Published: August 16, 2025 12:43 PM IST
1 minute Read
തിരുവനന്തപുരം∙ കാര്യവട്ടത്തെ റണ്ണൊഴുകുന്ന പിച്ചിൽ വരാനിരിക്കുന്ന പൂരത്തിന്റെ വിളംബരമായി, കെസിഎ സെക്രട്ടറി ഇലവനും കെസിഎ പ്രസിഡൻസ് ഇലവനും തമ്മിലുള്ള പോരാട്ടം. കളിയുടെ ആദ്യ ഇന്നിങ്സിൽ രോഹൻ കുന്നുമ്മലായിരുന്നു തിളങ്ങിയതെങ്കിൽ മറുപടി ബാറ്റിങ്ങിൽ വിഷ്ണു വിനോദിന്റെയും സഞ്ജു സാംസന്റെയും ഇന്നിങ്സുകളാണ് കളി മാറ്റിയത്. മഴ മാറി നിന്ന സന്ധ്യയിൽ റൺമഴ പെയ്യിച്ച് കളം നിറയുകയായിരുന്നു ഇരു ടീമിലെയും താരങ്ങൾ.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കെസിഎ പ്രസിഡന്റ്സ് ഇലവൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെടുത്തത്. മറുപടിയിൽ 19.4 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ കെസിഎ സെക്രട്ടറി ഇലവൻ വിജയ റൺസ് കുറിച്ചു. ഒരു വിക്കറ്റിനാണ് സഞ്ജു സാംസൺ നയിച്ച ടീം സച്ചിൻ ബേബിയുടെ ടീമിനെ തോൽപിച്ചത്.
മുൻനിര നിറം മങ്ങിയപ്പോൾ, കെസിഎ പ്രസിഡൻസ് ഇലവന്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത് രോഹൻ കുന്നുമ്മലിന്റെ ഇന്നിങ്സായിരുന്നു. മുഹമ്മദ് അസറുദ്ദീനും സച്ചിൻ ബേബിയും അഹ്മദ് ഇമ്രാനും, അബ്ദുൾ ബാസിദും സച്ചിൻ സുരേഷും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. വലിയൊരു തകർച്ചയുടെ ഘട്ടത്തിൽ നിന്ന് ടീമിനെ കരകയറ്റിയത് രോഹന്റെ ഇന്നിങ്സാണ്. ഒരുവശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും കൂറ്റൻ ഷോട്ടുകളുമായി രോഹൻ റൺ റേറ്റ് താഴാതെ ഇന്നിങ്സ് മുന്നോട്ട് നീക്കി. വെറും 29 പന്തുകളിൽ അഞ്ച് ഫോറും നാല് സിക്സും അടക്കമാണ് രോഹൻ 60 റൺസ് നേടിയത്. കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്റെ ക്യാപ്റ്റനായ രോഹന് കീഴിൽ, കഴിഞ്ഞ തവണ ടീം ഫൈനൽ വരെ മുന്നേറിയിരുന്നു. ആദ്യ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിലൊരാളും രോഹനായിരുന്നു.
മറുപടി ബാറ്റിങ്ങിൽ വിഷ്ണു വിനോദ് നല്‍കിയ തകർപ്പൻ തുടക്കമാണ് കെസിഎ സെക്രട്ടറി ഇലവന്റെ വിജയത്തിൽ നിർണായകമായത്. തുടക്കം മുതൽ കൂറ്റൻ ഷോട്ടുകളുമായി കളം നിറയുകയായിരുന്നു വിഷ്ണു വിനോദ്. 29 പന്തുകളിൽ ഏഴ് ഫോറും അഞ്ച് സിക്സുമടക്കം 69 റൺസാണ് വിഷ്ണു നേടിയത്. കഴിഞ്ഞ കെസിഎൽ സീസണിൽ ഏറ്റവും മികച്ച സ്ട്രൈക് റേറ്റ് വിഷ്ണുവിന്റേതായിരുന്നു. റൺവേട്ടയിൽ ആദ്യ മൂന്ന് സ്ഥാനക്കാരിലൊരാളും വിഷ്ണു ആയിരുന്നു. ഇത്തവണ ഏരീസ് കൊല്ലം സെയിലേഴ്സിന് വേണ്ടിയാണ് വിഷ്ണു കളിക്കാനിറങ്ങുക.
വിഷ്ണു പുറത്തായതോടെ തകർച്ചയിലേക്ക് വഴുതിയ ഇന്നിങ്സിനെ വിജയത്തിലേക്ക് എത്തിച്ചത് സഞ്ജു സാംസന്റെ സമചിത്തതയോടെയുള്ള ബാറ്റിങ്ങാണ്. കൂറ്റൻ ഷോട്ടുകൾ പായിച്ച സഞ്ജു, വിക്കറ്റ് നഷ്ടപ്പെടാതെ ഒരറ്റത്ത് നിലയുറപ്പിച്ചു കളിച്ചു. 36 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 54 റൺസെടുത്ത സഞ്ജു ടീമിനെ വിജയത്തിന്റെ പടിവാതിൽക്കലെത്തിച്ചാണ് മടങ്ങിയത്. ആദ്യ സീസണിൽ കളിക്കാതിരുന്ന സഞ്ജുവാണ് കെസിഎൽ രണ്ടാം സീസണിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്. റെക്കോർഡ് തുകയായ 26.80 ലക്ഷം രൂപയ്ക്കായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കിയത്.
English Summary:








English (US) ·