വിൻഡീസിന് ഇനി ‘ആയുസ്സ്’ ആറു വിക്കറ്റ് മാത്രം, ഇന്ത്യൻ റൺമലയ്ക്ക് 378 റൺസ് അകലെ; പ്രതീക്ഷയായി ‘ഹോപ്’; ജ‍‍‍‌‍ഡേജയ്ക്ക് 3 വിക്കറ്റ്

3 months ago 3

ന്യൂഡൽഹി ∙ പരമാവധി പിടിച്ചുനിൽക്കുക, വിൻഡീസിനു മുന്നിലുള്ള ഏക മാർഗം അതാണ്. ഇന്ത്യ ഉയർത്തിയ റൺമല കീഴടക്കിയില്ലെങ്കിലും സാധിക്കുന്ന അത്രയും കയറുക. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ 4ന് 140 എന്ന നിലയിലാണ് വെസ്റ്റിൻഡീസ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറിനെക്കാൾ 378 റൺസ് പിന്നിലാണ് ഇപ്പോഴും അവർ.

ഷായ് ഹോപ് (46 പന്തിൽ 31*), ടെവിൻ ഇംലാച് (31 പന്തിൽ 14*) എന്നിവരാണ് ക്രീസിൽ. ജോൺ ക്യാംപ്‌ബെൽ (10), ടാഗെനറൈൻ ചന്ദ്രപോൾ (34), അലിക്ക് അത്തനാസെ (41), ക്യാപ്റ്റൻ റോസ്റ്റൺ ചേസ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിനു നഷ്ടമായത്. രവീന്ദ്ര ജ‍ഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവിനാണ് ഒരു വിക്കറ്റ്. ഇന്ത്യയുടെ ലീഡ് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാകും മൂന്നാം ദിനം വിൻഡീസ് ബാറ്റിങ്ങിന് ഇറങ്ങുക.

∙ ഇന്ത്യ ‘അഞ്ഞൂറാൻ’!

ആദ്യ ഇന്നിങ്സിൽ 518 റൺസിനു ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യയുടെ 5 വിക്കറ്റുകൾ മാത്രമാണ് വിൻഡീസിനു വീഴ്ത്താനായത്. രണ്ടാം ദിനം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ (196 പന്തിൽ 129*) സെഞ്ചറിയാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചത്. 177 പന്തിലാണ് ടെസ്റ്റ് കരിയറിലെ പത്താം സെഞ്ചറി ഗിൽ നേടിയത്. രണ്ടു സിക്സും 16 ഫോറുമാണ് ഗില്ലിന്റെ ബാറ്റിൽനിന്നു പിറന്നത്. മൂന്നു വിക്കറ്റുകളാണ് രണ്ടാം ദിനം ഇന്ത്യയ്ക്കു നഷ്ടമായത്.

രണ്ടാം ദിനത്തെ രണ്ടാം ഓവറിൽ തന്നെ, ഇരട്ടസെഞ്ചറിയിലേക്ക് കുതിച്ച യശ്വസി ജയ്‌സ്വാൾ (258 പന്തിൽ 175) റണ്ണൗട്ടായത് ഇന്ത്യയ്ക്കു നിർഭാഗ്യമായി. ജയ്ഡൻ സീൽസ് എറിഞ്ഞ പന്തിൽ അതിവേഗ സിംഗിളിനായി ഓടിയ ജയ്‌സ്വാളിനെ മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റൻ ശുഭ്‍‌മാൻ ഗിൽ തിരിച്ചയച്ചു. പിച്ചിന്റെ പകുതി വരെയെത്തിയ ജയ്‌സ്വാൾ തിരിഞ്ഞോടിയെങ്കിലും ക്രീസിലെത്തും മുൻപ് ചന്ദ്രപോളിന്റെ ത്രോയിൽ കീപ്പർ ടെവിൻ ഇംലാച്, ജയ്‌സ്വാളിനെ പുറത്താക്കുകയായിരുന്നു.

വെസ്റ്റിൻഡീസിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (PTI Photo/Shahbaz Khan)

വെസ്റ്റിൻഡീസിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (PTI Photo/Shahbaz Khan)

പിന്നീടെത്തിയത്, അഞ്ചാമനായി സ്ഥാനം കയറ്റം ലഭിച്ച നിതീഷ് കുമാർ റെഡ്ഡിയാണ് (54 പന്തിൽ 43). ഏകദിന ശൈലിയിൽ ബാറ്റു വീശിയ റെഡ്ഡി, രണ്ടു സിക്സും നാലും ഫോറുമടിച്ചു. ജോമൽ വാരികാന്റെ പന്തിൽ ജയ്ഡൻ സീൽസ് റെഡ്ഡിയെ കയ്യിലൊതുക്കുകായിരുന്നു. ആറാമനായി എത്തിയ ധ്രുവ് ജുറേലും ഗില്ലിനു ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ 500 കടന്നു. 79 പന്തിൽ 44 റൺസെടുത്ത ജുറേൽ പുറത്തായതോടെ, ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

∙ ഒന്നാ ദിനം ‘ജയ്’ സ്വാൾ

ആദ്യ ടെസ്റ്റിൽ നല്ല തുടക്കം ലഭിച്ചിട്ടും മികച്ച സ്കോർ നേടാൻ സാധിക്കാതിരുന്നതിന്റെ നിരാശ രണ്ടാം ടെസ്റ്റിൽ ആഘോഷമായിത്തന്നെ ജയ്സ്വാൾ തീർത്തു. ഇതോടെ ഒന്നാം ദിനം, 2ന് 318 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. സെ‍ഞ്ചറിക്കരിക്കെ വീണ സായ് സുദർശനും (87) ഒന്നാം ദിനം ഇന്ത്യയ്ക്കായി തിളങ്ങി. പിച്ച് ബാറ്റിങ് പറുദീസയാകുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നതിനാൽ ടോസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ടാമതൊന്നു ചിന്തിക്കാതെ ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാ‍ൽ, ആദ്യ ഓവറുകളിൽ വിൻഡീസ് പേസർമാരുടെ ആധിപത്യമാണ് പിച്ചിൽ കണ്ടത്.

പേസും സ്വിങ്ങുമായി ജയ്ഡൻ സീൽസും ആൻഡേഴ്സൻ ഫിലിപ്പും കളംപിടിച്ചതോടെ ഇന്ത്യൻ ഓപ്പണർമാർ പ്രതിരോധത്തിലായി. കരുതലോടെ തുടങ്ങിയ ജയ്സ്വാളും കെ.എൽ.രാഹുലും (38) ഒന്നാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്ത് ടീമിന്റെ അടിത്തറ ഭദ്രമാക്കി. പിന്നാലെ രാഹുലിനെ പുറത്താക്കിയ സ്പിന്നർ ജോമൽ വാരികാനാണ് വിൻഡീസിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. രാഹുൽ മടങ്ങിയെങ്കിലും മൂന്നാമനായി എത്തിയ സായ് സുദർശനെ കൂട്ടുപിടിച്ച ജയ്സ്വാൾ ആദ്യ സെഷനിൽ ഇന്ത്യയെ 28 ഓവറിൽ ഒന്നിന് 94 എന്ന നിലയിൽ എത്തിച്ചു.

ഇന്ത്യൻ ബാറ്റർമാരുടെ ആധിപത്യമായിരുന്നു രണ്ടാം സെഷനിൽ കണ്ടത്. ജയ്സ്വാൾ പേസർമാർക്കെതിരെ കട്ട് ഷോട്ടും ഫ്ലിക്കുകളുമായി കളം നിറഞ്ഞപ്പോൾ സ്പിന്നർമാരെ ബാക്ക് ഫൂട്ട് പ‍ഞ്ചുകളും ഡ്രൈവ് ഷോട്ടുകളുമായാണ് സായ് നേരിട്ടത്. രണ്ടാം വിക്കറ്റിൽ 193 റൺസ് കൂട്ടിച്ചേ‍ർത്ത സഖ്യം ഇന്ത്യൻ സ്കോറിങ്ങിന് വേഗം കൂട്ടി. ഇതിനിടെ ജയ്സ്വാൾ തന്റെ ഏഴാം ടെസ്റ്റ് സെ‍‍ഞ്ചറിയും സായ് തന്റെ രണ്ടാം ടെസ്റ്റ് അർധ സെ‍ഞ്ചറിയും കുറിച്ചു. കന്നി സെ‍ഞ്ചറിയിലേക്കു കുതിച്ച സായിയെ പുറത്താക്കിയ വാരികാൻ വിൻഡീസിനു വീണ്ടും പ്രതീക്ഷ നൽകി.

അപ്പോഴും അനായാസം റൺസ് കണ്ടെത്തിക്കൊണ്ടിരുന്ന ജയ്സ്വാൾ, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം ഇന്ത്യൻ സ്കോറിങ് മുന്നോട്ടുനയിച്ചു. സ്ലോഗ് സ്വീപ്പുകളിലൂടെ സ്കോറിങ് ഉയർത്തിയ ഗിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ 300 കടക്കുമെന്ന് ഉറപ്പാക്കി. വിൻഡീസ് നിരയിൽ വാരികാൻ ഒഴികെ മറ്റാർക്കും പിച്ചിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല.

English Summary:

India vs West Indies, 2nd Test- Day 2 Match Updates

Read Entire Article