വെദാദ് എസിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തുടക്കം; പെനൽറ്റി പാഴാക്കിയ റയലിന് അൽ ഹിലാലിനെതിരെ സമനിലക്കുരുക്ക്

7 months ago 6

മനോരമ ലേഖകൻ

Published: June 19 , 2025 07:55 AM IST

1 minute Read

phil-foden-goal-celebration
മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ഗോൾ നേടിയ ഫിൽ ഫോഡന് സഹതാരത്തിന്റെ അഭിനന്ദനം (സിറ്റി പങ്കുവച്ച ചിത്രം)

ഫിലഡൽഫിയ (യുഎസ്) ∙ ക്ലബ് ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ ഗോളുമായി ഫിൽ ഫോഡൻ റെക്കോർഡിട്ട മത്സരത്തിൽ മൊറോക്കോ ക്ലബ് വെദാദ് എസിയെ 2–0ന് തോൽപിച്ച് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. 2–ാം മിനിറ്റിൽ ഫോഡനിലൂടെ ലക്ഷ്യം കണ്ട സിറ്റിക്കായി 42–ാം മിനിറ്റിൽ ജെറമി ‍ഡോക്കു രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ സിറ്റി താരങ്ങൾക്ക് അവസരം ലഭിച്ചെങ്കിലും വെദാദ് പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല. ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റി ഫെഡറിക്കോ വാൽവെർദെ പാഴാക്കിയ മത്സരത്തിൽ റയൽ മഡ്രിഡ് സൗദി ക്ലബ് അൽ ഹിലാലിനോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനില പാലിച്ചത്.

ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു ഇംഗ്ലിഷ് ടീമുമായി ആദ്യ മത്സരത്തിന് ഇറങ്ങിയ വെദാദ് സിറ്റിക്കെതിരെ പ്രതിരോധത്തിലൂന്നിയാണ് തുടങ്ങിയത്. 5–4–1 എന്ന ഫോർമേഷനിൽ ഇറങ്ങിയ മൊറോക്കോ ടീമിന്റെ ലക്ഷ്യം സിറ്റിയെ ഗോളടിപ്പിക്കാതെ പിടിച്ചുനിർത്തുക എന്നതായിരുന്നു. എന്നാൽ രണ്ടാം മിനിറ്റിൽ തന്നെ വെദാദിന്റെ പ്രതിരോധത്തിൽ സിറ്റി വിള്ളൽ വീഴ്ത്തി. ഇടതു വിങ്ങിലൂടെ ഡോക്കു നടത്തിയ കുതിപ്പ് ഫോഡൻ ഫിനിഷ് ചെയ്തു.

ആദ്യ ഗോളിന്റെ ഞെട്ടൽ മാറാൻ അൽപം സമയമെടുത്തെങ്കിലും മിനിറ്റുകൾക്കുള്ളിൽ സിറ്റി ഗോൾ മുഖത്തേക്ക് വെദാദിന്റെ കൗണ്ടർ അറ്റാക്ക്. ഗോളെന്ന് ഉറപ്പിച്ച അവസരം വെദാദ് സ്ട്രൈക്കർമാരുടെ പരിചയക്കുറവു മൂലം പോസ്റ്റിനു പുറത്തേക്ക്. ആദ്യ പകുതിയിൽ സിറ്റിയെ രണ്ടാം ഗോൾ നേടാൻ അനുവദിക്കാതെ പിടിച്ചുനിർത്താൻ വെദാദ് ശ്രമിച്ചെങ്കിലും 42–ാം മിനിറ്റിൽ ഡോക്കു ഇംഗ്ലിഷ് ക്ലബ്ബിനായി ലക്ഷ്യം കണ്ടു.

ആദ്യ ഗോൾ നേടിയ ഫോഡന്റെ വകയായിരുന്നു അസിസ്റ്റ്. 2–0ന് ആദ്യ പകുതി അവസാനിപ്പിച്ച സിറ്റിക്കു പക്ഷേ, രണ്ടാം പകുതിയിൽ സൂപ്പർ താരം എർലിങ് ഹാളണ്ടിനെ ഉൾപ്പെടെ ഇറക്കിയിട്ടും ലീഡ് ഉയർത്താൻ സാധിച്ചില്ല. 87–ാം മിനിറ്റിൽ സിറ്റി താരം റിക്കോ ലൂയിസ് റെഡ് കാർഡ് കണ്ടു പുറത്തായി.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ ഫെഡറിക്കോ വാൽവെർദെ പെനൽറ്റി പാഴാക്കിയതാണ് അൽ ഹിലാലിനെതിരെ റയലിന് തിരിച്ചടിയായത്. അൽ ഹിലാൽ ഗോൾകീപ്പർ യാസിൻ ബോനോ വാർവെർദെയുടെ കിക്ക് തട്ടിയകറ്റുകയായിരുന്നു. 34–ാം മിനിറ്റിൽ ഗോൺസാലോ ഗാർഷ്യയിലൂടെ ലീഡെടുത്ത റയലിനെ, 41–ാം മിനിറ്റിൽ റൂബൻ നെവസ് പെനൽറ്റിയിൽനിന്ന് നേടിയ ഗോളിലാണ് ഹിലാൽ സമനിലയിൽ തളച്ചത്. സാബി അലൊൻസോ റയൽ പരിശീലകനായി അരങ്ങേറിയ മത്സരത്തിൽ, സൂപ്പർതാരം കിലിയൻ എംബപ്പെ കളത്തിലുണ്ടായിരുന്നില്ല.

മറ്റൊരു മത്സരത്തിൽ സ്പാനിഷ് വെറ്ററൻ താരം സെർജിയോ റാമോസിന്റെ ഹെഡർ ഗോളിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ മെക്സിക്കൻ ക്ലബ് മോൺടെറി സമനിലയിൽ പിടിച്ചു. സ്കോർ: ഇന്റർ മിലാൻ –1, മോൺടെറി –1. 42–ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസാണ് ഇന്റർ മിലാനായി ഗോൾ മടക്കിയത്. ബ്രസീൽ ക്ലബ് ഫ്ലുമിനൻസെ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ ഗോൾരഹിത സമനിലയിൽ പിടിച്ചു. അർജന്റീന ക്ലബ് റിവർപ്ലേറ്റ് 3–1ന് ജപ്പാൻ ക്ലബ് ഉറാവ റെഡ്സിനെ പരാജയപ്പെടുത്തി.

English Summary:

Club World Cup: Manchester City Triumphs successful Club World Cup Opener

Read Entire Article