Published: September 05, 2025 04:26 PM IST
1 minute Read
മുംബൈ∙ ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണിനു തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെ വീണ്ടും ട്വിസ്റ്റ്. അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിലേക്കു സഞ്ജു പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, സഞ്ജു രാജസ്ഥാൻ റോയൽസിൽ തന്നെ തുടരേണ്ടി വരുമെന്നും ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവവികാസങ്ങൾ. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകൾക്കൊപ്പം സഞ്ജുവിന്റെ പേര് വന്നതിനു പിന്നാലെയാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ കൂടെയും താരത്തിന്റെ പേര് ഉയരുന്നത്. എന്നാൽ ഇതു സംബന്ധിച്ച് സ്ഥിരീകരണമില്ല.
അടുത്ത ഐപിഎല്‍ സീസണില്‍ വലിയൊരു ഫ്രാഞ്ചൈസിയിലേക്കു മാറാനാണ് സഞ്ജുവിന് താൽപര്യമെന്നാണ് റിപ്പോർട്ട്. ചെന്നൈയിലേക്കുള്ള സാധ്യത മങ്ങിയതോടെ അഞ്ച് തവണ ചാംപ്യന്മാരായ മുംബൈയെയാണ് സഞ്ജു ലക്ഷ്യം വയ്ക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ മുംബൈ ഇനിയും പ്രതികരിച്ചിട്ടില്ല. ഐപിഎലിന്റെ ട്രേഡിങ് വിന്‍ഡോയിലോ മിനി ലേലത്തിലോ സഞ്ജു സാംസണിനെ സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സ് രംഗത്തു വരാനുള്ള സാധ്യത കൂടുതലാണ്.
മിനി ലേലത്തിന് മുന്‍പായി തന്നെ ടീമിൽനിന്നു റിലീസ് ചെയ്യണമെന്നാണ് സഞ്ജു രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിനോട് അഭ്യര്‍ഥിച്ചിരുന്നത്. മികച്ച ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറെ മുംബൈയ്ക്ക് ആവശ്യമുണ്ട്. ദീര്‍ഘകാലം ടീമിനൊപ്പമുണ്ടായിരുന്ന ഇഷാന്‍ കിഷനെ കഴിഞ്ഞ മെഗാ ലേലത്തിനു മുൻപു മുംബൈ കൈവിട്ടിരുന്നു. താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിക്കുകയും ചെയ്തു. ഇഷാന്റെ പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ യുവ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കല്‍റ്റണാണ് കഴിഞ്ഞ സീസണിൽ മുംബൈയുടെ വിക്കറ്റ് കാത്തത്. ഓപ്പണർ റോളിലും റിക്കൽറ്റൺ എത്തി.
എന്നാൽ സീസൺ മുഴുവൻ താരത്തിന്റെ സേവനം മുംബൈയ്ക്കു ലഭിച്ചില്ല. തുടർന്ന് മുന്‍ ഇംഗ്ലിഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയെ താല്‍ക്കാലികമായി ടീമിലേക്കു കൊണ്ടുവരേണ്ടി വരുകയും ചെയ്തു. ഇതോടെയാണ് ഈ അടുത്ത വർഷം ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറെ മുംബൈ തേടുന്നത്. റിക്കൽറ്റണിനു പകരം രോഹിത് ശർമയോടൊപ്പം ഓപ്പണർ റോളിലും സഞ്ജു ഫിറ്റ് ആകുകയും ചെയ്യും. കരിയറിന്റെ അവസാനഘട്ടത്തിലുള്ള രോഹിത് ശർമ വിരമിച്ചാലും മുംബൈയ്ക്ക് വിശ്വസ്തനായ ഒരു ഓപ്പണറെ ലഭിക്കുകയും ചെയ്യും. എന്നാൽ ട്രേഡിങ് വിൻഡോയിലൂടെ സഞ്ജുവിനെ വാങ്ങാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. പല മുൻനിര താരങ്ങളെ ഇതിനു പകരമായി വിട്ടുകൊടുക്കേണ്ടി വരും. ലേലത്തിനു മുന്നോടിയായി സഞ്ജുവിനെ രാജസ്ഥൻ റിലീസ് ചെയ്താൽ താരത്തെ മുംബൈ റാഞ്ചിയേക്കും.
English Summary:








English (US) ·