
നിഹാൽ പിള്ളയും അമ്മയും | സ്ക്രീൻഗ്രാബ്
സാമ്പത്തികത്തട്ടിപ്പിന് ഇരയായെന്ന് വെളുപ്പെടുത്തി നടനും വ്ളോഗറുമായ നിഹാൽ പിള്ള. പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരി പ്രിയ മോഹന്റെ ഭർത്താവുകൂടിയാണ് നിഹാൽ. കെട്ടിടം നിർമിക്കാൻ സമീപിച്ച കോൺട്രാക്ടറാണ് തന്നെയും കുടുംബത്തെയും പറ്റിച്ചതെന്ന് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു. വലിയ തുക അഡ്വാൻസായി വാങ്ങിയ ശേഷം കെട്ടിടനിർമാണം പൂർത്തിയാക്കുകയോ പണം തിരികെ തരികയോ ചെയ്തില്ല. വഞ്ചിക്കപ്പെട്ടതിന്റെ വേദനയിൽ മാനസികാഘാതമുണ്ടായി. എട്ടുവർഷമായിട്ടും ആ വഞ്ചനകാരണമുണ്ടായ ട്രോമയിൽനിന്ന് മുക്തനായിട്ടില്ല. അയാളെ ഏറെ വിശ്വസിച്ചിരുന്നു. നമ്മൾ വിശ്വസിക്കുന്നവർ നമ്മളെ ചതിക്കുമ്പോഴാണ് ഏറെ വേദന തോന്നുന്നതെന്നും നിഹാൽ പറഞ്ഞു.
"നമ്മൾ വിശ്വസിക്കുന്നവർ നമ്മളെ ചതിക്കുമ്പോഴാണ് ഏറെ വേദന തോന്നുന്നത്. ഞങ്ങളുടെ ജീവിതത്തിൽ അങ്ങനെയൊരനുഭവമുണ്ടായിട്ടുണ്ട്. അത് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും മോശം സമയമായിരുന്നു. അപ്പ മരിച്ചതിനുശേഷമുള്ള ഏറ്റവും മോശം സമയമായിരുന്നു, എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഈ ലോകത്തുനിന്ന് തന്നെ ഒളിച്ചോടണം എന്ന് ആഗ്രഹിച്ച സമയമായിരുന്നു. എനിക്ക് ആളുടെ പേരു പറയണം എന്നുണ്ടങ്കിലും മറ്റൊരാളെ നാണംകെടുത്താൻ ആഗ്രഹം ഇല്ല. അതുകൊണ്ട് ഞങ്ങളെ പറ്റിച്ച ആളിന്റെ പേര് ഞാൻ പറയുന്നില്ല. ഞങ്ങളുടെ മണ്ടത്തരവും നിഷ്കളങ്കതയും കാരണം ആയിരിക്കാം ഞങ്ങൾക്ക് അങ്ങനെ സംഭവിച്ചത്. പ്രിയ ഗർഭിണിയായിരുന്ന സമയമായിരുന്നു അത്.
2017-ൽ എന്റെ ചേച്ചിക്ക് ഞങ്ങളുടെ വീടിന്റെ മുന്നിൽ ഒരു പ്ലോട്ട് ഉണ്ടായിരുന്നു. എല്ലാത്തിന്റെയും തുടക്കം അതായിരുന്നു. അവിടെ ഒരു കെട്ടിടം പണിയാൻ വേണ്ടി കോൺട്രാക്ടറെ സമീപിച്ചിരുന്നു. അയാൾ ഞങ്ങൾക്ക് കുറഞ്ഞ ഒരു റേറ്റ് ആണ് പറഞ്ഞത്. കെട്ടിടത്തിന്റെ പണി തുടങ്ങി ആദ്യമൊക്കെ നല്ല രീതിയിലായിരുന്നു. അയാൾ വരുന്നത് ഏറ്റവും കൂടിയ ബെൻസ് കാറിൽ ആയിരുന്നു. ഞങ്ങളുടെ പ്രോജക്റ്റൊക്കെ നിസ്സാരം എന്നരീതിയിലാണ് അയാൾ പെരുമാറിയിരുന്നത്. ആറുമാസം ഈ രീതിയിൽ നന്നായി പോയി. ഞാനാണെങ്കിൽ അന്ന് സിനിമയിൽ ക്ലിക്കായിട്ടില്ല. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. വിശ്വാസം തോന്നിയപ്പോൾ അഡ്വാൻസായി 9 ലക്ഷം രൂപ അയാൾക്ക് നൽകി. പ്രിയയുടെ സ്വർണം പണയം വച്ചാണ് ആ പണം കൊടുത്തത്. കമ്പിയിറക്കണം, അതിനൽപ്പം വില കൂടും എന്ന് പറഞ്ഞാണ് അയാൾ പണം വാങ്ങിയത്. പക്ഷേ കമ്പി ഇറക്കിയില്ല.
പണി തുടങ്ങുന്നത് വരെ പണയം വച്ച സ്വർണത്തിന്റെ പലിശ അടയ്ക്കാൻ സഹായിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു. ആദ്യത്തെ മൂന്നോ നാലോ മാസം പലിശ തന്നു. പിന്നെ തന്നില്ല. ബിൽഡിങ്ങിന്റെ പണിയും അയാൾ നിർത്തി. ഇതിനിടയിൽ അയാൾ എന്റെ സഹോദരിയുടെ വീടും പണിതുകൊണ്ടിരിക്കുകയായിരുന്നു. പകുതി ആയപ്പോൾ അതിന്റെ പണിയും അയാൾ നിർത്തി. ഞങ്ങൾക്ക് ആകെ വിഷമം ആയിപോയി. ഞാൻ ഡിപ്രെഷനിൽ ആകുന്ന അവസ്ഥയിലായി. അയാൾ പിന്നീട് പലിശ തരാൻ പറ്റില്ല, പണം തിരിച്ചു തരാം എന്ന് പറഞ്ഞു. ഒരു ചെക്ക് എഴുതി പണി നടക്കുന്ന കെട്ടിടത്തിൽ വച്ചിട്ടുണ്ട്, വീട്ടിൽ വരാൻ പറ്റില്ല എന്ന് പറഞ്ഞു. ഞങ്ങൾ ചെന്ന് ചെക്ക് എടുത്തു നോക്കിയപ്പോൾ അയാളുടെ ഒപ്പില്ല അതിൽ. ഞാൻ തിരിച്ചു വിളിച്ചപ്പോൾ മറന്നുപോയി ഇപ്പൊ വരാം എന്ന് പറഞ്ഞിട്ട് അയാൾ വന്നതേയില്ല. എപ്പോൾ വിളിച്ചാലും അയാൾ കോൾ എടുക്കും. പക്ഷേ ഒന്നും ചെയ്യില്ല. കെട്ടിടത്തിന്റെ പണി നിർത്തിയപ്പോൾ ഞങ്ങൾ എല്ലാം ആകെ വിഷമത്തിലായി. ഇങ്ങനെ ഒരു തട്ടിപ്പ് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല.
അതിനു ശേഷം കോവിഡ് വന്നു. എട്ട് വർഷമായിട്ടും ഇന്നും ആ ട്രോമയുണ്ട്. പ്രിയയ്ക്ക് ആ സമയത്ത് മിസ് ക്യാരേജുണ്ടായി. ഇതിന്റെ സ്ട്രസ് കൊണ്ടായിരിക്കാം. അത്രയും അയാൾ ഉപദ്രവിച്ചിട്ടുണ്ട്. അതൊക്കെ കഴിഞ്ഞാണ് ഞങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഞാൻ യൂട്യൂബ് ചാനലിൽ ഇതിനെപ്പറ്റി ഒരു വിഡിയോ ചെയ്തു. ചാനലിൽ ഈ കാര്യം പറഞ്ഞപ്പോൾ കുറേ പേർ കണ്ടു. ഇയാളുടെ കുടുംബക്കാരും സുഹൃത്തുക്കളുമൊക്കെ ആ വിഡിയോ കണ്ടു. അങ്ങനെ അയാളെന്നെ വിളിച്ചു. അയാളുടെ പേര് പറയരുത് ആ വിഡിയോ അൺലിസ്റ്റ് ചെയ്യാമോ എന്നൊക്കെ ചോദിച്ചു. മുൻപ് ഞങ്ങളെ ഭീഷണിപ്പെടുത്തിയയാൾിവീഡിയോ വന്നതോടെ എന്നോടും അമ്മയോടും അപേക്ഷിക്കുകയായിരുന്നു. അയാൾക്ക് രാഷ്ട്രീയക്കാരും പൊലീസുകാരും ഒക്കെ സുഹൃത്തുക്കളായി ഉണ്ടെന്നു പറഞ്ഞു.
പക്ഷേ എനിക്ക് പേടി ഇല്ലായിരുന്നു എന്റെ കയ്യിൽ തെളിവെല്ലാം ഉണ്ട്. ഇയാൾ കാരണം ഒരുപാട് പേർ പറ്റിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഒരു പള്ളിക്കു വേണ്ടി കെട്ടിടം നിർമ്മിക്കാൻ പോയി പള്ളിക്കാരെ പോലും പറ്റിച്ചു എന്നാണ് അറഞ്ഞത്. ആ സമയത്ത് യൂട്യൂബ് ചാനലുള്ളതിനാൽ ആണ് സാമ്പത്തികമായി ബുദ്ധിമുട്ടില്ലാതെ പോയത്. പണം പോയാലും ഇയാളെ പൊതുമധ്യത്തിൽ കൊണ്ടുവരണം എന്നുണ്ടായിരുന്നു എനിക്ക്. നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോ ഞാൻ പണം തരില്ല എന്ന് പറഞ്ഞിരുന്ന ആൾക്ക് യൂട്യൂബിൽ ഞങ്ങൾക്ക് റീച്ച് ഉണ്ടായതോടെ ഭയമായി. ഇതാണ് സോഷ്യൽ മീഡിയയുടെ ശക്തി. പല പ്രാവശ്യമായി കുറച്ചു പണം തന്നു. ഇപ്പോഴും ബാക്കി പൈസ തരാനുണ്ട്."– നിഹാൽ പിള്ളയുടെ വാക്കുകൾ.
പുതുമുഖങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നിഹാൽ മലയാളസിനിമയിൽ എത്തിയത്. മുംബൈ പോലീസ് എന്ന ചിത്രത്തിലെ നിഹാൽ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Actor and vlogger Nihal Pillai reveals a large fiscal fraud





English (US) ·