Published: September 24, 2025 05:51 PM IST
1 minute Read
ബ്രിസ്‌ബെയ്‌ൻ∙ സിക്സറുകൾ ഹരമാക്കിയ വൈഭവ് സൂര്യവംശി, വിക്കറ്റുകൾ വീഴ്ത്തി മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ആയുഷ് മാത്ര; കൗമാരക്കാരുടെ തകർപ്പൻ പ്രകടനത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം യൂത്ത് ഏകദിന മത്സരത്തിൽ ഇന്ത്യ അണ്ടർ 19 ടീമിന് 51 റൺസിന്റെ ജയം. ഇന്ത്യ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ഇന്നിങ്സ്, 47.2 ഓവറിൽ 249 റൺസിൽ അവസാനിച്ചു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആയുഷ് മാത്രെ, രണ്ടു വിക്കറ്റ് വീഴ്ത്തിയ കനിഷ്ക ചൗഹാൻ എന്നിവരുടെ മികവിലാണ് ഓസീസിനെ ഇന്ത്യ വീഴ്ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ആയുഷ് മാത്രെയെ നഷ്ടമായെങ്കിൽ രണ്ടാം വിക്കറ്റിൽ വൈഭവ് സൂര്യവംശിയും (68 പന്തിൽ 70) വിഹാൻ മൽഹോത്രയും (74 പന്തിൽ 70) ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 117 റൺസ് കൂട്ടിച്ചേർത്തു. ആറു സിക്സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്. ഇതോടെ യൂത്ത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി. വെറും 10 ഇന്നിങ്സുകളിൽനിന്ന് 41 സിക്സറുകളാണ് വൈഭവ് അടിച്ചുകൂട്ടിയത്. 21 ഇന്നിങ്സുകളിൽനിന്ന് 38 സിക്സറുകളടിച്ച ഉൻമുക്ത് ചന്ദിന്റെ റെക്കോർഡാണ് വൈഭവ് തകർത്തത്. യൂത്ത് ഏകദിനങ്ങളിൽ ഇതുവരെ 540 റൺസ് നേടിയ വൈഭവ്, 26% റൺസും ബൗണ്ടറികളിലൂടെയാണ് നേടിയത്.
ഒരു സിക്സും ഏഴു ഫോറുമാണ് വിഹാൻ മൽഹോത്രയുടെ ബാറ്റിൽനിന്നു പിറന്നത്. 19–ാം ഓവറിൽ വൈഭവിനെ പുറത്താക്കി, ഓസീസ് ക്യാപ്റ്റൻ യഷ് ദേശ്മുഖാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ വേദാന്ത് ത്രിവേദി 26 റൺസെടുത്ത് പുറത്തായി. അഞ്ചാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ, അഭിജ്ഞാൻ കുന്ദു 64 പന്തിൽ 71 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. 2 സിക്സും 5 ഫോറുമാണ് അഭിജ്ഞാൻ അടിച്ചത്. അവസാന ഓവറിലാണ് അഭിജ്ഞാൻ പുറത്തായത്. ഓസീസിനായി വിൽ ബൈറോം മൂന്നു വിക്കറ്റും യഷ് ദേശ്മുഖ് രണ്ടു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ, ജെയ്ഡൻ ഡ്രാപ്പർ (72 പന്തിൽ 107) ഓസ്ട്രേലിയയ്ക്കായി സെഞ്ചറി നേടിയെങ്കിലും മറ്റു ബാറ്റർമാർക്ക് കാര്യമായി സംഭാവന ചെയ്യാൻ സാധിക്കാതിരുന്നതോടെ അവർക്കു ജയം എത്തിപ്പിടിക്കാനായില്ല. അര്യൻ ശർമ (38), അലക്സ് ടേണർ (24) എന്നിവർ മാത്രമാണ് 20നു മുകളിൽ റൺസ് നേടിയത്.
English Summary:








English (US) ·