17 May 2025, 06:19 PM IST

Photo: ANI, AFP
ന്യൂഡല്‍ഹി: രോഹിത് ശര്‍മ വിരമിച്ച പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. ജൂണ്‍ 20-ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് പുതിയ ക്യാപ്റ്റന്റെ കീഴിലാകും ഇന്ത്യ ഇറങ്ങുക എന്ന് വ്യക്തമാണ്. ഗില്ലിനു പുറമേ ജസ്പ്രീത് ബുംറ, കെ.എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നീ പേരുകളും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കും മുമ്പ് പരിശീലകന്‍ ഗൗതം ഗംഭീറുമായി ഗില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഗംഭീറുമായി ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഗില്‍ ചര്‍ച്ച നടത്തിയത്. നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ ചര്‍ച്ച നീണ്ടുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മേയ് ആറിന് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ മത്സരത്തിനു ശേഷം ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെയും ഗില്‍ കണ്ടതായി റിപ്പോർട്ടുകളുണ്ട്.
ദീര്‍ഘ കാലത്തെ ക്യാപ്റ്റന്‍സി ഓപ്ഷന്‍ എന്ന നിലയ്ക്കാണ് ബിസിസിഐ ഗില്ലിനെ കാണുന്നത്. ജസ്പ്രീത് ബുംറയുടെ പേരാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും പറഞ്ഞുകേള്‍ക്കുന്നതെങ്കിലും ഇടയ്ക്കിടെ പരിക്കേല്‍ക്കുന്ന താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാകില്ലെന്ന നിര്‍ദേശങ്ങളും വരുന്നുണ്ട്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഗില്‍ നയിച്ച രീതി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മേയ് അവസാന വാരമാകും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക.
Content Highlights: Shubman Gill`s agelong gathering with Gautam Gambhir fuels India captaincy speculation up of England








English (US) ·