Published: November 08, 2025 08:47 AM IST Updated: November 08, 2025 10:47 AM IST
1 minute Read
ന്യൂഡൽഹി∙ രാജ്യാന്തര ഫുട്ബോളിൽ നിന്നു ‘വീണ്ടും’ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി. കഴിഞ്ഞ ദിവസം ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ദേശീയ ജഴ്സിയിൽ ഇനി ഉണ്ടാകില്ലെന്ന് നാൽപത്തിയൊന്നുകാരൻ ഛേത്രി വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച ഛേത്രി ഈ വർഷം മാർച്ചിൽ വിരമിക്കൽ തീരുമാനം പിൻവലിച്ച് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു.
അന്നത്തെ പരിശീലകൻ മനോലോ മാർക്കേസിന്റെ നിർബന്ധപ്രകാരം, എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ ലക്ഷ്യം വച്ചായിരുന്നു ഛേത്രി ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ടൂർണമെന്റിന് യോഗ്യത നേടാൻ ടീമിനു സാധിച്ചില്ല. ഇതോടെയാണ് വിരമിക്കൽ തീരുമാനത്തെക്കുറിച്ച് വീണ്ടും ചിന്തിച്ചതെന്ന് അഭിമുഖത്തിൽ ഛേത്രി പറഞ്ഞു. വിരമിക്കൽ പിൻവലിച്ച് തിരിച്ചെത്തിയ ഛേത്രിക്ക് 6 മത്സരങ്ങളിൽ നിന്ന് ഒരു തവണ മാത്രമാണ് ലക്ഷ്യം കാണാൻ സാധിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ബെംഗളൂരു എഫ്സിയുടെ താരമാണ് ഛേത്രി. അടുത്ത ഐഎസ്എൽ സീസണോടെ ക്ലബ് ഫുട്ബോളും താൻ മതിയാക്കിയേക്കുമെന്നും ഛേത്രി പറഞ്ഞു.
20 വർഷത്തോളം ടീം ഇന്ത്യയുടെ ഭാഗമായ ഛേത്രി, സജീവ ഫുട്ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകളുള്ള മൂന്നാമത്തെ പ്ലെയറാണ് (155 മത്സരങ്ങളിൽ നിന്ന് 95 ഗോൾ). 225 മത്സരങ്ങളിൽ നിന്ന് 143 ഗോളുകളുള്ള പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും 194 മത്സരങ്ങളിൽ നിന്ന് 114 ഗോളുകളുള്ള അർജന്റീനയുടെ ലയണൽ മെസ്സിയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.
English Summary:








English (US) ·