Published: November 28, 2025 06:23 PM IST
1 minute Read
ലക്നൗ ∙ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ വിദർഭയെ തോൽപ്പിച്ച് മുംബൈ. ആദ്യം ബാറ്റു ചെയ്ത വിദർഭ ഉയർത്തിയ 193 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം 17.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടക്കുകയായിരുന്നു. ഓപ്പണർ ആയുഷ് മാത്രേയുടെ കിടിലൻ സെഞ്ചറിയാണ് മുംബൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
53 പന്തിൽ 110 റൺസെടുത്ത ആയുഷ് മാത്രേ പുറത്താകാതെ നിന്നു. എട്ടു സിക്സും എട്ടു ഫോറുമാണ് ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായ ആയുഷ് അടിച്ചത്. കഴിഞ്ഞ ദിവസം മറ്റൊരു സിഎസ്കെ താരമായ ഉർവിൽ പട്ടേലും ഗുജറാത്തിനു വേണ്ടി സെഞ്ചറി നേടിയിരുന്നു. 19 പന്തിൽ 39 റൺസുമായി ശിവം ദുബെ, ആയുഷ് മാത്രേയ്ക്കു ഉറച്ച പിന്തുണ നൽകി. മൂന്നു സിക്സും മൂന്നു ഫോറുമാണ് ശിവം ദുബെ അടിച്ചത്. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചറി നേടിയ അജിൻക്യ രഹാനെ സംപൂജ്യനായി പുറത്തായപ്പോൾ സൂര്യകുമാർ യാദവ് 30 പന്തിൽ 35 റൺസ് നേടി.
മറ്റൊരു മത്സരത്തിൽ, ഹൈദരാബാദിനെ മഹാരാഷ്ട്ര എട്ടു വിക്കറ്റിനു തോൽപ്പിച്ചു. അർധസെഞ്ചറി നേടിയ അർഷിൻ കുൽക്കർണി (54 പന്തിൽ 89*), ക്യാപ്റ്റൻ പൃഥ്വി ഷാ (36 പന്തിൽ 66*) എന്നിവരുടെ ബാറ്റിങ്ങാണ് മഹരാഷ്ട്രയെ വിജയത്തിലെത്തിച്ചത്. 192 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ മഹാരാഷ്ട്ര മറികടന്നു. രാഹുൽ ത്രിപാഠി 11 പന്തിൽ 26 റൺസെടുത്തു. അർഷിൻ കുൽക്കർണിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ബിഹാറിനെതിരെ മധ്യപ്രദേശ് താരം വെങ്കടേഷ് അയ്യരും അർധസെഞ്ചറി നേടി. 34 പന്തിൽ 55 റൺസെടുത്ത വെങ്കടേഷ്്, ബോളിങ്ങിൽ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. മധ്യപ്രദേശ് ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബിഹാർ, 19.2 ഓവറിൽ 112 റൺസിന് ഓൾഔട്ടായി. ബിഹാർ ഓപ്പണർ പതിനാലുകാരൻ വൈഭവ് സൂര്യവംശി 9 പന്തിൽ 13 റൺസെടുത്ത് പുറത്തായി.
അതേസമയം, സൂപ്പർ ഓവറിലേക്കു നീണ്ട മത്സരത്തിൽ ഹരിയാനയ്ക്കെതിരെ അഭിഷേക് ശർമ നയിച്ച പഞ്ചാബ് തോറ്റു. ബാറ്റിങ്ങിൽ ഇരു ടീമുകളുടെയും ഇന്നിങ്സ് 207 റൺസിൽ അവസാനിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടത്. എന്നാൽ ആദ്യം ബാറ്റു ചെയ്ത പഞ്ചാബിന്റെ രണ്ടു വിക്കറ്റുകളും ഒരു റൺസിനിടെ നഷ്ടമായി.
മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ബൗണ്ടറി പായിച്ച് ഹരിയാന വിജയിക്കുകയും ചെയ്തു. തുടർച്ചയായ രണ്ടാം മത്സരത്തിലും അഭിഷേക് ശർമ (5 പന്തിൽ 6) നിറംമങ്ങി. ഡൽഹിക്കെതിരായ മത്സരത്തിൽ തമിഴ്നാടു താരം സായ് സുദർശനും (10 പന്തിൽ 13) തിളങ്ങാനായില്ല. തമിഴ്നാട് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം അർധസെഞ്ചറി നേടിയ ഓപ്പണർ യഷ് ദുല്ലിന്റെ (46 പന്തിൽ 71) ഇന്നിങ്സ് കരുത്തിൽ ഡൽഹി മറികടന്നു.
English Summary:








English (US) ·