Published: July 14 , 2025 12:28 PM IST
1 minute Read
കിങ്സ്റ്റൻ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിലും ഓസ്ട്രേലിയയ്ക്കു ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി നിർത്തുമ്പോൾ 29 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ് സന്ദർശകർ. കാമറോൺ ഗ്രീൻ (42), പാറ്റ് കമിൻസ് (5) എന്നിവർ ക്രീസിൽ. നാലു വിക്കറ്റ് കയ്യിലിരിക്കെ ഓസീസിന് ആകെ 181 റൺസ് ലീഡായി.
മൂന്നു വിക്കറ്റ് വീഴ്ത്തിയ അൽസാരി ജോസഫ്, രണ്ടു വിക്കറ്റെടുത്ത ഷമാർ ജോസഫ് എന്നിവർ ചേർന്നാണ് രണ്ടാം ഇന്നിങ്സിൽ ഓസീസിനെ തകർത്തത്. ജസ്റ്റിൻ ഗ്രീവ്സ് ഒരു വിക്കറ്റെടുത്തു. ഗ്രീനിനു പുറമേ ഓസീസ് നിരയിൽ രണ്ടക്കത്തിലെത്തിയത് ഓപ്പണർ ഉസ്മാൻ ഖവാജ (14), ട്രാവിസ് ഹെഡ് (16), ബ്യൂ വെബ്സ്റ്റർ (13) എന്നിവർ മാത്രം.
ഒന്നാം ഇന്നിങ്സിൽ 225ന് പുറത്തായ ഓസീസ്, വിൻഡീസിനെ 143 റൺസിന് എറിഞ്ഞിട്ട് ശക്തമായി തിരിച്ചടിച്ചിരുന്നു. 52.1 ഓവറിലാണ് വിൻഡീസ് 143 റൺസെടുത്തത്. 36 റൺസെടുത്ത ജോൺ കാംബലായിരുന്നു അവരുടെ ടോപ് സ്കോറർ. ഓസീസിനായി സ്കോട് ബോളണ്ട് മൂന്നും ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമിൻസ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, 68 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയെ അഭിമുഖീകരിച്ച ശേഷമാണ് ഓസീസ് ഒന്നാം ഇന്നിങ്സിൽ 225നു പുറത്തായത്. സ്റ്റീവ് സ്മിത്ത് 48 റൺസെടുത്തു. ഷമാർ ജോസഫ് 33 റൺസ് വഴങ്ങി 4 വിക്കറ്റെടുത്തു. ഓസീസ് ഫാസ്റ്റ് ബോളർ മിച്ചൽ സ്റ്റാർക്കിന്റെ 100–ാം ടെസ്റ്റാണിത്.
English Summary:








English (US) ·