വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ലീഡ്; പിരിയാതെ ക്യാപ്റ്റൻ ഗിൽ– കെ.എൽ. രാഹുൽ കൂട്ടുകെട്ട്

3 months ago 5

ഓൺലൈൻ ഡെസ്ക്

Published: October 03, 2025 10:53 AM IST

1 minute Read

 X@BCCI
ശുഭ്മൻ ഗില്ലും കെ.എൽ. രാഹുലും ബാറ്റിങ്ങിനിടെ. Photo: X@BCCI

അഹമ്മദാബാദ്∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ലീഡ്. രണ്ടാം ദിവസം 51 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റു ചെയ്യുന്നത്. അർധ സെഞ്ചറിയുമായി കെ.എൽ. രാഹുലും (155 പന്തിൽ 76), ശുഭ്മന്‍ ഗില്ലുമാണ് (79 പന്തിൽ 44) ബാറ്റിങ് തുടരുന്നത്. ഇന്ത്യയ്ക്ക് നിലവിൽ 12 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്.

ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ 38 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. യശസ്വി ജയ്സ്വാൾ (54 പന്തിൽ 36), സായ് സുദർശൻ (19 പന്തിൽ ഏഴ്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. 68 റൺസെടുത്തു നിൽക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ജെയ്ഡൻ സീൽസിന്റെ പന്തിൽ ഷായ് ഹോപ് ക്യാച്ചെടുത്ത് യശസ്വി ജയ്സ്വാളിനെ പുറത്താക്കി. എട്ടു റൺസ് മാത്രമെടുത്ത സായ് സുദർശൻ റോസ്റ്റൻ ചെയ്സിന്റെ പന്തിൽ എൽബിഡബ്ല്യു ആയി. കെ.എൽ. രാഹുലിനൊപ്പം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ചേർന്നതോടെ 29.4 ഓവറിൽ ഇന്ത്യ 100 കടന്നു. 101 പന്തുകളിലാണ് രാഹുൽ അർധ സെഞ്ചറിയിലെത്തിയത്.

ടോസ് വിജയിച്ച് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 44.1 ഓവറിൽ 162 റൺസെടുത്ത് ഓൾഔട്ടായി. 48 പന്തിൽ 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് വെസ്റ്റിൻഡീസ് നിരയിലെ ടോപ് സ്കോറർ. ഷായ് ഹോപ് (36 പന്തിൽ 26), റോസ്റ്റന്‍ ചെയ്സ് (43 പന്തിൽ 24) എന്നിവരാണു വിൻഡീസിന്റെ മറ്റു പ്രധാന സ്കോറർമാർ. പേസർമാരായ മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുമ്രയുടേയും തകർപ്പൻ പ്രകടനമാണ് വിൻഡീസിനെ തകർത്തെറിഞ്ഞത്.

സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. സ്കോർ ബോർഡിൽ 12 റണ്‍സുള്ളപ്പോൾ വിൻഡീസ് ഓപ്പണർ ടാഗ്‍നരെയ്ൻ ചന്ദർപോളിനെ പൂജ്യത്തിനു പുറത്താക്കി മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ ക്യാച്ചെടുത്താണ് ചന്ദർപോളിന്റെ മടക്കം. തൊട്ടുപിന്നാലെ ജോൺ കാംബെലിനെ (എട്ട്) ജസ്പ്രീത് ബുമ്ര ജുറേലിന്റെ കൈകളിലെത്തിച്ചു. 

ബ്രാണ്ടൻ കിങ് (13), അലിക് അതനസ് (12), റോസ്റ്റൻ ചെയ്സ് (24) എന്നിവരെ മടക്കിയ സിറാജ് വിൻഡീസ് മധ്യനിരയുടെ നടുവൊടിച്ചു. ഷായ് ഹോപിന്റെയും ജസ്റ്റിൻ ഗ്രീവ്സിന്റെയും ചെറുത്തുനില്‍പാണ് വിൻ‍ഡീസിനെ 150 കടത്തിയത്. കുൽദീപ് യാദവ് രണ്ടും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.

English Summary:

India vs West Indies archetypal test, time 2 lucifer updates

Read Entire Article