Published: August 13, 2025 09:33 AM IST Updated: August 13, 2025 09:42 AM IST
1 minute Read
ട്രിനിഡാഡ്∙ ആദ്യം വിൻഡീസ് മണ്ണിലെ ട്വന്റി20 പരമ്പരയിൽ 2–1ന്റെ വിജയം, പിന്നാലെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ഏകദിന പരമ്പരയിലും വിജയത്തുടക്കം... അതുവരെ എല്ലാം ശുഭം. അതിനുശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം അസ്ഥിരതയുടെ പര്യായമായ ‘യഥാർഥ’ പാക്കിസ്ഥാനായി. രണ്ടാം ഏകദിനത്തിൽ 2 വിക്കറ്റിന്റെ നേരിയ തോൽവിയോടെ പരമ്പരയിലെ മുൻതൂക്കം കൈവിട്ട പാക്കിസ്ഥാന്, എല്ലാറ്റിനുമൊടുവിൽ ആന്റി ക്ലൈമാക്സ് പോലെ അവസാന ഏകദിനത്തിൽ 202 റൺസിന്റെ കൂറ്റൻ തോൽവി. ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് വിൻഡീസ് പാക്കിസ്ഥാനെതിരെ കൂറ്റൻ വിജയത്തോടെ പരമ്പര സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത വിൻഡീസ് നിശ്ചിത 50 ഓളറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 294 റൺസ്. മറുപടി ബാറ്റിങ്ങിൽ കൂട്ടത്തോടെ തകർന്നടിഞ്ഞ പാക്കിസ്ഥാൻ, ട്വന്റി20 ഫോർമാറ്റിനേപ്പോലും നാണിപ്പിക്കുന്ന പ്രകടനത്തോടെ 29.2 ഓവറിൽ വെറും 92 റൺസിൽ ഒതുങ്ങി. ഇതോടെ വിൻഡീസ് സ്വന്തമാക്കിയത് 202 റൺസിന്റെ കൂറ്റൻ വിജയം. 1988നു ശേഷം ഇതാദ്യമായാണ് വിൻഡീസ് സ്വന്തം നാട്ടിൽ പാക്കിസ്ഥാനെതിരെ ദ്വിരാഷ്ട്ര ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ഏതു വേദികളിലുമായി പാക്കിസ്ഥാനെതിരെ ഏകദിന പരമ്പര സ്വന്തമാക്കുന്നത് 1991നുശേഷം ആദ്യവും.
രണ്ടു പേർ ഗോൾഡൻ ഡക്കും (ആദ്യ പന്തിൽ പുറത്ത്) മൂന്നു പേർ ഡക്കുമായ പാക്കിസ്ഥാൻ ഇന്നിങ്സിൽ, രണ്ടക്കത്തിലെത്തിയത് മൂന്നു പേർ മാത്രം. 49 പന്തിൽ മൂന്നു ഫോറുകൾ സഹിതം 30 റൺസെടുത്ത സൽമാൻ ആഗയാണ് അവരുടെ ടോപ് സ്കോറർ. മുഹമ്മദ് നവാസ് 29 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 23 റൺസുമായി പുറത്താകാതെ നിന്നു. 40 പന്തിൽ 13 റൺസെടുത്ത ഹസൻ നവാസാണ് രണ്ടക്കത്തിലെത്തിയ മൂന്നാമൻ.
ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് റിസ്‌വാൻ, അബ്രാർ അഹമ്മദ് എന്നിവരാണ് പാക്ക് നിരയിൽ ഗോൾഡൻ ഡക്കായത്. ഓപ്പണർമാരായ സയിം അയൂബ്, അബ്ദുല്ല ഷഫീഖ്, ഹസൻ അലി എന്നിവർ ഡക്കായി. സൂപ്പർതാരം ബാബർ അസം 23 പന്തിൽ ഒരു ഫോർ സഹിതം ഒൻപതു റൺസെടുത്ത് പുറത്തായി. 7.2 ഓവറിൽ 18 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത ജയ്ഡൻ സീൽസിന്റെ പ്രകടനമാണ് വിൻഡീസിന് കരുത്തായത്. ഗുദാകേശ് മോത്തി രണ്ടും റോസ്റ്റൺ ചേസ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, അപരാജിത സെഞ്ചറിയുമായി മുന്നിൽനിന്ന് പടനയിച്ച ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ ഇന്നിങ്സാണ് വിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഷായ് ഹോപ്പ് 94 പന്തിൽ 10 ഫോറും അഞ്ച് സിക്സും സഹിതം 120 റൺസുമായി പുറത്താകാതെ നിന്നു. റോസ്റ്റൺ ചേസ് (29 പന്തിൽ 36), ജസ്റ്റിൻ ഗ്രീവ്സ് (24 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 43) എന്നിവരും തിളങ്ങി. ഓപ്പണർ എവിൻ ലെവിസ് (54 പന്തിൽ 37), കീസി കാർട്ടി (45 പന്തിൽ 17), ഷെർഫെയ്ൻ റുഥർഫോർഡ് (40 പന്തിൽ 15) എന്നിവരും തിളങ്ങി. പാക്കിസ്ഥാനായി നസീം ഷാ, അബ്രാർ അഹമ്മദ് എന്നിവർ രണ്ടും സയിം അയൂബ്, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
English Summary:








English (US) ·