Published: July 31 , 2025 10:25 PM IST
1 minute Read
ലണ്ടൻ∙ പാക്കിസ്ഥാനെതിരായ ‘വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സ്’ സെമി ഫൈനൽ പോരാട്ടം കളിക്കില്ലെന്ന് ഇന്ത്യ ചാംപ്യൻസ് പ്രഖ്യാപിച്ചതോടെ മത്സരം ഉപേക്ഷിച്ച് സംഘാടകർ. പാക്കിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരം ബഹിഷ്കരിച്ച ഇന്ത്യൻ സീനിയർ താരങ്ങൾ സെമി ഫൈനലിലും ഇതേ നിലപാട് ആവർത്തിച്ചു. സ്റ്റേഡിയത്തിലെത്തിയ ശേഷം ഇന്ത്യയുടെ സീനിയർ താരങ്ങൾ മത്സരം ബഹിഷ്കരിക്കുകയായിരുന്നു. മത്സര വേദിയിൽവച്ച് സുരേഷ് റെയ്ന, ശിഖർ ധവാൻ തുടങ്ങിയ താരങ്ങൾ നടന്നുപോകുമ്പോൾ, ഗാലറിയിൽ നോക്കിനിൽക്കുന്ന പാക്കിസ്ഥാൻ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ ദൃശ്യങ്ങളും പുറത്തുവന്നു.
സെമി ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കേണ്ടിവരുമെന്നും അപ്പോൾ എന്തു ചെയ്യുമെന്നും പാക്ക് ക്യാപ്റ്റൻ വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ മത്സരം തന്നെ ഉപേക്ഷിച്ചാണ് ഇന്ത്യൻ ടീം പാക്ക് ക്യാപ്റ്റനെ ഞെട്ടിച്ചത്. പാക്ക് ക്യാപ്റ്റന്റെ ചിത്രം പാക്കിസ്ഥാൻ ആരാധകർ ആഘോഷിക്കുകയാണ്. ‘‘ഇന്ത്യൻ താരങ്ങൾ മടങ്ങുമ്പോൾ പാക്ക് ക്യാപ്റ്റൻ സിംഹത്തെപ്പോലെ എല്ലാം കാണുകയാണെന്നാണ്’’ ഒരു വിഭാഗം ആരാധകർ പ്രതികരിച്ചത്. ഇന്ത്യൻ താരങ്ങൾക്ക് അഫ്രീദിയെ ഭയമാണെന്നും പാക്ക് ആരാധകർ അവകാശപ്പെടുന്നു. ഗാലറിയിൽ നിൽക്കുന്ന അഫ്രീദിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യ പിൻവാങ്ങിയതോടെ പാക്കിസ്ഥാൻ ചാംപ്യൻസ് ടൂർണമെന്റ് ഫൈനലിന് നേരിട്ട് യോഗ്യത നേടി. ഇന്ത്യയുടെ തീരുമാനത്തെ അംഗീകരിക്കുകയാണെന്ന് ടൂർണമെന്റിന്റെ സംഘാടകരും പ്രതികരിച്ചു. ‘‘സെമി ഫൈനൽ മത്സരം ഉപേക്ഷിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഞങ്ങൾ അംഗീകരിക്കുകയാണ്. അതുപോലെ മത്സരത്തിന് ഇറങ്ങാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തെയും ബഹുമാനിക്കുന്നു. എല്ലാ ഘടകങ്ങളും പരിഗണിച്ചുകൊണ്ട് ഇന്ത്യ ചാംപ്യൻസ്– പാക്കിസ്ഥാൻ ചാംപ്യൻസ് മത്സരം ഞങ്ങൾ ഉപേക്ഷിക്കുകയാണ്.’’– സംഘാടകർ വ്യക്തമാക്കി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Sohail എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·