
വി.അബ്ദുറഹിമാൻ, ലയണൽ മെസ്സി |ഫോട്ടോ:മാതൃഭൂമി,AFP
വൈക്കം: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് വീണ്ടും മന്ത്രി വി.അബ്ദുറഹിമാന്‍. വൈക്കത്തെ രണ്ട് ഗവ. സ്‌കൂളുകളില്‍ നിര്‍മിക്കുന്ന കളിക്കളങ്ങളുടെ നിര്‍മാണോദ്ഘാടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ എവിടെ പോയാലും തന്നോട് കുട്ടികള്‍ അടക്കം, മെസ്സി വരുമോ എന്നാണ് ചോദിക്കുന്നത്. സര്‍ക്കാരും കായികവകുപ്പും ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കില്‍ അത് ഉറപ്പായും നടപ്പാക്കും. മറിച്ചുള്ള ആരോപണങ്ങളും വിവാദങ്ങളും അനാവശ്യമാണ്. അത് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുനാള്‍മുമ്പുവരെ മന്ത്രി വീണാജോര്‍ജിനെതിരേയായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്. പിന്നെ തനിക്ക് നേരെയായി. സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ മറയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ പ്രതിപക്ഷമടക്കമുള്ളവര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളസന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കരാര്‍ ലംഘിച്ചെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) മാര്‍ക്കറ്റിങ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സന്‍ ആരോപിച്ചതിനു പിന്നാലെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. ഇതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും സ്പോണ്‍സര്‍മാരാണ് അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു. കരാറിലുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കരാറില്‍ തന്നെയുണ്ട്. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവു വലിയ കരാര്‍ ലംഘനം. കേരളം കരാര്‍ ലംഘിച്ചു എന്ന് എങ്ങനെയാണ് അദ്ദേഹം പറയുകയെന്നും മന്ത്രി ചോദിച്ചു.
മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കാന്‍ അര്‍ജന്റീനാ ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കിയിരുന്നുവെന്ന് സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ഈ വര്‍ഷം അര്‍ജന്റീന കേരളത്തില്‍ കളിക്കാമെന്ന കരാറില്‍ അസോസിയേഷന്‍ ഒപ്പിട്ടിട്ടുണ്ട്. അടുത്തവര്‍ഷം സെപ്റ്റംബറില്‍ കളിക്കാനെത്തുമെന്നാണ് ഇപ്പോള്‍ അവരുടെ നിലപാട്. ഈവര്‍ഷം എത്തുന്നുണ്ടെങ്കിലേ മത്സരം സംഘടിപ്പിക്കാന്‍ താത്പര്യമുള്ളൂ. കരാര്‍ റദ്ദാകുന്നത് വലിയ സാമ്പത്തികനഷ്ടത്തിന് കാരണമാകും. കരാര്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു കരാര്‍ ലംഘിച്ചത് സംസ്ഥാന സര്‍ക്കാരാണെന്ന് ലിയാന്‍ഡ്രോ പീറ്റേഴ്സന്‍ പറഞ്ഞത്.
2025-ല്‍ മെസ്സിയെയും അര്‍ജന്റീനിയന്‍ ടീമിനെയും കേരളത്തില്‍ എത്തിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചത് 2024-ലാണ്. കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കായിക മന്ത്രി പറഞ്ഞത്. കേരളത്തിലെ കായിക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ ഫുട്ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറയുകയായിരുന്നു.
Content Highlights: Kerala`s Minister V. Abdurahiman hints astatine the anticipation of Lionel Messi and the Argentinian team








English (US) ·