ബെംഗളൂരു∙സൂപ്പർ താരം വിരാട് കോലിയും ക്യാപ്റ്റൻ ഋഷഭ് പന്തും അർധസെഞ്ചറികളുമായി തിളങ്ങിയ വിജയ് ഹസാരെ മത്സരത്തിൽ, ഗുജറാത്തിനെതിരെ ഡൽഹിക്ക് ഏഴു റൺസ് വിജയം. ഡൽഹി ഉയർത്തിയ 255 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 47.4 ഓവറിൽ 247 റൺസെടുത്തു പുറത്തായി. ടൂർണമെന്റിൽ ഡൽഹിയുടെ രണ്ടാം വിജയമാണിത്. ആന്ധ്രപ്രദേശിനെതിരായ ആദ്യ പോരാട്ടത്തിൽ ഡൽഹി നാലു വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു.
ഡൽഹിക്കെതിരെ മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ആര്യ ദേശായി ഗുജറാത്തിനായി അർധസെഞ്ചറി നേടി. 77 പന്തിുകൾ നേരിട്ട ഗുജറാത്ത് ഓപ്പണർ രണ്ടു സിക്സുകളും എട്ട് ഫോറുകളും സഹിതം 57 റൺസെടുത്തു. സൗരവ് ചൗഹാൻ (43 പന്തിൽ 49), ഉർവിൽ പട്ടേല്‍ (36 പന്തിൽ 31), അഭിഷേക് ദേശായി (44 പന്തിൽ 26), വിശാൽ ജയ്സ്വാൾ (19 പന്തിൽ 26) എന്നിവരും തിളങ്ങിയെങ്കിലും ഗുജറാത്തിനു വിജയത്തിലെത്താൻ സാധിച്ചില്ല. 8.4 ഓവറുകളിൽ 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ഡൽഹി താരം പ്രിൻസ് യാദവിന്റെ പ്രകടനമാണ് ഗുജറാത്തിനെ 247ൽ ഒതുക്കിയത്.
വിശാൽ ജയ്സ്വാൾ, ഗുജറാത്തിന്റെ വാലറ്റക്കാരായ അമിത് രാജന്‍ ദേശായി (12), ആർ.എം. ബിഷ്ണോയി (ഏഴ്) എന്നിവരെ പ്രിൻസ് യാദവ് പുറത്താക്കിയതോടെയാണു കളി ഡൽഹിക്ക് അനുകൂലമായത്. ഡൽഹിക്കായി ഇഷാന്ത് ശർമ രണ്ടും നവ്ദീപ് സെയ്നി, സിമര്‍ജീത് സിങ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
കോലിക്കും പന്തിനും അർധസെഞ്ചറി, സേഫായി ഡൽഹി
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഡൽഹി 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തു. ബെംഗളൂരുവിൽ രണ്ടാം മത്സരം കളിക്കാനിറങ്ങിയ കോലി 61 പന്തിൽ 77 റൺസാണു നേടിയത്. ഒരു സിക്സും 13 ബൗണ്ടറികളും ഉൾപ്പെടുന്നതാണു കോലിയുടെ ഇന്നിങ്സ്. രണ്ടു റൺസെടുത്തു നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായ ഡൽഹിയെ വൺഡൗണായിറങ്ങിയ വിരാട് കോലിയും അർപിത് റാണയും ചേർന്നാണു കരകയറ്റിയത്. ഇരുവരും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടാണു പടുത്തുയര്‍ത്തിയത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും കോലിയുടെ സെഞ്ചറി പ്രതീക്ഷിച്ച ആരാധകർക്കു നിരാശയായി മത്സരത്തിന്റെ 22–ാം ഓവറിൽ സൂപ്പര്‍ താരം പുറത്തായി. വിശാൽ ബി. ജയ്സ്വാളിന്റെ പന്തിൽ ഗുജറാത്ത് വിക്കറ്റ് കീപ്പർ ഉർവില്‍ പട്ടേൽ സ്റ്റംപ് ചെയ്താണു കോലിയെ മടക്കിയത്. ആന്ധ്രപ്രദേശിനെതിരായ ആദ്യ മത്സരത്തിൽ കോലി സെഞ്ചറി (131 റൺസ്) നേടിയിരുന്നു.
ലിസ്റ്റ് എ ക്രിക്കറ്റിലെ ലോക റെക്കോർഡും കോലി ബെംഗളൂരുവിൽ സ്വന്തമാക്കി. ലിസ്റ്റ് എയിൽ 5,000 റൺസിനു മുകളിൽ സ്കോർചെയ്ത താരങ്ങളിൽ ഏറ്റവും ഉയർന്ന ശരാശരിയുള്ള ബാറ്ററെന്ന റെക്കോർഡാണു കോലിയുടെ പേരിലായത്. ഓസ്ട്രേലിയയുടെ ഇതിഹാസ താരമായിരുന്ന മൈക്കൽ ബെവന്റെ പേരിലുള്ള റെക്കോർഡാണു കോലി തകർത്തയത്. 57.87 ആണ് ലിസ്റ്റ് എയിൽ കോലിയുടെ ആവറേജ്.
പിന്നാലെയെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്തും അർധസെഞ്ചറിയിലെത്തിയതോടെ ഡൽഹി സുരക്ഷിതമായ സ്കോറിലെത്തി. 79 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 70 റൺസാണ് അടിച്ചത്. 47 പന്തിൽ 40 റൺസ് നേടിയ ഹർഷ് ത്യാഗിയും ഡൽഹിക്കു വേണ്ടി തിളങ്ങി. ത്യാഗിയും പന്തും ചേർന്ന കൂട്ടുകെട്ട് 73 റണ്‍സ് അടിച്ചുകൂട്ടി. ഗുജറാത്തിനായി വിശാൽ ബി. ജയ്സ്വാൾ നാലു വിക്കറ്റുകൾ വീഴ്ത്തി.
English Summary:








English (US) ·