Published: August 25, 2025 10:17 AM IST
1 minute Read
-
ദേശീയ സീനിയർ അത്‍ലറ്റിക്സിൽ തമിഴ്നാട് ചാംപ്യൻമാർ, കേരളം നാലാമത്
ചെന്നൈ∙ കരിയർ അവസാനിച്ചെന്ന് ഡോക്ടർമാർ പോലും വിധിയെഴുതിയ സാഹചര്യത്തിൽ നിന്ന് ട്രാക്കിലേക്ക് മടങ്ങിയെത്തിയ മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കർ ഇന്നലെ സ്വന്തമാക്കിയത് സീസണിൽ തുടർച്ചയായ 5–ാം സ്വർണം. കാൽമുട്ടിന് പരുക്കേറ്റ് ഒന്നര വർഷത്തോളമാണ് ശ്രീശങ്കർ ട്രാക്കിൽ നിന്ന് വിട്ടുനിന്നത്.
എന്നാൽ ചെന്നൈയിലെ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലെ ഓരോ ശ്രമവും ഒന്നിനൊന്ന് മികച്ചു നിന്നു. മൂന്നാം ശ്രമത്തിൽ 8.06 മീറ്റർ ചാടി സ്വർണം ഉറപ്പാക്കിയെങ്കിലും ലോക അത്‌ലറ്റിക് ചാംപ്യൻഷിപ് യോഗ്യതയായ 8.27 മീറ്റർ മറികടക്കാനായില്ല.
വനിതകളുടെ ഹെപ്റ്റാത്‌ലണിൽ സ്വർണം നേടിയ കെ.എ.അനാമികയും 10,000 മീറ്ററിൽ വെള്ളി നേടിയ റീബ ജോർജുമാണ് ചാംപ്യൻഷിപ്പിന്റെ അവസാന ദിനത്തിൽ കേരളത്തിന്റെ മറ്റു മെഡൽ ജേതാക്കൾ. 195 പോയിന്റോടെ തമിഴ്നാട് ഓവറോൾ ചാംപ്യൻമാരായപ്പോൾ 121 പോയിന്റുമായി ഹരിയാനയാണ് രണ്ടാമത്. 5 സ്വർണവും 5 വെള്ളിയും 4 വെങ്കലവും നേടിയ കേരളം 85 പോയിന്റോടെ നാലാംസ്ഥാനത്താണ്.
പരുക്കിനുശേഷം തിരിച്ചെത്തുമ്പോൾ സീസണിൽ ഒരു മത്സരത്തിലെങ്കിലും 8 മീറ്റർ മറികടക്കുകയായിരുന്നു ശ്രീശങ്കറിന്റെ ലക്ഷ്യം. എന്നാൽ സീസണിലെ 5 മത്സരങ്ങളിൽ മൂന്നിലും 8 മീറ്റർ കടമ്പ മറികടന്നു. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിലേക്ക് റാങ്കിങ് പോയിന്റിലൂടെ യോഗ്യത ലഭിക്കുമോ എന്നറിയാനാണ് ഇനി ശ്രീശങ്കറിന്റെ കാത്തിരിപ്പ്. പുണെയിൽ നടന്ന ഇന്ത്യൻ ഓപ്പൺ അത്‌ലറ്റിക്സ്, ലിസ്ബൺ, അൽമാട്ടി, ഭുവനേശ്വർ എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിലാണ് ശ്രീശങ്കർ ഇതിനു മുൻപ് ഈ സീസണിൽ സ്വർണം നേടിയത്.
∙ ഈസി അനാമിക
വനിതകളുടെ ഹെപ്റ്റാത്‌ലണിൽ സ്വർണ ജേതാവായ കേരളത്തിന്റെ കെ.എ.അനാമിക 7 ഇനങ്ങളിലായി നേടിയത് 5466 പോയിന്റ്. 3 ഇനങ്ങളിൽ ഒന്നാമതെത്തിയ അനാമിക തുടർന്നുള്ള ഇനങ്ങളിൽ ആദ്യ 3 സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കി. പാലക്കാട് സ്വദേശിയായ അനാമിക നിലവിൽ ബെംഗളൂരു ജെഎസ്ഡബ്ല്യു സ്പോർട്സിനു കീഴിലാണ് പരിശീലിക്കുന്നത്. വനിതകളുടെ 10000 മീറ്ററിൽ 35:09:57 മിനിറ്റിൽ ഫിനിഷ് ചെയ്താണ് കേരളത്തിന്റെ റീബ ജോർജ് വെള്ളി നേടിയത്.
English Summary:








English (US) ·