'വിസ്മരിക്കപ്പെടാനുള്ള സാധ്യത ഏറ്റെടുക്കുകയാണ്'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

4 months ago 4

aishwarya lekshmi

ഐശ്വര്യ ലക്ഷ്മി | Photo: Instagram/ Aishwarya Lekshmi

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി. സഹായിക്കുമെന്ന് കരുതിയ ഒരുകാര്യം തന്നെ വിഴുങ്ങുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന് നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സിനിമയില്‍ നിലനില്‍ക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ആവശ്യമാണെന്ന് താന്‍ കരുതിയിരുന്നു. എന്നാല്‍ അത് തന്റെ മൗലികമായ ചിന്തകളെ ഇല്ലാതാക്കി. ചെറിയ സന്തോഷങ്ങളെപ്പോലും ബാധിച്ചു. വിസ്മരിക്കപ്പെടാനുള്ള സാധ്യത ഏറ്റെടുത്തുകൊണ്ടാണ് താന്‍ സാമൂഹികമാധ്യമങ്ങളില്‍നിന്ന് പിന്‍വാങ്ങുന്നതെന്നും നടി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ 'സോഷ്യല്‍മീഡിയില്‍ ഇല്ല' എന്ന് ബയോയും മാറ്റി.

ഐശ്വര്യ ലക്ഷ്മി പങ്കുവെച്ച കുറിപ്പിന്റെ പരിഭാഷ:
ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ അത്യാവശ്യമാണെന്ന് ഞാന്‍ വളരേക്കാലമായി വിശ്വസിച്ചിരുന്നു. ഞാന്‍ ജോലിചെയ്യുന്ന ഇന്‍ഡസ്ട്രിയുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, കാലത്തിനൊത്ത് സഞ്ചരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതി.

എന്നാല്‍, നമുക്ക് സഹായമാവുമെന്ന് കരുതിയ ഒന്ന് നേരെ തിരിഞ്ഞ് ഞാന്‍ അതിന് വേണ്ടി എന്ന അവസ്ഥയിലെത്തിച്ചു. എന്റെ ജോലിയും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍നിന്നും എന്റെ ശ്രദ്ധ തിരിച്ചുവിട്ടു. എന്റെ എല്ലാ മൗലിക ചിന്തകളെയും ഇല്ലാതാക്കി, എന്റെ പദസമ്പത്തിനെയും ഭാഷയെയും ബാധിച്ചു. ഒപ്പം മറ്റെല്ലാ ചെറിയ സന്തോഷങ്ങളെയും ആനന്ദമില്ലാത്തതാക്കി മാറ്റി.

ഒരേ അച്ചില്‍ വാര്‍ത്തതില്‍ ഒരാളാകാനും ഒരു സൂപ്പര്‍നെറ്റിന്റെ ഇഷ്ടങ്ങള്‍ക്കും താത്പ്പര്യങ്ങള്‍ക്കും വഴങ്ങാനും ഞാന്‍ വിസമ്മതിക്കുന്നു. ഒരു സ്ത്രീ എന്ന നിലയില്‍, പാകപ്പെടുത്തലുകളെയും നിയന്ത്രണങ്ങളെയും കുറിച്ച് ബോധവതിയാകാന്‍ പോലും എനിക്ക് ഒരുപാട് പരിശീലനം ആവശ്യമായി വന്നിട്ടുണ്ട്. അതിനെ ചെറുക്കാന്‍ അതിലും കഠിനമായി പരിശീലിച്ചു.

കുറച്ച് കാലത്തിന് ശേഷം എനിക്കുണ്ടാകുന്ന ആദ്യത്തെ മൗലികമായ ചിന്തയാണിത്. വിസ്മരിക്കപ്പെടാനുള്ള ഒരു സാധ്യത ഞാന്‍ ഇവിടെ ഏറ്റെടുക്കുകയാണ്, ഇന്നത്തെ കാലത്ത് 'ഗ്രാമില്‍' ഇല്ലെങ്കില്‍ ഓര്‍മയിലും ഇല്ലല്ലോ.

അതുകൊണ്ട്, എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു. അവളെ അവളുടെ തനിമയോടെ നിലനിര്‍ത്തിക്കൊണ്ട്, ഇന്റര്‍നെറ്റില്‍ നിന്ന് പൂര്‍ണ്ണമായി അപ്രത്യക്ഷമാകാന്‍ ഞാന്‍ തിരഞ്ഞെടുക്കുന്നു.

ജീവിതത്തില്‍ കൂടുതല്‍ അര്‍ഥവത്തായ ബന്ധങ്ങളും സിനിമകളും സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ നല്ല സിനിമകള്‍ ചെയ്യുകയാണെങ്കില്‍, എനിക്ക് പഴയ രീതിയില്‍ സ്‌നേഹം തരൂ.

സന്തോഷത്തോടെ നിങ്ങളുടെ,
ഐശ്വര്യ ലക്ഷ്മി.

ഐശ്വര്യ ലക്ഷ്മി പങ്കുവെച്ച കുറിപ്പ്‌

Content Highlights: Aishwarya Lekshmi quits societal media

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article