ബാതുമി (ജോർജിയ)∙ ഒരു ഫൈനൽ പോരാട്ടത്തിന്റെ സമ്മർദം മുറ്റിനിന്ന കളിയിൽ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കണിശതയോടെ കരുനീക്കിയപ്പോൾ വനിതാ ലോകകപ്പ് ചെസിലെ രണ്ടാം ഗെയിമും സമനില (1–1). ജേതാവിനെ കണ്ടെത്താൻ ഇന്നു ടൈബ്രേക്കർ നടക്കും. റാപിഡ് ടൈബ്രേക്കറിൽ ഫലം കണ്ടില്ലെങ്കിൽ ബ്ലിറ്റ്സ്, ആർമഗെഡൻ മത്സരങ്ങൾ നടത്തി വിജയിയെ നിശ്ചയിക്കും. ശനിയാഴ്ച ഇവർ തമ്മിൽ നടന്ന ഫൈനലിലെ ആദ്യ ഗെയിമും സമനിലയായിരുന്നു.
പത്തൊൻപതിന്റെ ചോരത്തിളപ്പുമായിറങ്ങിയ ദിവ്യയെ 38 വയസ്സിന്റെ പരിചയസമ്പത്തോടെ ഹംപി നേരിട്ട ദിനമായിരുന്നു ഇന്നലെ. വെള്ളക്കരുക്കളുമായി കുതിരയെ ഇറക്കി ഹംപിയുടെ തുടക്കം. ശാന്തമായ ഇംഗ്ലിഷ് പ്രാരംഭത്തിൽ തുടങ്ങി ക്വീൻസ് ഗാംബിറ്റിനു സമാനമായ കരുനിലയിൽ വന്നെത്തിയതോടെ ഹംപിയുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. തനിക്കു മികവുള്ള പൊസിഷനൽ ചെസിൽ മുൻതൂക്കം നേടുക. ഹംപിയുടെ വേഗത്തിലുള്ള നീക്കങ്ങൾക്ക് അതേവേഗത്തിൽ തന്നെയായിരുന്നു ദിവ്യയുടെ മറുപടി. ദിവ്യയുടെ നാലാം നീക്കത്തിനു (എ6) ശേഷം ചിന്തയിലേക്കു നീങ്ങിയത് ആദ്യം ഹംപിയായിരുന്നു.
കംപ്യൂട്ടർ നീക്കങ്ങൾക്കു സമാനമായ കണിശത ഇരുവരും പാലിച്ചതോടെ ആർക്കുമാർക്കും മുൻതൂക്കമില്ലാത്ത സ്ഥിതി. പതിമൂന്നാം നീക്കത്തോടെ ഇരുവരും രണ്ടു റൂക്കുകളും വെട്ടിമാറ്റിയതോടെ ഹംപിയുടെ രണ്ടു ബിഷപ്പിനു പകരം ദിവ്യയ്ക്കു 2 കുതിര എന്നതുമാത്രമായിരുന്നു കളത്തിലെ കാര്യമാത്രപ്രധാനമായ വ്യത്യാസം.
23ാം നീക്കത്തിൽ ഹംപി താൽക്കാലികമായി കാലാളിനെ ബലി നൽകിയതോടെ ഇരുവരും കളത്തിൽ ആഗ്രഹിച്ച സമ്മർദഘട്ടം വന്നു. ശ്രദ്ധിച്ചു കളിച്ചില്ലെങ്കിൽ കളി അപകടകരമാകുമെങ്കിലും വിജയത്തിന് എന്തെങ്കിലും സാധ്യതകളുണ്ടോ എന്നു പരിശോധിക്കുന്ന തിരക്കിലായി ദിവ്യ. കരുനില അൽപം മോശമായാലും തനിക്ക് അധികമായുള്ള കാലാൾ അന്ത്യഘട്ടത്തിൽ ഗുണകരമാകും എന്നതായിരുന്നു ആ പ്രതീക്ഷയ്ക്ക് അടിസ്ഥാനം.
എന്നാൽ, ഹംപിയുടെ ഓരോ നീക്കം കഴിയുന്തോറും ഏറ്റവും കൃത്യമായ ‘ഒരേയൊരു മറുനീക്കം’ കണ്ടെത്തേണ്ട സമ്മർദത്തിലായി ദിവ്യ.
രണ്ടുപേരും വിജയത്തിനു ശ്രമിക്കുന്ന സ്ഥിതി. എന്നാൽ, സമയസമ്മർദത്തിൽ ആക്രമണങ്ങൾക്ക് അവധി കൊടുത്ത് ഇരുവരും ഒരേനീക്കങ്ങൾ നടത്തി കരുനില മൂന്നുവട്ടം ആവർത്തിച്ചതോടെ 34 നീക്കങ്ങളിൽ സമനില പിറന്നു.
വിജയിയെ ഇന്ന് അറിയാം: ടൈബ്രേക്കർ ഇങ്ങനെ
കൊനേരു ഹംപി X ദിവ്യ ദേശ്മുഖ്
ഇരുവർക്കും 15 മിനിറ്റും ഓരോ നീക്കത്തിനും 10 സെക്കൻഡ് അധികസമയവുമുള്ള 2 റാപിഡ് ഗെയിമുകൾ.സ്കോർ തുല്യമായാൽ ഇരുവർക്കും 10 മിനിറ്റും ഓരോ നീക്കത്തിനും 10 സെക്കൻഡ് അധികസമയവുമുള്ള 2 റാപിഡ് ഗെയിമുകൾ.
വീണ്ടും സ്കോർ തുല്യമായാൽ ഇരുവർക്കും 5 മിനിറ്റും ഓരോ നീക്കത്തിനും 3 സെക്കൻഡ് അധികസമയവുമുള്ള 2 ബ്ലിറ്റ്സ് ഗെയിമുകൾ.
വീണ്ടും സ്കോർ തുല്യമായാൽ ഇരുവർക്കും 3 മിനിറ്റും ഓരോ നീക്കത്തിനും 2 സെക്കൻഡ് അധികസമയവുമുള്ള ഓരോ ഗെയിം വിജയിയെ കണ്ടെത്തുവരെ തുടരും.'
English Summary:








English (US) ·