പത്തനംതിട്ട: “ആരാ ഷൺമുഖാ നീ...” കറുത്ത അംബാസഡർ കാറിലെ രാത്രിയാത്രയിൽ ഇടതുവശത്തിരുന്ന സർക്കിൾ ഇൻസ്പെക്ടർ ജോർജ് ചോദിച്ചു. വളയം പിടിച്ചിരുന്ന ഷൺമുഖം പറഞ്ഞു; “ഞാനൊരു പത്തനംതിട്ടക്കാരനാണ് സാർ.” മലയാളസിനിമാഭൂമികയിൽ പത്തനംതിട്ടയുടെ പേരുപറഞ്ഞും ജില്ലയെ പകർത്തിയും പുതിയൊരു ഹിറ്റ് പിറന്നിരിക്കുന്നു; മോഹൻലാൽ ചിത്രമായ ‘തുടരും’.
റാന്നി പെരുനാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ വികസിക്കുന്നത്. അതിൽ, റാന്നിക്കാരനായി കെഎൽ 03 എൽ 4455 കാറിലെ ഡ്രൈവർ സീറ്റിൽ മോഹൻലാൽ ഇരിപ്പുണ്ട്.
നമ്മുടെ നാട്ടിലെ കഥ
കഥ ഭൂരിഭാഗവും നടക്കുന്നത് റാന്നിയിൽ. ഇടയ്ക്ക് എരുമേലിയിലേക്കും കമ്പത്തേക്കും നീളുന്നുവെന്ന് മാത്രം. മോഹൻലാൽ അയ്യപ്പന്മാരുമായി കാറോടിച്ചുവരുന്ന സീൻ ചാലക്കയത്താണ് ഷൂട്ട് ചെയ്തത്. വനംവകുപ്പിന്റെ അനുമതിയോടെയായിരുന്നു ഇത്. പിന്നീട് കാർ സഞ്ചരിക്കുന്ന വഴികളാണ് റാന്നിയിൽ പ്രധാനമായും ചിത്രീകരിച്ചത്. മോഹൻലാലിന്റെതും ശോഭനയുടേതുമായി കാണിക്കുന്ന വീട് തൊടുപുഴയിൽ. റാന്നിയിൽ നാലുദിവസമായിരുന്നു ഷൂട്ടിങ്. റാന്നിയെ എക്സ്പ്ലോർ ചെയ്യുന്നത് ഈ സിനിമയിലൂടെയാണെന്ന് സംവിധായകൻ തരുൺ മൂർത്തി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.
“റാന്നി കേരളത്തിന്റെ മഹാറാണിയാണ്. പ്രകൃതിരമണീയമായ സ്ഥലം. റാന്നിയിലൂടെ പല സ്ഥലത്തേക്കും സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ അറിയുന്നത് ഇപ്പോഴാണ്. തുടരും സിനിമയിലൂടെ റാന്നി ആളുകളുടെ പ്രിയപ്പെട്ട സ്ഥലമായി മാറട്ടെ.” അഭിമുഖത്തിലെ തരുൺ മൂർത്തിയുടെ വാക്കുകൾ.
പത്തനംതിട്ട ട്രെൻഡിങ്
തുടരും മികച്ച അഭിപ്രായം നേടുന്നതിനൊപ്പം, പത്തനംതിട്ടയും സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡിങ് ആകുന്നു. ചിത്രീകരണം പൂർണമായി ഇവിടെ ആയിരുന്നില്ലെങ്കിലും കഥ നടക്കുന്ന ഇടം എന്ന രീതിയിൽ പ്രേക്ഷകർ പത്തനംതിട്ടയ്ക്ക് വിശേഷണങ്ങൾ നൽകിത്തുടങ്ങി. പത്തനംതിട്ട മലയാളസിനിമയുടെ ഭാഗ്യനക്ഷത്രം, റാന്നിക്കാരനായി ലാലേട്ടൻ തകർത്തു... എന്നിങ്ങനെ നീളുന്നു കമന്റുകൾ.
പത്തനംതിട്ട ജില്ല പശ്ചാത്തലമായി വരുന്ന പല സിനിമയും ജില്ലയ്ക്ക് പുറത്ത് ചിത്രീകരിക്കാൻ കാരണം ആളുകൾക്ക് ഇവിടെ ക്യാമ്പ് ചെയ്യാനുള്ള ബുദ്ധിമുട്ടാണ്. യാത്രാസൗകര്യത്തിന്റെ കുറവും ഉണ്ട്. ഓർഡിനറി, മാളികപ്പുറം, വരൻ, സാജൻ ബേക്കറി, മധുര മനോഹര മോഹം തുടങ്ങിയ സിനിമകൾ പത്തനംതിട്ടയുടെ ഗ്രാമീണ-മലയോര ഭംഗി പകർത്തിയവ.പത്തനംതിട്ടയിലെ ഇലന്തൂരിലാണ് മോഹൻലാലിന്റെ കുടുംബവീട്.
Content Highlights: thudarum malayalam movie and pathanamthitta
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·