കൊൽക്കത്ത∙ മുൻ ഭാര്യ ഹസിൻ ജഹാനെതിരായ വിവാഹമോചന കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കനത്ത തിരിച്ചടി. ഹസിൻ ജഹാനും മകൾക്കുമായി മുഹമ്മദ് ഷമി പ്രതിമാസം 4 ലക്ഷം രൂപ വീതം ജീവനാംശമായി നൽകണമെന്ന് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. ഇതിൽ 1.5 ലക്ഷം രൂപ മുൻ ഭാര്യ ഹസിൻ ജഹാനും, 2.5 ലക്ഷം രൂപ മകൾക്കുമാണെന്ന് കോടതി വ്യക്തമാക്കി. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഷമിക്ക് കനത്ത തിരിച്ചടിയാകുന്ന വിധി വന്നിരിക്കുന്നത്.
നേരത്തെ, ഹസിൻ ജഹാനും മകൾക്കുമായി 1.3 ലക്ഷം രൂപ പ്രതിമാസം ജീവനാംശം നൽകണമെന്ന് ഹസിൻ ജഹാൻ നൽകിയ പരാതിയിൽ കൊൽക്കത്തയിലെ ആലിപ്പോർ കോടതി വിധിച്ചിരുന്നു. 50,000 രൂപ ഹസിൻ ജഹാനും 80,000 രൂപ മകൾക്കും എന്നായിരുന്നു വിധി. ഇതിനെതിരെ ഹസിൻ ജഹാൻ നൽകിയ അപ്പീലിലാണ്, ജീവനാംശം കുത്തനെ വർധിപ്പിച്ചുകൊണ്ടുള്ള കൽക്കട്ട ഹൈക്കോടതിയുടെ വിധി.
നേരത്തെ, പ്രതിമാസം 10 ലക്ഷം രൂപ വീതം ജീവനാംശം ആവശ്യപ്പെട്ടാണ് ഹസിൻ ജഹാൻ കോടതിയെ സമീപിച്ചത്. തനിക്ക് 7 ലക്ഷം രൂപയും മകൾക്ക് 3 ലക്ഷം രൂപയും വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഈ ആവശ്യം തള്ളിയാണ് കീഴ്ക്കോടതി ഹസിൻ ജഹാന് 50,000 രൂപയും മകൾക്ക് 80,000 രൂപയും നൽകാൻ ഉത്തരവിട്ടത്.
ഇന്ത്യൻ ദേശീയ ടീമിൽ അംഗമായ മുഹമ്മദ് ഷമിക്ക് സാമ്പത്തിക ഭദ്രതയുണ്ടെന്നും ഉയർന്ന തുക മുൻ ഭാര്യയ്ക്കും മകൾക്കും ജീവനാംശമായി നൽകാൻ കെൽപ്പുണ്ടെന്നും ഹസിൻ ജഹാന്റെ അഭിഭാഷകൻ വാദിച്ചു. 2021 സാമ്പത്തിക വർഷം സമർപ്പിച്ച നികുതി റിട്ടേണുകൾ പ്രകാരം ഷമിയുടെ വാർഷിക വരുമാനം ഏതാണ്ട് 7.19 കോടി രൂപയായിരുന്നു. അതായത് പ്രതിമാസം 60 ലക്ഷം രൂപയ്ക്കു മുകളിൽ. ഈ സാഹചര്യത്തിൽ കൂടുതൽ ഉയർന്ന തുക നൽകാൻ ഷമിക്ക് കഴിയുമെന്നായിരുന്നു വാദം.
തനിക്കും മകൾക്കും പ്രതിമാസം ആറു ലക്ഷത്തിലധികം രൂപ ചെലവുണ്ടെന്നും ഹസിൻ ജഹാൻ കോടതിയിൽ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ്, കീഴ്ക്കോടതി വിധിച്ച ജീവനാംശ തുക കൽക്കത്ത ഹൈക്കോടതി കുത്തനെ ഉയർത്തിയത്. മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റുമായി മുഹമ്മദ് ഷമിക്ക് സ്വന്തം ഇഷ്ടപ്രകാരം കൂടുതൽ പണം നൽകാവുന്നതാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഏതു സാഹചര്യത്തിലാണ് കീഴ്ക്കോടതി ഇത്രയും കുറഞ്ഞ തുക ജീവനാംശമായി നിശ്ചയിച്ചതെന്ന് വ്യക്തമല്ലെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. മുഹമ്മദ് ഷമിയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചും, വിവാഹമോചനത്തിനു ശേഷം ഹസിൻ ജഹാൻ വേറെ വിവാഹം കഴിക്കാതെ മകൾക്കൊപ്പം ജീവിക്കുന്നു എന്നതു പരിഗണിച്ചുമാണ് ജീവനാംശ തുക വർധിപ്പിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
മോഡലും ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചിയർലീഡറുമായിരുന്ന ഹസിൻ ജഹാനെ, 2014ലാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. തൊട്ടടുത്ത വർഷം ഇരുവർക്കും മകൾ ജനിച്ചു. എന്നാൽ, 2018ൽ മുഹമ്മദ് ഷമിക്കെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഹസിൻ ജഹാൻ രംഗത്തെത്തിയതോടെയാണ് വിവാഹബന്ധം തകർന്നത്. ഇതിനു പുറമേ ഷമിക്കെതിരെ വാതുവയ്പ് ആരോപണവും ഉന്നയിച്ചതോടെ പ്രശ്നം രൂക്ഷമായി. തനിക്കും മകൾക്കും ഷമി ചെലവിനു തരുന്നില്ലെന്നും ഹസിൻ ജഹാൻ ആരോപിച്ചിരുന്നു.
2023ൽ ദീർഘനാളുകൾക്കുശേഷം മകളെ കണ്ടുമുട്ടിയ കാര്യം വൈകാരികമായ കുറിപ്പും വിഡിയോയും സഹിതം മുഹമ്മദ് ഷമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഒട്ടേറെപ്പേരാണ് ഈ പോസ്റ്റ് പങ്കുവച്ചത്. എന്നാൽ, മകൾക്കൊപ്പമുള്ള ഷമിയുടെ ദൃശ്യങ്ങൾ ആളുകളെ പറ്റിക്കുന്നതിനുള്ള വെറും ‘ഷോ’ മാത്രമാണെന്നായിരുന്നു ഹസിൻ ജഹാന്റെ പ്രതികരണം. മകളുടെ പാസ്പോർട്ടിന്റെ കാലാവധി തീർന്നതിനാൽ പുതുക്കുന്നതിന് ഷമിയുടെ ഒപ്പ് വേണമായിരുന്നുവെന്നും അതിനായാണ് മകൾ പോയതെന്നുമായിരുന്നു ഹസിൻ ജഹാന്റെ വിശദീകരണം.
English Summary:








English (US) ·