Published: January 20, 2026 09:05 AM IST Updated: January 20, 2026 10:05 AM IST
1 minute Read
ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ മൂന്നാം മത്സരം തോറ്റതോടെ ഏകദിന പരമ്പര ഇന്ത്യയ്ക്കു 2–1ന് നഷ്ടമായിരുന്നു. മൂന്നാം ഏകദിനത്തിൽ 41 റൺസ് തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. കിവീസ് ഉയർത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46 ഓവറിൽ 296 റൺസെടുത്തു പുറത്താകുകയായിരുന്നു. സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. 108 പന്തുകൾ നേരിട്ട കോലി 124 റൺസെടുത്താണു പുറത്തായത്.
ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി, ഏകദിന ക്രിക്കറ്റിൽ മാത്രമാണ് നിലവിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്. 2027 ലോകകപ്പ് വരെ കോലിക്ക് ഏകദിന ടീമിനൊപ്പം തുടരാൻ താൽപര്യമുണ്ടെന്നാണു വിവരം. 37 വയസ്സായെങ്കിലും ടീമിലെ യുവതാരങ്ങളെക്കാൾ മികച്ച ഫിറ്റ്നസുള്ള കോലി, വീഗൻ ഡയറ്റാണു വർഷങ്ങളായി പിന്തുടരുന്നത്. കഴിഞ്ഞ ദിവസം ഇൻഡോറിൽ നടന്ന മത്സരത്തിനിടയിലെ ഇടവേളയിൽ വിരാട് കോലി എന്താണു കുടിച്ചതെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇടവേളയിൽ വെള്ളക്കുപ്പിക്കൊപ്പം, ചെറിയൊരു കുപ്പി കൂടി സപ്പോർട്ട് സ്റ്റാഫ് കോലിക്കു കൊടുക്കുന്നുണ്ടായിരുന്നു. ഇത് എന്താണെന്നാണ് ആരാധകരുടെ സംശയം?.
കറുത്ത നിറത്തിലുള്ള ദ്രാവകം കുടിച്ച ശേഷം, ചവർപ്പുള്ളതെന്തോ കഴിച്ച പോലെയായിരുന്നു കോലിയുടെ മുഖഭാവം. കോലി എന്താണു കുടിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കായിക താരങ്ങൾ ഉപയോഗിക്കുന്ന പിക്കിൾ ജ്യൂസ് എന്ന പാനീയമാണിതെന്നാണു വിവരം. മത്സരങ്ങൾക്കിടെ പേശികൾക്കു കരുത്ത് ലഭിക്കുന്നതിനായി കായിക താരങ്ങൾ ഇത് സാധാരണയായി കുടിക്കാറുണ്ട്. മുൻപ് ഒരു ടെസ്റ്റ് മത്സരത്തിനിടെ യുവതാരം യശസ്വി ജയ്സ്വാളും പിക്കിൾ ജ്യൂസ് കുടിച്ചിരുന്നു. പച്ചക്കറികൾ, വിനാഗിരി, ഉപ്പ് എന്നിവയുടെ മിശ്രിതമായ ഇതിൽ സോഡിയവും പൊട്ടാസ്യവും ഏറെയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഈ പാനീയം ഉപയോഗിക്കാറുണ്ട്.
English Summary:








English (US) ·