വെറും 52 റൺസിനിടെ വീണത് 9 വിക്കറ്റുകൾ; ഓസീസിനെതിരെ ഇന്ത്യയുടെ ബോളിങ് ബ്രില്യൻസ് !

2 months ago 3

മനോരമ ലേഖകൻ

Published: November 07, 2025 07:10 AM IST Updated: November 07, 2025 10:30 AM IST

1 minute Read

  • നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 48 റൺസ് ജയം; പരമ്പരയിൽ മുന്നിൽ (2–1)

ജോഷ് ഇംഗ്ലിസിനെ പുറത്താക്കിയ അക്ഷർ പട്ടേലിനെ (ഇടത്) അഭിനന്ദിക്കുന്ന ജസ്പ്രീത് ബുമ്ര
ജോഷ് ഇംഗ്ലിസിനെ പുറത്താക്കിയ അക്ഷർ പട്ടേലിനെ (ഇടത്) അഭിനന്ദിക്കുന്ന ജസ്പ്രീത് ബുമ്ര

ഗോൾഡ് കോസ്റ്റ് ∙ 52 റൺസിനിടെ 9 വിക്കറ്റ്... ഗോൾഡ് കോസ്റ്റിൽ ആഞ്ഞടിച്ച ഇന്ത്യൻ ബോളിങ് ചുഴലിക്കാറ്റിൽ ഓസ്ട്രേലിയൻ ബാറ്റിങ് നിര നിലംപൊത്തി. വേഗംകുറഞ്ഞ പിച്ചിന്റെ മർമം തിരിച്ചറിഞ്ഞ് പ്രഹരിച്ച ബോളർമാരുടെ മികവിൽ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 48 റൺസ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 167 റൺസിൽ പിടിച്ചുകെട്ടിയ ആതിഥേയരെ 119 റൺസിൽ ഓൾഔട്ടാക്കിയാണ് ഇന്ത്യൻ ബോളർമാർ തിരിച്ചടിച്ചത്. ജയത്തോടെ 5 മത്സര പരമ്പരയിൽ ഇന്ത്യ 2–1 ലീഡ് നേടി. അവസാന മത്സരം ശനിയാഴ്ച ബ്രിസ്ബെയ്നിൽ നടക്കും. സ്കോർ: ഇന്ത്യ– 20 ഓവറിൽ 8ന് 167. ഓസ്ട്രേലിയ– 18.2 ഓവറിൽ 119ന് ഓ‍ൾഔട്ട്. ബാറ്റിങ്ങിലും (11 പന്തിൽ 21*) ബോളിങ്ങിലും (2 വിക്കറ്റ്) തിളങ്ങിയ അക്ഷർ പട്ടേലാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ഓപ്പണർമാരായ മിച്ചൽ മാർഷും (30) മാത്യു ഷോർടും (25) മികച്ച തുടക്കം നൽകിയതോടെ എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യത്തിലേക്ക് അനായാസം മുന്നേറുകയായിരുന്നു ഓസ്ട്രേലിയ. ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് നേടി നിൽക്കെ 9–ാം ഓവറിലെ അവസാന പന്തിൽ അക്ഷർ പട്ടേൽ, ജോഷ് ഇംഗ്ലിസിനെ (12) പുറത്താക്കിയതായിരുന്നു ടേണിങ് പോയിന്റ്. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ മീഡിയം പേസർ ശിവം ദുബെയെ അടുത്ത ഓവറിൽ പന്തേൽപിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തന്ത്രവും ഫലിച്ചു. രണ്ടാം പന്തിൽ ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെ ബിഗ് വിക്കറ്റ് നേടിയ ദുബെ, തന്റെ അടുത്ത ഓവറിൽ അപകടകാരിയായ ടിം ഡേവിഡിനെയും (14) പുറത്താക്കി.

മൂന്നാം ട്വന്റി20യിൽ ബാറ്റുകൊണ്ട് ഇന്ത്യയുടെ വിജയശിൽപിയായ വാഷിങ്ടൻ സുന്ദർ ഇന്നലെ ബോളിങ്ങിലും മികവുകാട്ടി. 8 പന്തുകൾക്കിടെ 3 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടന്റെ പ്രഹരത്തിൽ ഓസീസിന്റെ അവസാന പ്രതിരോധവും കടപുഴകി. വെറും 52 റൺസിനിടെയാണ് ഓസ്ട്രേലിയയ്ക്ക് അവസാന 9 വിക്കറ്റുകൾ നഷ്ടമായത്. പന്തെറിഞ്ഞ 6 ഇന്ത്യൻ ബോളർമാരും വിക്കറ്റ് നേടി.

നേരത്തേ, ആദ്യ 7 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 56 റൺസെടുത്തശേഷമാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെയും പാളം തെറ്റിയത്. ബാറ്റിങ് പ്രയാസകരമായ പിച്ചിൽ അഭിഷേക് ശർമയും (21 പന്തിൽ 28) ശുഭ്മൻ ഗില്ലും (39 പന്തിൽ 46) കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ 14–ാം ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടിയശേഷം ഇന്ത്യയുടെ തകർച്ച തുടങ്ങി. മൂന്നാം നമ്പറിലേക്കു പ്രമോഷൻ ലഭിച്ചെത്തിയ ശിവം ദുബെയും (22) പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും (10 പന്തിൽ 20) പുറത്തായതോടെ സ്കോറിങ് ഇഴഞ്ഞു. എട്ടാമനായി ബാറ്റിങ്ങിനെത്തിയ അക്ഷർ പട്ടേലിന്റെ (11 പന്തിൽ 21 നോട്ടൗട്ട്) ചെറുത്തുനിൽപാണ് ഇന്ത്യൻ സ്കോർ 167ൽ എത്തിച്ചത്.

English Summary:

India's Bowling Masterclass: India secures a thrilling triumph against Australia successful the 4th T20 match. The Indian bowlers dominated, starring to a 48-run triumph and a 2-1 pb successful the series.

Read Entire Article