Published: January 18, 2026 09:16 AM IST
1 minute Read
മുംബൈ∙ സമൂഹമാധ്യമങ്ങളിൽ ട്രെൻഡുകൾക്കും വിവാദങ്ങൾക്കും ഒരിക്കലും അന്ത്യമില്ല. ഒന്നിനുപിറകെ ഒന്നായി അതു വന്നുകൊണ്ടേയിരിക്കും. എന്നാൽ പുതുവർഷത്തിൽ തുടങ്ങിയ ഒരു ട്രെൻഡ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ആകെ ചർച്ചാവിഷയമായിരിക്കുകയാണ്. ഇന്ത്യൻ പ്രിമിയർ ലീഗും (ഐപിഎൽ) ആയി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ ആരംഭിച്ച ട്രെൻഡ് വിവാദങ്ങൾക്കു വഴിവയ്ക്കുകയും ചെയ്തു. ‘ഐപിഎൽ പ്ലെയർ എക്സ്പോസ്’ (ഐപിഎൽ താരത്തെ തുറന്നുകാട്ടുക) എന്ന പേരിലാണ് പോസ്റ്റുകളും റീൽസുകളും വൈറലായത്.
‘‘ഒട്ടേറെ പുരുഷന്മാരെ തുറന്നുകാട്ടുന്നു... ഒരു ഐപിഎൽ താരത്തെയും ഞാൻ തുറന്നുകാട്ടണോ?’’ എന്ന വാചകത്തോടെ മോഡലുകളെന്ന് അവകാശപ്പെടുന്ന ചില ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളും റീൽസുകളുമാണ് അതിവേഗം തരംഗമായത്. ചില ഐപിഎൽ താരങ്ങൾക്ക് തങ്ങൾക്ക് മെസേജ് അയയ്ക്കാറുണ്ടെന്നും ഇവ പരസ്യമാക്കുമെന്നുമുള്ള രീതിയിലാണ് ഇവയിൽ മിക്കതും. ഇവയ്ക്കു താഴെ മിനിറ്റുകൾക്കുള്ളിൽ കമന്റുകൾ നിറയും. പല പേരുകളും ഊഹാപോഹങ്ങളിൽ നിറയുകയും പലരുടെയും പേരുകൾ കമന്റായി ഇടുകയും ചെയ്യുന്നു. പലരും സ്ക്രീൻഷോട്ടുകളും ആവശ്യപ്പെടുന്നു.
ട്രെൻഡ് പലരും ഏറ്റുപിടിച്ചതോടെ താരങ്ങളുടെ ചാറ്റുകൾ എന്ന പേരിൽ ചില സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയും ചെയ്തു. ആർസിബി താരങ്ങളായ അഭിഷേക് പോറൽ, സ്വസ്തിക് ചിക്കര, ഇന്ത്യൻ ഓപ്പണറും ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരവുമായ അഭിഷേക് ശർമ എന്നിവരുടേതടക്കം പലരുടെയും പേരിൽ ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവന്നു. എന്നാൽ ഇവയുടെ ആധികാരികത എത്രത്തോളമെന്ന് വ്യക്തമല്ല. ഏറ്റവുമൊടുവിൽ ‘ഒരു ഐപിഎൽ ക്യാപ്റ്റനെ തുറന്നുകാട്ടാം’ എന്ന രീതിയിലും ഇൻഫ്ലുൻസറായ ഒരു യുവതിയുടെ പോസ്റ്റു പ്രത്യക്ഷപ്പെട്ടു. വിവാഹിതനും ഇന്ത്യൻ ടീമിൽ കളിക്കുന്നതുമായ താരം തന്റെ 20–ാം വയസ്സ് മുതൽ മെസേജ് അയക്കുന്നെന്നാണ് പോസ്റ്റ്. ഇതിന്റെ താഴെ ഐപിഎലിലെ പല യുവ ക്യാപ്റ്റന്മാരുടെ പേരുകൾ കമന്റായി നിറഞ്ഞു.
അതുകൊണ്ടുതന്നെ ട്രെൻഡിനെതിരെ വ്യാപക വിമർശനവും ഉയർന്നു. വെറും കണ്ടന്റിനും റീച്ചിനും വേണ്ടി മാത്രമാണ് ഇതെന്നും ആത്മാർഥതയില്ലാതെയാണ് പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്നുമാണ് വിമർശനം. ‘വെളിപ്പെടുത്തും’ എന്ന ഭീഷണി മാത്രമാണ് ഉള്ളതെന്നും അല്ലാതെ തെളിവുകൾ പങ്കുവയ്ക്കുകയോ തുടർനടപടികളോ ആരും സ്വീകരിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മാന്യമായ രീതിയ്ല അയയ്ക്കുന്ന സ്വകാര്യ മെസേജുകൾ എങ്ങനെ തെറ്റാകുമെന്നും ഇവ പരസ്യമാക്കുന്നത് നിയമലംഘനമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രവണതകൾ യഥാർഥ ഇരകൾക്ക് നീതി നിഷേധിക്കപ്പെടാൻ കാരണമാകുമെന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നു. ഇത്തരം ‘വെളിപ്പെടുത്തലുകൾ’ കൊണ്ട് ഇൻസ്റ്റഗ്രാം ഫീഡുകൾ നിറഞ്ഞാൽ യഥാർഥത്തിൽ ആരെങ്കിലും തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ചാലും അതു ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും അല്ലെങ്കിൽ വ്യജമെന്ന് മുദ്രക്കുത്തപ്പെടുമെന്നും ഇവർ പറയുന്നു. എന്തു തന്നെയായാലും എല്ലാ ട്രെൻഡുകളും ഒരിക്കൽ ട്രെൻഡ് ഔട്ടാകുന്നതു പോലും ഇതും അവസാനിക്കുമെന്നാണ് അവകാശവാദം.
English Summary:








English (US) ·