
പ്രതീകാത്മക ചിത്രം, വെട്രിമാരൻ | Photo: X/ SRS CA TV, Mathrubhumi Archives
ചെന്നൈ: സംവിധായകൻ വെട്രിമാരൻ നിർമിച്ച ‘മാനുഷി’ എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ച നടപടിയെ രൂക്ഷമായിവിമർശിച്ച് മദ്രാസ് ഹൈക്കോടതി. സിനിമ ആവിഷ്കാര സ്വാതന്ത്രത്തിന്റെ പരിധിയിൽപെടുന്നതാണെന്നും പൊതുപ്രദർശനത്തിന് മുൻപ്, വെട്ടിമാറ്റേണ്ട ആക്ഷേപകരമായ രംഗങ്ങൾ, ദൃശ്യങ്ങൾ, സംഭാഷണങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമാക്കാതെ എങ്ങനെ സർട്ടിഫിക്കേഷൻ നിഷേധിക്കാനാവുമെന്നും കോടതി സെൻസർ ബോർഡിനോടു ചോദിച്ചു.
ആക്ഷേപത്തിന് ഇടയാകാൻ സാധ്യതയുള്ളവയെക്കുറിച്ച് വിശദമാക്കിയില്ലെങ്കിൽ ഏതെല്ലാംഭാഗങ്ങൾ വെട്ടിമാറ്റണമെന്നറിയാതെ നിർമാതാവിന് ഇരുട്ടിൽത്തപ്പേണ്ടിവരും. ചിത്രീകരണം പൂർത്തിയാക്കിയതിനാൽ നിർമാതാവിന് വലിയ സാമ്പത്തികനഷ്ടം നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. എഡിറ്റിങ് ആവശ്യമുള്ള ഭാഗങ്ങളെക്കുറിച്ച് 16-നകം സെൻസർ ബോർഡിൽനിന്ന് ശേഖരിക്കാൻ കേന്ദ്രസർക്കാരിന്റെ മുതിർന്ന അഭിഭാഷകൻ എ. കുമാരഗുരുവിന് കോടതി നിർദേശംനൽകി.
നിർമാതാവിനൊപ്പം സിനിമകണ്ടാൽ എതിർപ്പുള്ള ഭാഗങ്ങൾ അദ്ദേഹത്തെ ചൂണ്ടിക്കാണിക്കാനും കഴിയുമെന്ന് കോടതി പറഞ്ഞു. ‘സിനിമ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യ’മെന്ന അവകാശത്തിനു കീഴിൽപ്പെടുന്നതാണ്. അതിലെ ആക്ഷേപകരമായ ഭാഗങ്ങൾ വ്യക്തമാക്കാതെ സിനിമയ്ക്കു സർട്ടിഫിക്കേഷൻ നിഷേധിക്കാൻ കഴിയില്ല. നിർമാതാവ് മുഴുവൻസിനിമയും പുതുതായി ചിത്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതും ശരിയായകാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സെൻസർ ബോർഡ് പാസാക്കിയ ഉത്തരവുകൾ പരിശോധിച്ച കോടതി മാനുഷിക്ക് സർട്ടിഫിക്കറ്റ് നിഷേധിച്ചതിന് അഞ്ചുകാരണങ്ങളാണ് സമിതി ചൂണ്ടിക്കാട്ടിയതെന്നു വ്യക്തമാക്കി. സിനിമ സംസ്ഥാനത്തിന്റെ ഐക്യം തകർക്കും, അവഹേളനപരമായ രംഗങ്ങളുണ്ട്, സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നു, രാജ്യത്തെ വടക്ക്, തെക്ക് എന്ന വിഭജനത്തിലേക്കു നയിക്കുന്നു, രാജ്യതാത്പര്യത്തിനെതിരായ വികാരമുണ്ടാക്കുന്നു തുടങ്ങിയവയായിരുന്നു അവ. സെൻസർ ബോർഡിൽനിന്ന് ജൂൺ 11-നകം കോടതി പ്രതികരണവും ആവശ്യപ്പെട്ടു.
വെട്രിമാരന്റെ ഗ്രാസ്‌റൂട്ട് ഫിലിം കമ്പനിയാണ് മാനുഷി നിർമിച്ചത്. ആൻഡ്രിയ നായികയായ ചിത്രത്തിൽ നാസർ, ഹക്കിം ഷാ, ബാലാജി ശക്തിവേൽ എന്നിവർ പ്രധാനവേഷത്തിലുണ്ട്. ഇളയരാജയുടേതാണ് സംഗീതം.
Content Highlights: Madras High Court criticizes the censor board`s refusal to certify `Manushi`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·