'വെറുംമണ്ടനല്ല, മണ്ടത്തരത്തിന്റെ നിര്‍വചനം'; നെറ്റ്ഫ്ലിക്സ് സിഇഒയ്‌ക്കെതിരേ അനുരാഗ് കശ്യപ്

7 months ago 7

08 June 2025, 09:15 PM IST

Anurag Kashyap Ted Sarandos

അനുരാഗ് കശ്യപ്, ടെഡ് സരോൻഡസ്‌ | Photo: PTI, AFP

നെറ്റ്ഫ്‌ളിക്‌സ് സിഇഒ ടെഡ് സരോന്‍ഡസിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. സിനിമയുടെ കാര്യത്തില്‍ ടെക്കികള്‍ മണ്ടന്മാരാണെന്ന് അറിയാമായിരുന്നെങ്കിലും സരോന്‍ഡസ് മണ്ടത്തരത്തിന്റെ നിര്‍വചനം തന്നെയാണെന്ന് അറിയില്ലായിരുന്നുവെന്നാണ്‌ അനുരാഗ് കശ്യപിന്റെ പ്രതികരണം. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയ സീരീസായ 'സേക്രഡ് ഗെയിംസ്', വിക്രമാദിത്യ മോട്‌വാനെയ്‌ക്കൊപ്പം സംവിധാനം ചെയ്തത് അനുരാഗ് കശ്യപ് ആയിരുന്നു. 'സേക്രഡ് ഗെയിംസി'ന് പകരം കുറച്ചുകൂടി ജനപ്രിയമായ മറ്റെന്തെങ്കിലും നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ ലോഞ്ചിന് തിരഞ്ഞെടുക്കണമായിരുന്നു എന്ന സരോന്‍ഡസിന്റെ പ്രതികരണമാണ് അനുരാഗ് കശ്യപിനെ ചൊടിപ്പിച്ചത്.

നിഖില്‍ കാമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സരോന്‍ഡസ് അഭിപ്രായപ്രകടനം നടത്തിയത്. 'ആദ്യംമുതല്‍ വീണ്ടും തുടങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍, 'സേക്രഡ് ഗെയിംസ്' പുറത്തിറക്കാന്‍ രണ്ടുവര്‍ഷംകൂടെ കാത്തിരിക്കുമായിരുന്നു. പകരം മറ്റെന്തെങ്കിലും ജനപ്രിയമായത് ആദ്യ ഒറിജിനലായി തിരഞ്ഞെടുത്തേനെ', എന്നാണ് സരോന്‍ഡസ് അഭിപ്രായപ്പെട്ടത്.

ഇതിനെതിരേയാണ് അനുരാഗ് കശ്യപ് രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമിലായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. സരോന്‍ഡസിന്റെ പരാമര്‍ശത്തെ സംബന്ധിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു രൂക്ഷവിമര്‍ശനം.

'അമ്മായി അമ്മ- മരുമകള്‍ പോരുള്ളവയിലൂടെ ആരംഭിക്കണമായിരുന്നു, എങ്കില്‍ നന്നായേനേ. ഇപ്പോള്‍ അവര്‍ അതല്ലേ ചെയ്യുന്നത്. കഥപറച്ചിലിന്റെ കലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ടെക്കികള്‍ മണ്ടന്മാരാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍, ടെഡ് സരോന്‍ഡസ് മണ്ടത്തരത്തിന്റെ നിര്‍വചനമാണെന്ന് അറിയില്ലായിരുന്നു. അത് മനസിലാക്കിതന്നതില്‍ സന്തോഷം. ഇപ്പോള്‍ എല്ലാം ശരിയായി', എന്നായിരുന്നു അനുരാഗ് കശ്യപ് കുറിച്ചത്.

Content Highlights: Anurag Kashyap criticizes Netflix CEO Ted Sarandos for his remarks connected `Sacred Games`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article