾ ശുദ്ധമായ സസ്യാഹാരം കഴിച്ചതും വിവാഹത്തിന് മുമ്പ് അവരുടെ എല്ലാ ദൈവങ്ങളെയും ആരാധിച്ചതും അദ്ദേഹം ഓർത്തെടുത്തു. താനവരെ ഒരു വിവാഹത്തിനാണോ അതോ ഒരു പുണ്യ തീർത്ഥാടനത്തിനാണോ കൊണ്ടുവന്നതെന്ന് സുഹൃത്തുക്കൾ തമാശയായി ചോദിച്ചെന്നും രൺദീപ് പറഞ്ഞു. ചടങ്ങിനിടെ താൻ എങ്ങനെയാണ് മാന്യമായി പെരുമാറേണ്ടിയിരുന്നത് എന്നതിനെക്കുറിച്ചും ഒരു പാത്രം ഉപയോഗിക്കേണ്ടി വന്ന സംഭവത്തെക്കുറിച്ചും രൺദീപ് സംസാരിച്ചു.
'എൻ്റെ കൂടെ ഒരു സഹായിയുണ്ടായിരുന്നു, ഒരു ട്യൂട്ടറെപ്പോലെ. വരൻ തലയിൽ കിരീടം വെച്ചുകഴിഞ്ഞാൽ പിന്നെ തല ചരിക്കാൻ പാടില്ല. ചടങ്ങിലേക്ക് പോകുമ്പോൾ അവർ ഒരു പാത്രവും കുടയും തരും. എന്നിട്ട് എല്ലാവരും വന്ന് നോക്കുന്ന ഒരിടത്ത് കൊണ്ടുപോയി ഇരുത്തും, അവിടെ വളരെ മാന്യമായി ഇരിക്കണം. ആ പാത്രം എന്തിനാണെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു, മൂത്രമൊഴിക്കാൻ തോന്നിയാൽ കുട നിവർത്തി അവിടെ വെച്ചുതന്നെ ഒഴിക്കാമെന്ന് അവിടെ നിന്ന് മാറാൻ പാടില്ല കാരണം വരനെ ദൈവത്തെപ്പോലെയാണവർ കാണുന്നത്.'
ഹരിയാൻവി സംസ്കാരം പരുക്കനാണ്, എന്നാൽ അവരത് വളരെ ചിട്ടയായും മനോഹരമായുമാണ് അത് പാലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സണ്ണി ഡിയോൾ നായകനായെത്തിയ ജാട്ട് എന്ന ചിത്രത്തിലാണ് രൺദീപ് ഹൂഡ ഒടുവിൽ വേഷമിട്ടത്. ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രമായിരുന്നു രൺദീപ്.
Content Highlights: Randeep Hooda describes his unconventional wedding successful Manipur, including a `civil war` backdrop
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·