Published: December 21, 2025 03:33 PM IST
1 minute Read
ദുബായ്∙ അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനിടെ പുറത്തായി മടങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ മുൻപിൽ കയറിനിന്ന് വിക്കറ്റ് നേട്ടം ആഘോഷിച്ച് പാക്ക് ബോളർ അലി റാസ. ഇന്ത്യൻ സ്കോർ 32 ൽ നിൽക്കെയാണ് ആയുഷ് മാത്രെയുടെ പുറത്താകൽ. ഏഴു പന്തിൽ രണ്ടു റൺസ് മാത്രമെടുത്ത താരം അലി റാസയുടെ പന്തിൽ ഫർഹാൻ യൂസഫ് ക്യാച്ചെടുത്താണു പുറത്തായത്.
മത്സരത്തിലെ ആദ്യ വിക്കറ്റ് നേടിയ ആവേശത്തിൽ അതിരുവിട്ട ആഘോഷ പ്രകടനമായിരുന്നു അലി റാസ ഗ്രൗണ്ടിൽ നടത്തിയത്. ഇന്ത്യൻ ബാറ്ററുടെ മുന്നിൽനിന്ന് പ്രകോപനം തുടർന്നതോടെ ആയുഷ് മാത്രെയും തിരിച്ചടിച്ചു. ഇരുവരുടേയും വാക്കുതർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ടൂർണമെന്റിലുടനീളം നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റേത്. ഒരു അർധ സെഞ്ചറി പോലും നേടാൻ സാധിക്കാതിരുന്ന ആയുഷ് മാത്രെ, 7,14,38, 4 എന്നിങ്ങനെ സ്കോറുകളാണു കഴിഞ്ഞ മത്സരങ്ങളിൽ അടിച്ചത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 348 റൺസെടുത്തു. സെഞ്ചറി നേടിയ ഓപ്പണിങ് ബാറ്റർ സമീർ മിൻഹാസിന്റെ പ്രകടനമാണ് പാക്കിസ്ഥാനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്. 113 പന്തുകൾ നേരിട്ട മിൻഹാസ് 172 റൺസടിച്ചു പുറത്തായി. ഒൻപതു സിക്സുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. 71 പന്തുകളിൽനിന്നാണ് സമീർ സെഞ്ചറിയിലെത്തിയത്.
അണ്ടർ 19 ഫോർമാറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയാണിത്. യൂത്ത് ഏകദിനത്തിൽ ഒരു പാക്ക് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. പാക്കിസ്ഥാനു വേണ്ടി അഹമ്മദ് ഹുസെയ്ൻ (72 പന്തിൽ 56) അര്‍ധ സെഞ്ചറി നേടി. ഉസ്മാൻ ഖാൻ (45 പന്തിൽ 35), ഫര്‍ഹാൻ യൂസഫ് (18 പന്തിൽ 19), ഹംസ സഹൂർ (14 പന്തിൽ 18) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യൻ ബോളർമാരിൽ ദീപേഷ് രവീന്ദ്രൻ മൂന്നും ഹേനിൽ പട്ടേല്‍, ഖിലൻ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. കനിഷ്ക് ചൗഹാന് ഒരു വിക്കറ്റുണ്ട്.
English Summary:








English (US) ·