Published: January 15, 2026 05:51 PM IST Updated: January 15, 2026 09:53 PM IST
2 minute Read
അഹമ്മദാബാദ് ∙ വിവാഹമോചന സംബന്ധിച്ച് ബോക്സിങ് താരം മേരി കോമും മുൻ ഭർത്താവ് കരുങ് ഓൻഖോലറും (ഓൺലർ) തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ വീണ്ടും പ്രതികരണവുമായി മേരി കോം. തനിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന ആരോപണം നിഷേധിച്ച മേരി കോം, മുന്‍ ഭര്‍ത്താവ് ഒരു നയാ പൈസ പോലും സമ്പാദിച്ചിട്ടില്ലെന്നും എന്തു ത്യാഗമാണ് നടത്തിയതെന്നും ചോദിച്ചു. വീടിന്റെ ഏക വരുമാനസ്രോതസ് താനായിരുന്നെന്നും വീട്ടില്‍ കിടന്നുറങ്ങുക മാത്രമാണ് ഓണ്‍ലെര്‍ ചെയ്തതെന്നും മേരി കോം ഒരു അഭിമുഖത്തിൽ പറഞ്ഞു. താന്‍ കുടുംബത്തിനു വേണ്ടി റിങ്ങില്‍ കഠിനാധ്വാനം ചെയ്തപ്പോള്‍ അയാള്‍ തന്റെ അക്കൗണ്ട് കാലിയാക്കിയെന്നും മേരി കോം ആരോപിച്ചു.
‘‘എന്ത് വിജയകരമായ കരിയർ? അയാള്‍ തെരുവില്‍ ഫുട്ബോള്‍ കളിച്ചു നടക്കുകയായിരുന്നു. സത്യം പറഞ്ഞാൽ, ഒരു രൂപ പോലും സമ്പാദിച്ചിരുന്നില്ല. ദിവസം മുഴുവൻ വീട്ടിൽ കിടന്ന് ഉറങ്ങാറുണ്ടായിരുന്നു. ഭാര്യയുടെ ചെലവിലാണ് അയാള്‍ ജീവിച്ചത്. അങ്ങേയറ്റം വേദനയാണ് എനിക്കുണ്ടായത്, ഞാന്‍ ഒരുപാട് സമ്പാദിച്ചു, എന്റെ വിശ്വാസവും സമ്പാദ്യവും എല്ലാം പിന്നീട് നഷ്ടപ്പെട്ടു, എന്റ അക്കൗണ്ട് കാലിയായി.’’– മേരി കോം പറഞ്ഞു.
എന്നാൽ ഇതിനു മറുപടിയുമായി ഓൺലറും രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി താൻ വലിയൊരു തുക ചെലവഴിച്ചെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തന്നെ നിര്‍ബന്ധിച്ചത് മേരിയാണെന്ന് ഓണ്‍ലെര്‍ പറഞ്ഞു. ‘‘തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി ഞാൻ ഒരുപാട് പണം ചെലവഴിച്ചു എന്ന് അവർ പറഞ്ഞു. സമ്മതിച്ചു, പക്ഷേ എന്നെ അതിന് പ്രേരിപ്പിച്ചത് അവരാണ്. 2016ൽ, രാജ്യസഭയിലേക്ക് അവർ നാമനിർദേശം ചെയ്യപ്പെട്ടു. അവരുടെ എംപി കാലാവധി അവസാനിക്കാറായപ്പോൾ 2022ൽ എന്നെ മത്സരിക്കാൻ പ്രേരിപ്പിച്ചു.’’– ഓൺലർ പറഞ്ഞു.
Also Read മേരി കോമിനെക്കുറിച്ച് ഓൺലർ പറഞ്ഞത്: ‘ആദ്യം ജൂനിയറുമായി ബന്ധം, പിന്നീട് മറ്റൊരാളുമായി; ഇപ്പോൾ ആരുടെ കൂടെയാണെന്ന് അറിയാം’
തനിക്ക് ഒരു രൂപ പോലും സമ്പാദിക്കാൻ സാധിച്ചില്ലെന്ന മേരി കോമിന്റെ ആരോപണത്തിനും ഓൺലർ മറുപടി നൽകി. ‘‘ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ ഞാൻ യുപിഎസിക്ക് തയാറെടുക്കുകയായിരുന്നു. ഞാനും ഒരു കരാർ ഫുട്ബോൾ കളിക്കാരനായിരുന്നു. എന്റെ കരിയർ ഉപേക്ഷിച്ച് അവളെ പിന്തുണയ്ക്കാൻ അവൾ എന്നോട് അഭ്യർഥിച്ചു. കുട്ടികളെ വളർത്താൻ അവൾ എന്നോട് ആവശ്യപ്പെട്ടു. അവൾക്ക് ബോക്സിങ്ങിൽ താൽപര്യമുണ്ടായിരുന്നു. ഞാൻ അവളെ സ്നേഹിച്ചു, അതിനാൽ അവളുടെ ഇഷ്ടം ഞങ്ങളുടെ ഇഷ്ടമാണെന്ന് ഞാൻ കരുതി. ആഴ്ചകളും മാസങ്ങളും അവൾ അകലെയായിരുന്നു. ഞാൻ കുട്ടികളെ വളർത്തി. ഞാൻ അവരെ കുളിപ്പിച്ചു, ഭക്ഷണം നൽകി, കോച്ചിങ്ങിന് കൊണ്ടുപോയി, വീട് നടത്തിക്കൊണ്ടുപോയി!’’– ഓൺലർ പറഞ്ഞു.
മറ്റു ദമ്പതികളുമായി താരതമ്യപ്പെടുത്തുമ്പോൾ തങ്ങളുടെ വിവാഹത്തിലെ റോളുകൾ വിപരീതമായിരുന്നെന്നും ഓൺലർ സമ്മതിച്ചു. പക്ഷേ അത് അവളുടെ പണത്തോടുള്ള ആഗ്രഹത്തേക്കാൾ സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ഞാൻ അവളുടെ ഡ്രൈവറായിരുന്നു. ഞാൻ അവളുടെ പാചകക്കാരനായിരുന്നു. ഞാൻ എല്ലാം ചെയ്തു, അത് ഞങ്ങളുടെ വീടിനും കുടുംബത്തിനും വേണ്ടിയായിരുന്നു. ഞാൻ അവളുടെ അടിമയെപ്പോലെ ജീവിച്ചു, പക്ഷേ എന്റെ കണ്ണിൽ, അതെല്ലാം സ്നേഹത്തിനുവേണ്ടിയായിരുന്നു. ഇപ്പോൾ, അവൾ ഈ വേദനിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നു. ഞങ്ങൾ കോടതിയിലൂടെ വിവാഹമോചനം നേടി, പക്ഷേ ഞാൻ നൽകിയ പിന്തുണയെ അപമാനിക്കരുത്. അത്തരം പരുഷവും അനാദരവുമായ കാര്യങ്ങൾ പറയരുത്.’’– ഓൺലർ പറഞ്ഞു.
English Summary:








English (US) ·