വീണ്ടും നാണക്കേട്: ചാവി അയച്ചതെന്ന് എഐഎഫ്എഫ് ‘സ്ഥിരീകരിച്ച’ അപേക്ഷ ചാറ്റ്ജിപിടി വക, പ്രാങ്ക് ആണെന്ന് അയച്ച ഇന്ത്യൻ വിദ്യാർഥി!

5 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 27 , 2025 04:06 PM IST

1 minute Read

ചാവി ഹെർണാണ്ടസ് (ഫയൽ ചിത്രം, X/@90ndstoppage)
ചാവി ഹെർണാണ്ടസ് (ഫയൽ ചിത്രം, X/@90ndstoppage)

ന്യൂഡൽഹി∙ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഇതിഹാസ താരം ചാവി ഹെർണാണ്ടസിന്റെ പേരിൽ ലഭിച്ച അപേക്ഷ വ്യാജമാണെന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) കണ്ടെത്തിയതിനു പിന്നാലെ, പ്രസ്തുത അപേക്ഷ അയച്ചത് താനാണെന്ന അവകാശവാദവുമായി വിദ്യാർഥി രംഗത്ത്. ചാറ്റ്ജിപിടിയിൽ തയാറാക്കിയ അപേക്ഷയാണ് അയച്ചതെന്നും, അതു വെറും പ്രാങ്ക് ആയിരുന്നുവെന്നും വിദ്യാർഥി വെളിപ്പെടുത്തി. ഇതിഹാസ താരത്തിന്റെ അപേക്ഷ എഐഎഫ്എഫ് സാമ്പത്തിക കാരണങ്ങളാൽ തള്ളിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇപ്പോൾ പുതിയ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്.

വിഐടി വെല്ലൂരിൽ വിദ്യാർഥിയായ പത്തൊൻപതുകാരനാണ്, ചാവിയുടെ അപേക്ഷ അയച്ചത് താനാണെന്നും എഐഎഫ്എഫിനുള്ള പ്രാങ്കായിരുന്നു അതെന്നും വെളിപ്പെടുത്തിയത്. xaviofficialfcb@gmail.com എന്ന പേരിൽ വ്യാജ ഈമെയിൽ ഐഡി സൃഷ്ടിച്ചായിരുന്നു വിദ്യാർഥിയുടെ പ്രാങ്ക്. 

‘ഇന്ത്യൻ പുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് താൽപര്യമറിയിച്ച് ചാവി ഹെർണാണ്ടസിന്റെ പേരിൽ ഇമെയിൽ തയാറാക്കാ’നുള്ള നിർദ്ദേശം നൽകിയാണ് താരത്തിന്റെ പേരിൽ അപേക്ഷ തയാറാക്കിയതെന്ന് വിദ്യാർഥി വ്യക്തമാക്കി. തുടർന്ന് ജൂലൈ 4, 5 തീയതികളിലായി രണ്ടു തവണ ഈ അപേക്ഷ എഐഎഫ്എഫിന് അയച്ചതായും വിദ്യാർഥി വെളിപ്പെടുത്തി. ചാവിയുടെ പേരിൽ അയച്ച അപേക്ഷയ്‌ക്കൊപ്പം സിവിയൊന്നും ചേർത്തിരുന്നില്ലെന്നും പത്തൊൻപതുകാരൻ അറിയിച്ചു.

ചാവി ഹെർണാണ്ടസിന്റെ ജി–മെയിൽ അക്കൗണ്ടുമായി സാമ്യമുള്ള ഇ–മെയിലിൽ നിന്നുവന്ന അപേക്ഷ, യഥാർഥമാണെന്ന് എഐഎഫ്എഫ് തെറ്റിദ്ധരിക്കുകയായിരുന്നു. ചാവിയുടെ അപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതോടെയാണ് അപേക്ഷ വീണ്ടും പരിശോധിക്കാൻ എഐഎഫ്എഫ് തീരുമാനിച്ചത്. ചാവിയുടെ പേരിലുള്ള ഇ–മെയിൽ അക്കൗണ്ടിൽനിന്ന് എത്തിയ അപേക്ഷയിൽ ഫോൺ നമ്പറോ മറ്റു വിവരങ്ങളോ ഉൾപ്പെടുത്താത്തതും സംശയം വർധിപ്പിച്ചു.

A 19-year-old pupil astatine VIT Vellore has claimed helium pranked the AIFF by sending a hoax e-mail, impersonating arsenic Spanish manager Xavi Hernandez, expressing involvement successful the vacant caput manager relation of men’s NT. [TTI] #90ndstoppage pic.twitter.com/DiVnZZc6Ah

— 90ndstoppage (@90ndstoppage) July 27, 2025

സ്പാനിഷ് പരിശീലകൻ മനോലോ മാർക്കേസ് രാജിവച്ചതിനെ തുടർന്നു ഒഴിവ് വന്ന ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ലഭിച്ച അപേക്ഷകളിലൊന്ന് സ്പാനിഷ് താരവും ബാർസിലോന ഹെഡ് കോച്ചുമായിരുന്ന ചാവി ഹെർണാണ്ടസിന്റേതാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ ടീം ഡയറക്ടർ സുബ്രത പാൽ വ്യക്തമാക്കിയിരുന്നു. വലിയ പ്രതിഫലം നൽകേണ്ടി വരുമെന്നതിനാൽ ചാവിയുടെ അപേക്ഷ തുടക്കത്തിൽ തന്നെ തള്ളിയെന്ന് വ്യക്തമാക്കിയ ഫെഡറേഷന് ദിവസങ്ങൾക്കുശേഷമാണ് അപേക്ഷയിലെ തട്ടിപ്പ് കണ്ടെത്താനായത്. മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളയുടെ പേരിലും അപേക്ഷ ലഭിച്ചെന്നും ഇതും വ്യാജമായിരുന്നെന്നും എഐഎഫ്എഫ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ആകെ 170 അപേക്ഷകളാണ് ലഭിച്ചത്. തുടർന്ന് ചട്ടപ്രകാരമുള്ള അവലോകനത്തിനൊടുവിൽ 10 പേരെ തിരഞ്ഞെടുത്തു. ഈ 10 പേരിൽനിന്ന് മുൻ ഇന്ത്യൻ താരം ഐ.എം. വിജയൻ നേതൃത്വം നൽകുന്ന ടെക്നിക്കൽ കമ്മിറ്റി മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയെന്നും എഐഎഫ്എഫ് എക്സിക്യൂട്ടിവ് ഇവരിൽനിന്ന് ഒരാളെ പരിശീലകനായി തിരഞ്ഞെടുക്കുമെന്നും ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@90ndstoppageൽ നിന്ന് എടുത്തതാണ്.

English Summary:

VIT Vellore Student claims helium pranked Indian shot federation arsenic Barcelona fable Xavi Hernandez

Read Entire Article