ദുബായ്: ക്രിക്കറ്റിലെ ഏറ്റവും സമ്മർദം നിറഞ്ഞതും ആവേശകരവുമാകുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ഒരിക്കൽക്കൂടി. ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ സൂപ്പർ ഫോർ മത്സരത്തിലാണ് അയൽടീമുകൾ മുഖാമുഖം വരുന്നത്. ഞായറാഴ്ച രാത്രി എട്ടുമണിക്ക് ദുബായിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും നേർക്കുനേർ വന്നപ്പോഴുണ്ടായ കൈകൊടുക്കൽവിവാദം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലാണ് വീണ്ടുമൊരു പോരാട്ടം.
ടോസിനുശേഷവും മത്സരം പൂർത്തിയായപ്പോഴും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യൻ ടീമും പാകിസ്താൻ താരങ്ങൾക്ക് കൈകൊടുത്തിരുന്നില്ല. ഇതിനെതിരേ പാകിസ്താൻ പരാതിയും ബഹിഷ്കരണതന്ത്രവും പ്രയോഗിച്ചെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. ഇതോടെ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും കളിക്കാനിറങ്ങുന്നത്.
ആത്മവിശ്വാസത്തിൽ ഇന്ത്യ
ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരേ ഏഴുവിക്കറ്റിന്റെ അനായാസജയം ഇന്ത്യ നേടിയിരുന്നു. അന്ന് പാക് ടീമിനെ കളിയുടെ എല്ലാമേഖലയിലും പിന്നിലാക്കിയാണ് സൂര്യകുമാർ യാദവും സംഘവും ജയംനേടിയത്. 47 റൺസുമായി പുറത്താകാതെനിന്ന സൂര്യകുമാർ യാദവാണ് ഇന്ത്യൻ ബാറ്റിങ്ങിന് ചുക്കാൻപിടിച്ചത്. കുൽദീപ് യാദവ്-അക്സർ പട്ടേൽ-വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന സ്പിൻത്രയം പാക് ബാറ്റർമാരെ വരച്ചവരയിൽ നിർത്തുകയും ചെയ്തു. ഒമാനെതിരായ മത്സരത്തിൽ മൈതാനത്ത് തലയിടിച്ച അക്സർ പട്ടേൽ പാക് ടീമിനെതിരേ കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല. അക്സർ കളിച്ചില്ലെങ്കിൽ പേസർ അർഷ്ദീപിനായിക്കും അവസരം ലഭിക്കുന്നത്.
ബാറ്റിങ് നിരയിൽ സഞ്ജു സാംസൺ ഒമാനെതിരേ അർധസെഞ്ചുറി നേടി ഫോമിലേക്കെത്തിയിട്ടുണ്ട്. എന്നാൽ, ഓപ്പണർ ശുഭ്മാൻ ഗിൽ ഫോമിലേക്കുയരാത്തത് ടീമിനെ വലയ്ക്കുന്നുണ്ട്. ഗിൽ-അഭിഷേക് ശർമ ഓപ്പണിങ് സഖ്യം മികച്ച തുടക്കംനൽകിയാൽ കാര്യങ്ങൾ ടീമിന് അനുകൂലമാകും.
വിഷമവൃത്തത്തിൽ പാകിസ്താൻ
ടൂർണമെന്റിൽ കളിക്കളത്തിലും പുറത്തും പാകിസ്താൻ പ്രതിസന്ധിയിലാണ്. ഇനിയൊരു തോൽവി ടീമിനെ വലിയ കുഴപ്പത്തിലേക്ക് നയിക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് പ്രശ്നങ്ങളുണ്ട്. പരിചയസമ്പന്നനായ ഫഖർ സൽമാൻ, ക്യാപ്റ്റൻ സൽമാൻ ആഗ എന്നിവരിൽനിന്ന് ടീം കൂടുതൽ പ്രതീക്ഷിക്കുണ്ട്. പേസർ ഷഹീൻഷ അഫ്രീദി, സ്പിന്നർ അബ്രർ അഹമ്മദ് എന്നിവരിലാണ് ബൗളിങ് പ്രതീക്ഷ.
റൂം അടയ്ക്കുക, ഫോൺ സ്വിച്ച് ഓഫ് ചെയ്യുക, ഉറങ്ങാൻ പോകുക
‘റൂം അടയ്ക്കുക, ഫോൺ സ്വിച്ച് ഓഫ് ചെയ്യുക, ഉറങ്ങാൻ പോകുക’ ഇന്ത്യ-പാകിസ്താൻ മത്സരത്തിനുശേഷമുള്ള ഹസ്തദാനവിവാദമടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സൂര്യകുമാർ യാദവിന്റെ മറുപടി ഈ രീതിയിലായിരുന്നു. സൂപ്പർ ഫോറിലെ പാകിസ്താനെതിരേയുള്ള മത്സരത്തിനുമുൻപ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് ഇന്ത്യൻ ക്യാപ്റ്റൻ ഈ രീതിയിൽ മറുപടി നൽകിയത്.
പുറത്തുനിന്ന് ഒരുപാട് ശബ്ദങ്ങളും അഭിപ്രായങ്ങളും കേൾക്കും. അതിൽ ആവശ്യമുള്ളത് സ്വീകരിക്കുക. അത് കളിക്കളത്തിൽ ഗുണംചെയ്യും. അല്ലാത്തത് ഒഴിവാക്കുകയാണ് നല്ലതെന്നും സൂര്യകുമാർ കൂട്ടിച്ചേർത്തു.
പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാകിസ്താനും കളിച്ചപ്പോൾ മാച്ച് റഫറിയായിരുന്ന സിംബാബ്‌വെക്കാരൻ ആൻഡി പൈക്രോഫ്തന്നെയാണ് വീണ്ടും ഇരുടീമും മുഖാമുഖംവരുമ്പോൾ മാച്ച് റഫറിയുടെ റോളിൽ. പാകിസ്താൻ ടീമിന്റെ എതിർപ്പിനെ മറികടന്നാണ് പൈക്രോഫ്റ്റിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചുമതലയേൽപ്പിച്ചത്. ആദ്യതവണ ഇന്ത്യയും പാകിസ്താനും കളിച്ചപ്പോൾ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റന് കൈ കൊടുക്കുന്നതിൽനിന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗയെ പൈക്രോഫ്റ്റ് പിന്തിരിപ്പിച്ചെന്നായിരുന്നു മാച്ച് റഫറിക്കെതിരേ പാക് ടീം മാനേജ്‌മെന്റ് നടത്തിയ ആരോപണം. മാച്ച് റഫറിയെ ടൂർണമെന്റിൽനിന്ന് പുറത്താക്കണമെന്നതടക്കമുള്ള ആവശ്യം പാക് ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെച്ചെങ്കിലും ഐസിസി അംഗീകരിച്ചില്ല.
Content Highlights: India vs. Pakistan: Asia Cup Super Four Clash Reignites Rivalry successful Dubai








English (US) ·