Published: January 08, 2026 07:19 PM IST
1 minute Read
ലണ്ടൻ ∙ ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിന്റെ ന്യൂസീലൻഡ് പര്യടനത്തിനിടെ വെല്ലിങ്ടനിലെ നൈറ്റ്ക്ലബിൽ താരം പ്രശ്നം സൃഷ്ടിച്ചെന്ന് രാജ്യാന്തര മാധ്യമമായ ദ് ടെലിഗ്രാഫിന്റെ റിപ്പോർട്ടു വന്നതോടെയാണ് ക്യാപ്റ്റൻ സ്ഥാനം തുലാസിലായത്. ആഷസ് പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് റിപ്പോർട്ടു പുറത്തുവന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 31ന്, ന്യൂസീലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിന്റെ തലേദിവസമായിരുന്നു സംഭവം. അമിതമായി മദ്യപിച്ച് നൈറ്റ്ക്ലബിലെത്തിയ ഹാരി ബ്രൂക്കിന് ബൗൺസർമാർ പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് ഒരു ബൗൺസറുമായി താരം വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇയാൾ താരത്തെ തല്ലിയെന്നും റിപ്പോർട്ടുണ്ട്.
സംഭവം, താരം തന്നെ മാനേജ്മെന്റിനോട് റിപ്പോർട്ടു ചെയ്തതിനു പിന്നാലെ ഇസിബി താരത്തിന് 30,000 പൗണ്ട് പിഴ ചുമത്തിയിരുന്നു. അന്തിമ താക്കീതും നൽകി. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയിരുന്നില്ല. വിഷയം പരസ്യമായതോടെയാണ് താരത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കാൻ ആലോചിക്കുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് ഹാരി ബ്രൂക്ക്. എന്നാൽ ട്വന്റി20 ലോകകപ്പിൽ ഹാരി ബ്രൂക്ക് തന്നെയാകും ഇംഗ്ലണ്ടിനെ നയിക്കുക.
വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് ഹാരി ബ്രൂക്ക് രംഗത്തെത്തിയിട്ടുണ്ട്. ‘‘എന്റെ പ്രവൃത്തികൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ പെരുമാറ്റം തെറ്റാണെന്നും അത് എനിക്കും ഇംഗ്ലണ്ട് ടീമിനും നാണക്കേടുണ്ടാക്കിയെന്നും ഞാൻ പൂർണ്ണമായും അംഗീകരിക്കുന്നു. ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുക എന്നത് ഏറ്റവും വലിയ ബഹുമതിയാണ്, അത് ഞാൻ ഗൗരവമായി കാണുന്നു. എന്റെ സഹതാരങ്ങളെയും പരിശീലകരെയും പിന്തുണയ്ക്കുന്നവരെയും നിരാശപ്പെടുത്തിയതിൽ ഞാൻ അഗാധമായി ഖേദം പ്രകടിപ്പിക്കുന്നു.’’– ഹാരി ബ്രൂക്ക് പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തിനു പിന്നാലെ നടന്ന ഏകദിന മത്സരത്തിൽ ഇംഗ്ലണ്ട് തോറ്റിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര പൂർണമായും ന്യൂസീലൻഡിനു മുന്നിൽ അടിയറവു വയ്ക്കുകയും ചെയ്തു. 11 പന്തിൽ ആറു റൺസെടുത്താണ് മത്സരത്തിൽ ബ്രൂക്ക് പുറത്തായത്. അതേസമയം, രണ്ടാമത്തെയും മൂന്നാമത്തെയും ആഷസ് ടെസ്റ്റുകൾക്കിടയിലുള്ള ഒൻപതു ദിവസത്തെ ഇടവേളയിൽ ചില ഇംഗ്ലണ്ട് താരങ്ങൾ ആറു ദിവസം തുടർച്ചയായി മദ്യപിക്കുകയായിരുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും ഏറെ വിവാദമായിരുന്നു. ഇക്കൂട്ടത്തിലും ബ്രൂക്കിന്റെ പേരുണ്ടായിരുന്നു. ചിത്രങ്ങളും പുറത്തുവന്നിരുന്നു.
English Summary:








English (US) ·