Published: November 18, 2026 09:35 AM IST Updated: November 18, 2026 12:56 PM IST
1 minute Read
-
കായികതാരങ്ങളെ തെറ്റിദ്ധരിപ്പിച്ചു; അന്വേഷണം നടത്താൻ സർക്കാർ
തിരുവനന്തപുരം ∙ വ്യാജ കായിക സർട്ടിഫിക്കറ്റുകളുമായി സർക്കാരിനെയും കായികതാരങ്ങളെയും കബളിപ്പിക്കാൻ സംസ്ഥാനത്ത് വീണ്ടും ശ്രമം. കേന്ദ്ര കായികമന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത ‘പവർലിഫ്റ്റിങ് ഇന്ത്യ’ എന്ന സംഘടനയുടെ പേരിൽ അടുത്തയിടെ കേരള സ്പോർട്സ് കൗൺസിലിൽ എത്തിയത് 73 കായിക സർട്ടിഫിക്കറ്റുകൾ. പവർലിഫ്റ്റിങ്ങിലെ ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടിയവരാണ് സർക്കാരിന്റെ പാരിതോഷികത്തിനായി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത്. സംഘടനയ്ക്ക് കേന്ദ്ര അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചതെന്നാണ് വിവരം. സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കായികവകുപ്പ് ഡയറക്ടർക്ക് മന്ത്രി ഒ.ജെ.ജനീഷ് നിർദേശം നൽകി.
പവർലിഫ്റ്റിങ്ങിലെ ദേശീയ സംഘടനയായിരുന്ന ഇന്ത്യൻ പവർലിഫ്റ്റിങ് ഫെഡറേഷന്റെ അംഗീകാരം 2017ൽ കേന്ദ്ര കായികമന്ത്രാലയം റദ്ദാക്കിയിരുന്നു. അതിനുശേഷം ഇതുവരെ പവർലിഫ്റ്റിങ്ങിൽ ഒരു ദേശീയ സംഘടനയെയും കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലെന്ന് കായിക മന്ത്രാലയത്തിന്റെ രേഖകളിൽ പറയുന്നു. അതിനിടയിലാണ് 2024ൽ റജിസ്റ്റർ ചെയ്ത ‘പവർലിഫ്റ്റിങ് ഇന്ത്യ’ എന്ന സംഘടനയുടെ പേരിൽ കേരള സ്പോർട്സ് കൗൺസിലിലേക്ക് മത്സര സർട്ടിഫിക്കറ്റുകൾ ഒഴുകുന്നത്. 2024ൽ മാത്രം റജിസ്റ്റർ ചെയ്ത ഈ സംഘടനയുടെ പേരിൽ 2019ലെ പവർലിഫ്റ്റിങ് ദേശീയ മത്സരത്തിന്റെ സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ചതിന്റെ രേഖകളും പുറത്തുവന്നു.
ദേശീയ കായികമന്ത്രാലയം അംഗീകരിച്ച കായിക ഫെഡറേഷനുകളുടെ സർട്ടിഫിക്കറ്റുകൾ മാത്രമേ സംസ്ഥാനത്ത് സ്പോർട്സ് ക്വോട്ട പ്രവേശനത്തിനും ജോലിക്കും പാരിതോഷികത്തിനും പരിഗണിക്കൂ. കായികതാരങ്ങളെ കബളിപ്പിക്കാൻ കേന്ദ്ര കായികമന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെന്ന വ്യാജവിവരം പവർലിഫ്റ്റിങ് ഇന്ത്യയുടെ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയതായും സ്പോർട്സ് കൗൺസിലിന്റെ പരിശോധനയിൽ കണ്ടെത്തി. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മുൻ വർഷങ്ങളിൽ സർക്കാർ ജോലിയും സ്പോർട്സ് ക്വോട്ട പ്രവേശനത്തിനുള്ള ഗ്രേസ് മാർക്കും നേടിയ സംഭവങ്ങൾ അന്വേഷിക്കാനാണ് സ്പോർട്സ് കൗൺസിലിന്റെ തീരുമാനം.
63 പേർക്ക് പാരിതോഷികം നൽകി2019–20 സാമ്പത്തികവർഷത്തിൽ ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ മെഡൽ ജേതാക്കളായ മലയാളി കായികതാരങ്ങൾക്ക് പാരിതോഷികം വിതരണം ചെയ്യാൻ സ്പോർട്സ് കൗൺസിൽ മുഖേന കായികവകുപ്പ് അപേക്ഷ ക്ഷണിച്ചപ്പോഴാണ് പവർലിഫ്റ്റിങ് സർട്ടിഫിക്കറ്റിലെ ക്രമക്കേട് തിരിച്ചറിയുന്നത്. അപേക്ഷ നൽകിയ 73 പേരിൽ രാജ്യാന്തര മെഡൽ നേടിയ 10 പേരുടെ പാരിതോഷിക വിതരണം സ്പോർട്സ് കൗൺസിൽ തടഞ്ഞുവച്ചു.
ദേശീയ മത്സരങ്ങളിൽ ജയിച്ച മറ്റ് 63 പേർക്ക് പാരിതോഷികം നൽകാൻ തീരുമാനിച്ചു. സംഘടനയ്ക്ക് അംഗീകാരമില്ലെന്ന് അറിയാതെയാണ് ഇവർ മത്സരങ്ങളിൽ പങ്കെടുത്തതെന്നും അതിനാൽ മാനുഷികപരിഗണനയുടെ പേരിൽ പാരിതോഷികം നൽകിയെന്നുമാണ് സ്പോർട്സ് കൗൺസിലിന്റെ വിശദീകരണം.
English Summary:






English (US) ·