Published: April 27 , 2025 04:30 PM IST
1 minute Read
ജയ്പൂർ∙ ഐപിഎൽ 2025 സീസണിന്റെ തുടക്കം മുതൽ തന്നെ ക്യാപ്റ്റന്‍ സഞ്ജു സാംസണ് രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി വിവരം. രാജസ്ഥാന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിട്ടും, ലേലത്തിനു മുൻപ് താരങ്ങളെ നിലനിർത്തിയ തീരുമാനങ്ങളിലടക്കം സഞ്ജുവിന് മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഐപിഎൽ മത്സരത്തിനിടെ പരുക്കേറ്റു പുറത്തായ സഞ്ജു പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയിട്ടില്ല. തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ താരം കളിക്കുമോയെന്നു ടീം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ സീസണുകളിൽ രാജസ്ഥാനെ ഒറ്റയ്ക്കു കളികൾ ജയിപ്പിച്ച ഇംഗ്ലണ്ട് ബാറ്റർ ജോസ് ബട്‍ലർ ടീം വിട്ടതിൽ സഞ്ജു അസ്വസ്ഥനായിരുന്നു. ബട്‍ലറുടെ അനുഭവ സമ്പത്തും ഇന്നിങ്സിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കരുത്തും ടീമിന് ആവശ്യമാണെന്ന നിലപാടിലായിരുന്നു സഞ്ജു. എന്നാൽ സൂപ്പർ താരത്തെ നിലനിർത്താൻ രാജസ്ഥാൻ റോയൽസ് തയാറായില്ല. 2025 സീസണില്‍ ഗുജറാത്ത് ടൈറ്റൻസിൽ കളിക്കുന്ന ബട്‍ലര്‍, തകർപ്പൻ ഫോമിലാണ്. ബട്‍ലറെ വിട്ടുകളഞ്ഞതിൽ സങ്കടമുണ്ടെന്ന് സഞ്ജു മുൻപ് പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.
പവർപ്ലേ ഓവറുകളിൽ രാജസ്ഥാന്റെ വിശ്വസ്തനായിരുന്ന വെറ്ററൻ പേസർ ട്രെന്റ് ബോൾട്ടിനെ വിട്ടുകളയാനും സഞ്ജുവിനു താൽപര്യമുണ്ടായിരുന്നില്ല. ബോൾട്ടിനെ ഉപയോഗിച്ച് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്താനും പവർപ്ലേ ഓവറുകളിലെ റണ്ണൊഴുക്കു തടയാനും കഴിഞ്ഞ സീസണിൽ രാജസ്ഥാനു സാധിച്ചിരുന്നു. ബോൾട്ട് മുംബൈയിൽ ചേർന്നപ്പോൾ, നിലവിലെ സീസണിൽ രാജസ്ഥാന് വിശ്വസിച്ച് പന്തേൽപിക്കാവുന്ന പേസ് ബോളർ ഇല്ല. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്ക് സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
പ്രധാനപ്പെട്ട താരങ്ങളെ നഷ്ടമായിട്ടും ലേലത്തിൽ അവർക്കു പകരക്കാരെ കണ്ടെത്താനും രാജസ്ഥാൻ റോയൽസിനു സാധിച്ചില്ല. ടൂർണമെന്റിൽ ഒൻപതാം സ്ഥാനത്തു നിൽക്കുന്ന രാജസ്ഥാന്, ബാറ്റിങ്ങിൽ ഷിമ്രോണ്‍ ഹെറ്റ്മിയറിനു പകരം വിശ്വസിച്ച് ഇറക്കാൻ മറ്റൊരു വിദേശ ബാറ്ററില്ല. ഒരു ടീമിൽ എട്ട് വിദേശ താരങ്ങളെ വരെ എടുക്കാമായിരുന്നിട്ടും ആറു പേരെ മാത്രമാണ് രാജസ്ഥാൻ ടീമിലുൾപ്പെടുത്തിയത്. ഇതിൽ അഞ്ചും ബോളർമാരാണ്. ടീമിന്റെ തുടർച്ചയായുള്ള തോൽവികൾക്കു പിന്നാലെ ക്യാപ്റ്റൻ സഞ്ജു സാംസണും പരിശീലകൻ രാഹുൽ ദ്രാവിഡും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ടീമിന്റെ ചർച്ചയിൽ പങ്കെടുക്കാതെ മാറിനിൽക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സഞ്ജുവിന്റെ അഭാവത്തിൽ യുവതാരം റിയാൻ പരാഗാണ് രാജസ്ഥാനെ നയിക്കുന്നത്.
English Summary:








English (US) ·