
\"കുബേര\"യുടെ പോസ്റ്ററുകൾ |ഫോട്ടോ: X
തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം "കുബേര" യുടെ ട്രെയിലർ പുറത്ത്. ജൂൺ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്.
സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്.
വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുക എന്ന സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ തരുന്നത്. പ്രണയം, ആക്ഷൻ, ഡ്രാമ, പ്രതികാരം എന്നിവയെല്ലാം ഉൾപ്പെടുത്തി, അതീവ വൈകാരികമായ കഥാസന്ദർഭങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ചിത്രത്തിന്റെ ഒരു ടീസറും, ഗാനങ്ങളും ഇതിന് മുമ്പ് പുറത്ത് വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
പ്രശസ്ത നടന്മാരായ ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന "കുബേര" ഒരു പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും. ഛായാഗ്രഹണം - നികേത് ബൊമ്മി, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, സംഗീതം - ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ - തൊട്ട ധരണി, പിആർഒ ശബരി.
Content Highlights: Watch the thrilling trailer of Kuberaa, a pan-Indian movie starring Dhanush, Nagarjuna and Rashmika





English (US) ·