Published: August 01 , 2025 05:51 PM IST
1 minute Read
മുംബൈ∙ നർത്തകിയും നടിയുമായ ധനശ്രീ വർമയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിലും, സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസർ ആർ.ജെ. മഹ്‍വാഷുമായുള്ള ഡേറ്റിങ് അഭ്യൂഹങ്ങളിലും ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ വ്യക്തത വരുത്തിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. രാജ് ഷമാനിയുമായി അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിലാണ് ചെഹൽ തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ വ്യക്തത വരുത്തിയത്. ധനശ്രീ വർമയെ താൻ ചതിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് ചെഹൽ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, പ്രസ്തുത സംഭാഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നത്.
ബന്ധം പിരിഞ്ഞത് ഇപ്പോഴാണെങ്കിലും, തങ്ങൾക്കിടയിൽ നേരത്തേ മുതൽ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് ചെഹലിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം പുറത്തറിയാതിരിക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നതായും ചെഹൽ വെളിപ്പെടുത്തി.
‘‘വിവാഹമോചനത്തിനു ശേഷം മാസങ്ങളോളം ഞാൻ കടുത്ത വിഷാദത്തിലായിരുന്നു. അന്ന് ഞാൻ അനുഭവിച്ച വേദനയും കടന്നുപോയ ബുദ്ധിമുട്ടുകളും എന്നോട് അടുപ്പമുള്ളവർക്ക് വ്യക്തമായി അറിയാം. മനസ് നിലച്ചുപോയതോടെ എന്റെയുള്ളിൽ ആത്മഹത്യാ ചിന്തകളും തലപൊക്കി. എന്റെ കുടുംബവും മഹ്‌വാഷുമാണ് ഈ ഘട്ടത്തിൽ ഉറച്ച പിന്തുണ നൽകിയും എന്നെ പിടിച്ചുനിർത്തിയതും’ – ചെഹൽ പറഞ്ഞു.
‘‘മനസിനെ പിടിച്ചുനിർത്താനുള്ള പ്രയാസം കാരണം ഞാൻ വിജയ് ഹസാരെ ട്രോഫിയിൽനിന്ന് വിശ്രമം ചോദിച്ചിരുന്നു. എനിക്ക് എന്നും സന്തോഷം തന്നിട്ടുള്ള മേഖലയാണ് ക്രിക്കറ്റ്. അത് ഇപ്പോഴും തുടരുന്നു. അതിൽ എന്തെങ്കിലും താളപ്പിഴ സംഭവിച്ചാൽ എനിക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് അർഥം. അങ്ങനെയാണ് ഞാൻ ക്രിക്കറ്റിൽനിന്ന് ഒരു മാസത്തോളം വിട്ടുനിന്നത്’ – ചെഹൽ പറഞ്ഞു.
‘‘ഞാൻ എന്റെ ജീവിതത്തിൽ ഇന്നോളം ആരെയും ചതിച്ചിട്ടില്ല. ഞാൻ അങ്ങനെയുള്ള ആളുമല്ല. എന്നേപ്പോലെ വിശ്വസ്തത പുലർത്തുന്നവരെ നിങ്ങൾക്ക് അധികം കണ്ടെത്താനാകില്ല.’ – ചെഹൽ പറഞ്ഞു. ഇക്കാര്യത്തിൽ പുറംലോകത്തെ ഒന്നും ബോധ്യപ്പെടുത്താനില്ലെന്നും, തന്നോട് അടുപ്പമുള്ളവർക്ക് വാസ്തവം അറിയാമെന്നും ചെഹൽ പറഞ്ഞു.
സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസർ ആർ.ജെ. മഹ്‍വാഷുമായി ചെഹലിന് അടുപ്പമുണ്ടായതാണ് താരത്തിന്റെ വിവാഹ ബന്ധത്തിൽ തിരിച്ചടിയായതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. 2020ലാണ് യുസ്‍വേന്ദ്ര ചെഹലും ധനശ്രീയും വിവാഹിതരാകുന്നത്. 2025ൽ ഇരുവരും പിരിഞ്ഞു. 2023 ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 മത്സരത്തിലാണ് ചെഹൽ ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ താരമാണ്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലും താരം കളിക്കുന്നുണ്ട്.
English Summary:








English (US) ·