ഗയാന∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സ്വന്തം മണ്ണിൽ 27 റൺസിന് ഓൾഔട്ടായി നാണംകെട്ടതിനു പിന്നാലെ, ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി20 ലീഗുകളെയും ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന ടീമുകളെയും പഴിച്ച് മുൻ താരങ്ങൾ. വിൻഡീസിന്റെ ഇതിഹാസ താരം ബ്രയാൻ ലാറ, മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ് തുടങ്ങിയവരാണ് ഇന്ത്യയെയും ഇന്ത്യൻ പ്രിമിയർ ലീഗിനെയും ഉൾപ്പെടെ പഴിച്ച് രംഗത്തെത്തിയത്. നിലവിൽ വിൻഡീസ് താരങ്ങൾ ദേശീയ ടീമിനെ ഉപയോഗപ്പെടുത്തുന്നത് ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി20 ലീഗുകളിലേക്ക് അവസരം കിട്ടാനാണെന്നും, ഇന്ത്യയും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടും ഉൾപ്പെടെയുള്ള പ്രധാന ടീമുകളാണ് എല്ലാ പണവും കൊണ്ടുപോകുന്നതെന്നും ഇവർ വിമർശിച്ചു.
ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയിലുടനീളം കാര്യമായ പോരാട്ടം കാഴ്ചവയ്ക്കാൻ പോലും സാധിക്കാതെ ഉഴറിയ വിൻഡീസ് ടീം, മൂന്നു മത്സരങ്ങളും തോറ്റ് സമ്പൂർണ തോൽവി വഴങ്ങിയിരുന്നു. ഇതേത്തുടർന്ന് തോൽവിയുടെ കാരണങ്ങൾ വിലയിരുത്തുന്നതിനായി ക്രിക്കറ്റ് വെസ്റ്റിൻഡീസ് ടീമിന്റെ അടിയന്തര യോഗം വിളിച്ചു. ബ്രയാൻ ലാറയും വിവിയൻ റിച്ചാഡ്സും ഉൾപ്പെടെയുള്ള മുൻ താരങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചു. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ടീമിൽ അഴിച്ചുപണി വേണമെന്നും ഉത്തരവാദികളെ ടീമിൽനിന്ന് പുറത്താക്കണമെന്നും മുൻ ക്യാപ്റ്റൻ കാൾ ഹൂപ്പർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.
‘സ്റ്റിക് ടു ക്രിക്കറ്റ്’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ്, ലാറയും ഡേവിഡ് ലോയ്ഡും ഇന്ത്യയെയും ഇന്ത്യൻ പ്രിമിയർ ലീഗിനെയും ഉൾപ്പെടെ കുറ്റപ്പെടുത്തിയത്. ‘‘വെസ്റ്റിൻഡീസ് ദേശീയ ടീമിൽ ഇടം കിട്ടുന്നതിനായി ഞങ്ങളെല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ശ്രദ്ധിച്ചിരുന്നു. ഞങ്ങളിൽ ചിലർ അതിനായി കൗണ്ടി ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സാഹചര്യം മാറി. വെസ്റ്റിൻഡീസ് ടീമിൽ കളിക്കുന്നതിനെ വിവിധ ട്വന്റി20 ലീഗുകളിലേക്കുള്ള അവസരമായാണ് ഇപ്പോൾ താരങ്ങൾ കാണുന്നത്. അത് കളിക്കാരുടെ കുറ്റമാണെന്ന് ഞാൻ പറയുന്നില്ല’ – ബ്രയാൻ ലാറ പറഞ്ഞു.
ലാറയ്ക്കൊപ്പം പോഡ്കാസ്റ്റിന്റെ ഭാഗമായ മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്, ഇന്ത്യയാണ് വിൻഡീസ് ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് പ്രധാന കാരണക്കാരെന്ന് അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ വൻ ടീമുകൾക്കും വിൻഡീസ് ക്രിക്കറ്റിന്റെ തകർച്ചയിൽ പങ്കുണ്ടെന്ന് ലോയ്ഡ് കുറ്റപ്പെടുത്തി.
‘‘ക്രിക്കറ്റിലെ മൂന്ന് വൻകിട ടീമുകളാണ് എല്ലാ പണവും കൊണ്ടുപോകുന്നത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഇന്ത്യയും പണം വാരുന്നു. അവർക്ക് കനത്ത തുകയുടെ ബ്രോഡ്കാസ്റ്റിങ് കരാറുകൾ ലഭിക്കുന്നു. പണം മറ്റുള്ളവർക്കു കൂടി ലഭിക്കുന്ന സാഹചര്യമുണ്ടായാൽ മാത്രമേ വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, ശ്രീലങ്ക തുടങ്ങിയ ടീമുകൾക്കും പിടിച്ചുനിൽക്കാനാകൂ’ – ലോയ്ഡ് പറഞ്ഞു.
നേരത്തെ, കരിയറിലെ 100–ാം ടെസ്റ്റ് മത്സരത്തിൽ 15 പന്തുകൾക്കിടെ 5 വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് കൊടുങ്കാറ്റായി മാറിയതോടെയാണ് നാണക്കേടിന്റെ റെക്കോർഡുമായി വെസ്റ്റിൻഡീസ് നിലംപൊത്തിയത്. ഓസീസിനെതിരായ ഡേ–നൈറ്റ് ടെസ്റ്റിൽ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്നാണ് വെസ്റ്റിൻഡീസ് 27 റൺസിന് ഓൾഔട്ടായി തലതാഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ ചെറിയ ടോട്ടൽ എന്ന ചീത്തപ്പേര് വിൻഡീസിനു സ്വന്തമായപ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ 5 വിക്കറ്റ് നേട്ടത്തിന്റെ റെക്കോർഡ് സ്റ്റാർക്കിന്റെ പേരിലായി. 1955ൽ ഇംഗ്ലണ്ടിനെതിരെ 26 റൺസിന് പുറത്തായ ന്യൂസീലൻഡിന്റെ പേരിലാണ് ഏറ്റവും ചെറിയ ടോട്ടൽ എന്ന റെക്കോർഡ്.
മൂന്നാം ടെസ്റ്റിൽ 176 റൺസ് വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയ 3 മത്സര പരമ്പര തൂത്തുവാരി (3–0). 9 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്കിനൊപ്പം ഹാട്രിക് നേടിയ പേസർ സ്കോട് ബോളണ്ടും ഓസീസ് ബോളിങ്ങിൽ തിളങ്ങി. 7 വെസ്റ്റിൻഡീസ് ബാറ്റർമാർ പൂജ്യത്തിനു പുറത്തായ ഇന്നിങ്സിൽ ഒരാൾക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്.പ്ലെയർ ഓഫ് ദ് മാച്ച്, പ്ലെയർ ഓഫ് ദ് സീരീസ് പുരസ്കാരങ്ങളും സ്റ്റാർക്കിനു സ്വന്തമായി.
English Summary:








English (US) ·