Published: April 23 , 2025 09:48 PM IST Updated: April 23, 2025 11:02 PM IST
1 minute Read
ഹൈദരാബാദ് ∙ വീണ്ടും ഹിറ്റ്മാൻ രോഹിത് ശർമ മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴു വിക്കറ്റ് ജയം. 46 പന്തിൽ മൂന്നു സിക്സും എട്ടു ഫോറുമുൾപ്പെടെ 70 റൺസ് നേടിയ രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്കോറർ. 26 പന്തുകൾ ശേഷിക്കെയാണ് മുംബൈയുടെ ജയം. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 143 റൺസ്. മുംബൈ 15.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ്. ജയത്തോടെ പോയിന്റ് പട്ടികയിൽ മുംബൈ മൂന്നാം സ്ഥാനത്തെത്തി.
144 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ റയാൻ റിക്കൽട്ടനെ (11) നഷ്ടമായി. രോഹിത്തിന് കൂട്ടായി വിൽ ജാക്സ് എത്തിയതോടെ സ്കോറിങ് വേഗത്തിലായി. 46 പന്തിൽ 64 റൺസ് പടുത്തുയർത്തിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. വിൽ ജാക്സ് 22 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ രോഹിത് ശർമ – സൂര്യകുമാർ യാദവ് കൂട്ടുകെട്ട് 53 റൺസ് നേടി. 15 ാം ഓവറിൽ രോഹിത് ശർമ പുറത്താകുമ്പോൾ മുംബൈ ജയത്തിന് 14 റൺസ് മാത്രം അകലെയായിരുന്നു. 19 പന്തിൽ 40 റൺസെടുത്ത സൂര്യകുമാർ യാദവും രണ്ടു റൺസുമായി തിലക് വർമയും പുറത്താകാതെ നിന്നു.
നേരത്തെ, കൂട്ടത്തകർച്ചയുടെ വക്കിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസന്റെയും (71 റൺസ്) ഇംപാക്ട് പ്ലെയർ അഭിനവ് മനോഹറിന്റെയും (43 റൺസ്) മികവിലാണ് മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ നേടിയത്. 8.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിൽ തകർന്ന ഹൈദരാബാദിനെ ക്ലാസൻ – അഭിനവ് മനോഹർ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 63 പന്തിൽ 99 റൺസാണ് നേടിയത്. ഇതുകൂടാതെ അഞ്ചാം വിക്കറ്റിൽ ക്ലാസനും അനികേത് വർമയും ചേർന്ന് നേടിയ 22 റൺസാണ് ഹൈദരാബാദിന്റെ രണ്ടക്കം കടന്ന ഏക കൂട്ടുകെട്ട്. ഹെൻറിച്ച് ക്ലാസൻ, അഭിനവ് മനോഹർ എന്നിവരെ കൂടാതെ അനികേത് വർമ (12 റൺസ്) മാത്രമാണ് ഹൈദരാബാദ് നിരയിൽ രണ്ടക്കം കടന്നത്. മുംബൈയ്ക്കു വേണ്ടി ട്രെന്റ് ബോൾട്ട് നാലു വിക്കറ്റും ദീപക് ചാഹർ രണ്ടു വിക്കറ്റും ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
English Summary:








English (US) ·