18 July 2025, 05:08 PM IST

ഇന്റർ കാശി താരങ്ങൾ | X.com/@IFTWC
ന്യൂഡൽഹി: ഐ-ലീഗ് ജേതാക്കളെ ചൊല്ലിയുള്ള തർക്കത്തിൽ വീണ്ടും ട്വിസ്റ്റ്. നിയമപോരാട്ടങ്ങള്‍ക്കൊടുക്കം പുതിയ ഐ-ലീഗ് ചാമ്പ്യന്‍മാരായി ഇന്റര്‍ കാശിയെ പ്രഖ്യാപിച്ചു. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഐ-ലീഗ് ജേതാക്കളായി പ്രഖ്യാപിച്ച അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ അപ്പീല്‍ കമ്മിറ്റിയുടെ വിധി അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി റദ്ദാക്കി.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ അപ്പീൽ കമ്മിറ്റി 2025 മേയ് 31-ന് പുറപ്പെടുവിച്ച തീരുമാനത്തിനെതിരെ ഇന്റർ കാശി എഫ്‌സി 2025 ജൂൺ നാലിന് സമർപ്പിച്ച അപ്പീൽ ശരിവെച്ചതായി കോടതി വ്യക്തമാക്കി. നേരത്തേ ഇന്റർ കാശി-നാംധാരി എഫ്സി മത്സരം സംബന്ധിച്ച എഐഎഫ്എഫ് അപ്പീൽകമ്മിറ്റിയുടെ വിധി ഇന്റർ കാശി ടീമിന് എതിരായതോടെയാണ് ചർച്ചിൽ ചാമ്പ്യന്മാരായി പ്രഖ്യാപിക്കപ്പെട്ടത്.
ഐ-ലീഗ് സമാപിച്ചപ്പോൾ 40 പോയിന്റുമായി ചർച്ചിൽ ഒന്നാമതായിരുന്നു. രണ്ടാമതുള്ള ഇന്റർ കാശിക്ക് 39 പോയിന്റും. ജനുവരി 13-ന് നാംധാരിക്കെതിരായ കളിയിൽ കാശി ടീം തോറ്റിരുന്നു. എന്നാൽ, അയോഗ്യനായ താരത്തെ കളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ അച്ചടക്ക സമിതി നാംധാരി തോറ്റതായി പ്രഖ്യാപിക്കുകയും ഇന്റർ കാശിക്ക് മൂന്നുപോയിന്റ് അനുവദിക്കുകയും ചെയ്തു.
ഇതിനെതിരേ അപ്പീൽ കമ്മിറ്റിക്ക് നൽകിയ പരാതിയിലാണ് നാംധാരിക്ക് അനുകൂലമായി വിധി വന്നത്. അപ്പീൽ കമ്മിറ്റിയുടെ വിധി നാംധാരിക്ക് അനുകൂലമായതോടെ ഇന്റർ കാശിക്ക് തിരിച്ചടിയേറ്റു. ചര്‍ച്ചില്‍ ബ്രദേഴ്‌സ് ലീഗ് ജേതാക്കളുമായി. പിന്നാലെ അപ്പീൽകമ്മിറ്റി വിധിക്കെതിരേ ഇന്റർ കാശി അന്താരാഷ്ട കായിക തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീലിൽ കാശിക്ക് അനുകൂലമായി വിധി വന്നതോടെ ടീം പുതിയ ഐ-ലീഗ് ജേതാക്കളായി.
Content Highlights: Inter Kashi Become I-League Champions After CAS Rejects AIFF Decision








English (US) ·