വീണ്ടും തകർത്തടിച്ച് വൈഭവ്, പിന്നാലെ ബാറ്റിങ് പാളി, 45 റൺസിനിടെ 8 വിക്കറ്റ് നഷ്ടം; പാക്കിസ്ഥാന് വമ്പൻ വിജയം

2 months ago 3

ഓൺലൈൻ ഡെസ്ക്

Published: November 17, 2025 09:05 AM IST Updated: November 17, 2025 09:57 AM IST

1 minute Read

vaibhav-naman
നമന്‍ ധീറും വൈഭവ് സൂര്യവംശിയും ബാറ്റിങ്ങിനിടെ. Photo: X@BCCI

ദോഹ ∙ ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയെ വീഴ്ത്തി പാക്കിസ്ഥാൻ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ ടീമിനെ 136 റൺസിൽ എറിഞ്ഞൊതുക്കിയ പാക്കിസ്ഥാൻ ഷഹീൻസ് (പാക്കിസ്ഥാൻ എ) 13.2 ഓവറി‍ൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധ സെഞ്ചറിയുമായി പുറത്താകാതെ നിന്ന പാക്ക് ഓപ്പണർ മാസ് സദാഖത്താണ് (47 പന്തിൽ 79 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്.,

സ്കോർ: ഇന്ത്യ എ– 19 ഓവറിൽ 136 ഓൾഔട്ട്. പാക്കിസ്ഥാൻ ഷഹീൻസ്– 13.2 ഓവറിൽ 2ന് 137. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. നാളെ ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. കഴിഞ്ഞ മത്സരത്തിൽ യുഎഇയ്ക്കെതിരെ 297 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയ ഇന്ത്യ എ ടീമിന് ഇന്നലെ ബാറ്റിങ്ങിൽ താളം പിഴച്ചു. തകർത്തടിച്ച ഓപ്പണർ വൈഭവ് സൂര്യവംശിയും (28 പന്തിൽ 45) നമാൻ ധിറും (20 പന്തിൽ 35) ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയിരുന്നു. 

പത്താം ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് നേടിയ ഇന്ത്യയ്ക്കു പക്ഷേ വൈഭവിന്റെ പുറത്താകൽ തിരിച്ചടിയായി. അടുത്ത 45 റൺസിനിടെ 8 വിക്കറ്റ് നഷ്ടമായതോടെ ടീം 136 റൺസിൽ ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ആഞ്ഞടിച്ച സദാഖത്തിനു കടിഞ്ഞാണിടാൻ ഇന്ത്യൻ ബോളർമാർക്കു സാധിച്ചില്ല. ഒന്നാം വിക്കറ്റിൽ 55 റൺസും രണ്ടാം വിക്കറ്റിൽ 94 റൺസും നേടിയ പാക്ക് ടീം 40 പന്തു ബാക്കിനിൽക്കെ അനായാസ ജയമുറപ്പിച്ചു.

കൈ കൊടുക്കാതെ ഇന്ത്യൻ എ ടീമും

ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ, പാക്കിസ്ഥാൻ ഷഹീൻസ് താരങ്ങൾ ഹസ്തദാനം നടത്തിയില്ല. സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഇന്ത്യൻ സീനിയർ ടീം പാക്കിസ്ഥാൻ ടീമുമായി ഹസ്തദാനത്തിനു തയാറാകാത്തതിന്റെ തുടർച്ചയാണ് ഈ സംഭവവും. ഇരുടീമുകളുടെയും ദേശീയ ഗാനത്തിനു ശേഷം കളിക്കാർ പരസ്പരം സംസാരിക്കാനോ കൈ കൊടുക്കാനോ നിൽക്കാതെ പിരിഞ്ഞു പോയി.

English Summary:

Pakistan bushed India A successful Rising Stars Asia Cup

Read Entire Article