
സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക | ഫോട്ടോ: Instagram
ചൂടുപിടിച്ച സൈബർ ചർച്ചകൾക്ക് വഴിയൊരുക്കി തെലുങ്ക് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ കുറിപ്പ്. ഒരു താരത്തിന്റെ വൃത്തികെട്ട പിആർ പ്രവർത്തനം എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. ഒരാളുടേയും പേരെടുത്തുപറയാതെയാണ് സംവിധായകന്റെ വിമർശനം. ഈ വ്യക്തി തന്റെ പുതിയ ചിത്രത്തിന്റെ കഥ പുറത്തുവിട്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ദീപിക പദുക്കോണിനെയായിരുന്നു. പിന്നീട് ഇവരെ മാറ്റുകയും പകരം തൃപ്തി ദിമ്രിയെ കൊണ്ടുവരികയും ചെയ്തു. രണ്ടുദിവസം മുൻപ് ഇക്കാര്യം സന്ദീപ് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ സോഷ്യൽ മീഡിയാ പോസ്റ്റുമായി സന്ദീപ് റെഡ്ഡി വാങ്ക രംഗത്തെത്തിയത്.
തിങ്കളാഴ്ച എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും ഒരു അഭിനേതാവ് തന്റെ കഥ പുറത്തുവിട്ടതായി അവകാശപ്പെട്ടു. അവരുടെ ഫെമിനിസ്റ്റ് നിലപാടുകളേയും അദ്ദേഹം ചോദ്യം ചെയ്തു. "ഞാൻ ഒരു അഭിനേതാവിനോട് കഥ പറയുമ്പോൾ 100% വിശ്വാസമാണ് അർപ്പിക്കുന്നത്. ഞങ്ങൾക്കിടയിൽ പറയാത്ത ഒരു എൻഡിഎ (Non Disclosure Agreement) ഉണ്ട്. എന്നാൽ ഇത് ചെയ്യുന്നതിലൂടെ, നിങ്ങൾ നിങ്ങളാരാണ് എന്ന് 'വെളിപ്പെടുത്തിയിരിക്കുകയാണ്'... ഒരു യുവതാരത്തെ താഴ്ത്തിക്കെട്ടി എന്റെ കഥ പുറത്തുവിടുകയാണോ? ഇതാണോ നിങ്ങളുടെ ഫെമിനിസം കൊണ്ട് ഉദ്ദേശിക്കുന്നത്?" അദ്ദേഹം എഴുതി.
തന്റെ സിനിമയുടെ കഥ വെളിപ്പെടുത്തിയതിൽ തനിക്ക് വിഷമമില്ലെന്നും സന്ദീപ് പറഞ്ഞു. "ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ, ഞാൻ ആർജിച്ച കഴിവിനുപിന്നിൽ എന്റെ വർഷങ്ങളുടെ കഠിനാധ്വാനമുണ്ട്. എനിക്ക് സിനിമയാണ് എല്ലാം. അത് നിങ്ങൾക്ക് മനസ്സിലായില്ല. മനസ്സിലാകില്ല. ഒരിക്കലും മനസ്സിലാകില്ല. അടുത്ത തവണ മുഴുവൻ കഥയും പറഞ്ഞോളൂ... കാരണം എനിക്ക് ലവലേശം പോലും വിഷമമില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപ് റെഡ്ഡിയുടെ പോസ്റ്റ് ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നാണ് പലരും കമന്റ് ചെയ്തത്. ചിലരാകട്ടെ ഇത് ദീപികാ പദുക്കോണിനെയാണ് ലക്ഷ്യമിടുന്നതെന്ന് അഭിപ്രായപ്പെട്ടു.
നേരത്തെ ദീപിക മുന്നോട്ടുവെച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവരെ നായികാസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്ന് സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ദിവസം എട്ടു മണിക്കൂര്‍ ജോലി സമയം, ഉയര്‍ന്ന പ്രതിഫലം തുടങ്ങിയ ഡിമാന്‍ഡുകളാണ് ദീപിക മുന്നോട്ടുവെച്ചതെന്നാണ് സൂചന. തെലുങ്കില്‍ സംഭാഷണം പറയാന്‍ ദീപിക വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുറച്ചുകാലമായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ദീപികയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് സ്പിരിറ്റ്.
Content Highlights: Filmmaker Sandeep Reddy Vanga criticizes an unnamed histrion for `dirty PR` and outing `Spirit` story
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·