Published: May 14 , 2025 11:07 AM IST
1 minute Read
ലഹോർ ∙ ഐപിഎലിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗും പുനരാരംഭിക്കുന്നു. ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്ന മേയ് 17നു തന്നെ പിഎസ്എൽ മത്സരങ്ങളും വീണ്ടും തുടങ്ങുമെന്നു പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വി അറിയിച്ചു. എലിമിനേറ്ററും ഫൈനലും ഉൾപ്പെടെ 8 മത്സരങ്ങളാണു ബാക്കി. ഇവ റാവൽപിണ്ടിയിലും ലഹോറിലുമായാണു നടക്കുക. വിദേശതാരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ അന്തിമധാരണയായിട്ടില്ല.
ഐപിഎൽ മത്സരങ്ങൾ 17ന് പുനരാരംഭിക്കുമെന്ന പ്രഖ്യാപനം വന്ന് അധികം വൈകാതെയാണ് പിഎസ്എലും അതേ ദിവസം പുനരാരംഭിക്കുമെന്ന പിസിബി ചെയർമാന്റെ പ്രഖ്യാപനം. ഐപിഎലിന്റെ പുനഃക്രമീകരിച്ച ഷെഡ്യൂൾ കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടിരുന്നു. പ്ലേഓഫ്, ഫൈനൽ മത്സരങ്ങൾ ഒഴികെയുള്ള മത്സരങ്ങളുടെ ഷെഡ്യൂളാണ് പുറത്തുവിട്ടത്. ആറു വേദികളിലായാണ് ശേഷിക്കുന്ന മത്സരങ്ങൾ നടക്കുക.
പെഷാവർ സാൽമിയും കറാച്ചി കിങ്സും തമ്മിൽ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മേയ് 17നു നടക്കുന്ന മത്സരത്തോടെയാണ് പിഎസ്എൽ പുനരാരംഭിക്കുക. കലാശപ്പോരാട്ടം മേയ് 25ന് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കും.
നേരത്തെ പ്രഖ്യാപിച്ചതിലും ഒരു ആഴ്ച വൈകിയാകും പിഎസ്എൽ ഇത്തവണ പൂർത്തിയാകുക. അതേസമയം, ഡേവിഡ് വാർണറും ഡാരിൽ മിച്ചലും ഉൾപ്പെടെയുള്ള വിദേശ താരങ്ങൾ ലീഗിനായി തിരിച്ചെത്തുമോ എന്ന് വ്യക്തമല്ല. സംഘർഷത്തെ തുടർന്ന് പാക്കിസ്ഥാൻ വിട്ടതിനു പിന്നാലെ, ഇനി അവിടേക്കു തിരിച്ചില്ലെന്ന് ഡാരിൽ മിച്ചൽ പ്രഖ്യാപിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയോടെ അതിർത്തിയിൽ സംഘർഷം കനത്ത സാഹചര്യത്തിലാണ് ഐപിഎൽ, പിഎസ്എൽ മത്സരങ്ങൾ നീട്ടിവച്ചത്. ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്തുമെന്ന് പിസിബി പ്രഖ്യാപിച്ചിരുന്നെങ്കിലും, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് താൽപര്യം കാണിക്കാതിരുന്നത് അവർക്കു തിരിച്ചടിയായിരുന്നു.
English Summary:








English (US) ·