18 May 2025, 07:14 AM IST
.jpg?%24p=c771108&f=16x10&w=852&q=0.8)
Photo: AP
ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളില്‍ ചരിത്രംകുറിച്ച് ക്രിസ്റ്റല്‍ പാലസ് ചാമ്പ്യന്‍മാര്‍. വെംബ്ലിയില്‍ നടന്ന ഫൈനലില്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് പാലസിന്റെ നേട്ടം. ഒരു നൂറ്റാണ്ടുനീണ്ട ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ മേജര്‍ ട്രോഫിയാണിത്. 1905 മുതല്‍ ഒരു കിരീടത്തിനായി കാത്തിരുന്ന പാലസിന് ആദ്യപകുതിയില്‍ എബറേഷി ഇസയുടെ (17) ഗോളാണ് തുണയായത്.
എഫ്എ കപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പാലസ് ജേതാക്കളാവുന്നത്. 1990-ലും 2016-ലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. മൂന്നാം ഊഴത്തില്‍ ഒലിവര്‍ ഗ്ലാന്‍സറുടെ കീഴിലാണ് പാലസ് ജേതാക്കളായത്. നിരാശയുടെ സീസണാണ് സിറ്റിയുടേത്. പ്രീമിയര്‍ ലീഗില്‍ കിരീടം നഷ്ടമായ പെപ് ഗാര്‍ഡിയോളയുടെ ടീമിന്റെ അവസാന പ്രതീക്ഷയായിരുന്നു എഫ്എ കപ്പ്.
36-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സമനില പിടിക്കാനുള്ള സുവര്‍ണാവസരം സിറ്റി നഷ്ടപ്പെടുത്തി. ബെര്‍ണാഡോ സില്‍വയെ ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു സിറ്റിക്ക് അനുകൂലമായ പെനാല്‍റ്റി. പക്ഷേ കിക്കെടുത്ത ഒമര്‍ മര്‍മോഷിന്റെ ഷോട്ട് പാലസ് ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്സന്‍ കിടിലനൊരു ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. ഹെന്‍ഡേഴ്‌സന്റെ മികവാണ് പാലസിന്റെ കിരീടവിജയത്തില്‍ നിര്‍ണായകമായത്.
മത്സരത്തില്‍ 79 ശതമാനം സമയവും പന്ത് വരുതിയില്‍ വെച്ചത് സിറ്റിയായിരുന്നു. 22 ഗോള്‍ ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായി. പാലസാവട്ടെ ഏഴുതവണമാത്രമാണ് ഗോള്‍ പോസ്റ്റ് ലക്ഷ്യമിട്ട് ഷോട്ടുതിര്‍ത്തത്.
ഈ സീസണോടെ ക്ലബ് വിടുന്ന കെവിന്‍ ഡിബ്രുയിന് കിരീട നേടത്തോടെ ഒരു യാത്രയയപ്പ് നല്‍കാനുള്ള സിറ്റിയുടെ ശ്രമവും പാഴായി. എഫ്എ കപ്പും നഷ്ടമായതോടെ പെപ് ഗ്വാര്‍ഡിയോളയുടെ സംഘത്തിന് ട്രോഫിയില്ലാത്ത സീസണായി ഇത്.
Content Highlights: Crystal Palace defeats Manchester City 1-0 to triumph their archetypal ever large trophy astatine Wembley








English (US) ·