വിൻഡീസ് താരത്തിനെതിരെ ലൈംഗികപീഡന പരാതിയുമായി 11 സ്ത്രീകൾ; ഓസീസിനെതിരെ ഇപ്പോൾ കളിക്കുന്ന ടീമിൽ അംഗമെന്ന് റിപ്പോർട്ട്

6 months ago 7

ഓൺലൈൻ ഡെ‌സ്‌ക്

Published: June 27 , 2025 06:06 PM IST

1 minute Read

ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വിൻഡീസ് താരങ്ങൾ (Photo by Randy Brooks / AFP)
ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വിൻഡീസ് താരങ്ങൾ (Photo by Randy Brooks / AFP)

ഗയാന∙ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിൽ അംഗമായ സൂപ്പർതാരത്തിനെതിരെ വ്യാപക ലൈംഗിക പീഡന പരാതി. താരം ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി ഇതിനകം 11 സ്ത്രീകൾ രംഗത്തെത്തിയതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും, ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുന്ന ടീമിൽ അംഗമാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഗയാനയിൽ നിന്നുള്ള ഒരുകൂട്ടം സ്ത്രീകളാണ് താരത്തിനെതിരെ പരാതി നൽകിയിരിക്കുന്നതെന്നാണ് വിവരം. സംഭവം റിപ്പോർട്ട് ചെയ്ത സ്പോർട്സ്മാക്സ് ടിവി, ഇക്കാര്യത്തിൽ ക്രിക്കറ്റ് വെസ്റ്റിൻഡീസിന്റെ പ്രതികരണം തേടിയിരുന്നു. എന്നാൽ ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിശദമായി അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു ക്രിക്കറ്റ് വെസ്റ്റിൻഡീസ് അധ്യക്ഷന്റെ പ്രതികരണം.

താരത്തിനെതിരെ പരാതി ഉന്നയിച്ച ഒരു യുവതിയുടെ അഭിഭാഷകൻ നൈജൽ ഹ്യൂഗ്സിന്റെ പ്രതികരണവും മാധ്യമങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഈ യുവതി രണ്ടു വർഷം മുൻപു തന്നെ താരത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നതായി അഭിഭാഷകൻ വ്യക്തമാക്കി. അന്ന് വിശദമായ അന്വേഷണം നടന്നെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലെന്ന് അഭിഭാഷകൻ വിശദീകരിച്ചു.

ഓസ്ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടിൽ വിൻഡീസ് ടെസ്റ്റ് മത്സരം ജയിച്ച് ചരിത്രമെഴുതിയ സമയത്തായിരുന്നു അന്വേഷണം നടന്നതെന്നാണ് അഭിഭാഷകൻ പറയുന്നത്. അന്ന് ജയിച്ച ടീമിൽ അംഗമായിരുന്ന താരം നാട്ടിൽ തിരിച്ചെത്തിയ ശേഷം അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നാണ് ആരോപണം.

താരത്തിനെതിരെ കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പഴയ പരാതിക്ക് എന്തു സംഭവിച്ചുവെന്ന് അന്വേഷിച്ചെങ്കിലും, ഒരു വിവരവും ലഭിച്ചില്ലെന്നും അഭിഭാഷകൻ വിശദീകരിച്ചു. 

English Summary:

West Indies Star Cricketer Accused Of Sexual Assault, Rape By 11 Women: Report

Read Entire Article