വെസ്റ്റ്ഹാമിനെ വീഴ്ത്തി ലിവർപൂൾ കിരീടത്തിനരികെ; മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ന്യൂകാസിൽ, ചെൽസിക്ക് സമനിലക്കുരുക്ക്

9 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: April 14 , 2025 09:16 AM IST

1 minute Read

ലിവർപൂളിന്റെ വിജയഗോൾ നേടിയ വിർജിൽ വാൻദെയ്‌കിന് സഹതാരങ്ങളുടെ അഭിനന്ദനം (ലിവർപൂൾ പങ്കുവച്ച ചിത്രം)
ലിവർപൂളിന്റെ വിജയഗോൾ നേടിയ വിർജിൽ വാൻദെയ്‌കിന് സഹതാരങ്ങളുടെ അഭിനന്ദനം (ലിവർപൂൾ പങ്കുവച്ച ചിത്രം)

ലണ്ടൻ∙ സീസണിലെ 23–ാം ജയത്തോടെ ലിവർപൂൾ ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടത്തിന് ഒരേയൊരു ജയം മാത്രം അകലെ. ആവേശപ്പോരാട്ടത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ 2–1നാണ് ലിവർപൂൾ തകർത്തത്. 18–ാം മിനിറ്റിൽ ലൂയിസ് ഡയസ് നേടിയ ഗോളിൽ അവസാന നിമിഷം വരെ മുന്നിലായിരുന്ന ലിവർപൂളിനെതിരെ, 86–ാം മിനിറ്റിൽ ആൻഡി റോബർട്സൻ വഴങ്ങിയ സെൽഫ് ഗോളിൽ വെസ്റ്റ്ഹാം ഒപ്പമെത്തിയതാണ്. സമനിലയിലേക്കെന്ന് ഉറപ്പിച്ചിരിക്കെ 89–ാം മിനിറ്റിൽ വിർജിൽ വാൻദെയ്കാണ് ലിവർപൂളിന്റെ വിജയഗോൾ നേടിയത്.

ഇതോടെ 32 മത്സരങ്ങളിൽനിന്ന് 23 ജയവും ഏഴു സമനിലയും സഹിതം 76 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. രണ്ടാം സ്ഥാനക്കാരായ ആർസനലിനേക്കാൾ 13 പോയിന്റ് മുന്നിലാണ് ലിവർപൂൾ. ആർസനൽ കഴിഞ്ഞ മത്സരത്തിൽ ബ്രെന്റ്ഫോഡിനോട് സമനില വഴങ്ങിയതാണ് ലിവർപൂളിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്.

അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തുവിട്ട പ്രകടനവുമായി ന്യൂകാസിൽ യുണൈറ്റഡ് അടുത്ത സീസണിലെ ചാംപ്യൻസ് ലീഗ് യോഗ്യതയ്ക്കുള്ള അവകാശവാദം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. ന്യൂകാസിലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 4–1നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവി. ആദ്യപകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. ഒരു സീസണിൽ ന്യൂകാസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രണ്ടു മത്സരങ്ങളിലും തോൽപ്പിക്കുന്നത് 1930–31 സീസണിനു ശേഷം ഇതാദ്യമാണ്.

ന്യൂകാസിലിനായി ഹാർവി ബാർനസ് ഇരട്ടഗോൾ നേടി. 49, 64 മിനിറ്റുകളിലായിരുന്നു ബാർനസിന്റെ ഗോളുകൾ. മറ്റു ഗോളുകൾ സാന്ദ്രോ ടൊണാലി (24–ാം മിനിറ്റ്), ബ്രൂണോ ഗ്വിമാറസ് (77–ാം മിനിറ്റ്) എന്നിവർ നേടി. യുണൈറ്റഡിന്റെ ആശ്വാസഗോൾ ഗാർനച്ചോ (37–ാം മിനിറ്റ്) സ്വന്തമാക്കി. സീസണിലെ 14–ാം തോൽവി വഴങ്ങിയ യുണൈറ്റഡ് 38 പോയിന്റുമായി 14–ാം സ്ഥാനത്താണ്. ന്യൂകാസിൽ 31 കളികളിൽനിന്ന് 17 ജയവും അഞ്ച് സമനിലയും സഹിതം 56 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറി.

അതേസമയം കരുത്തരായ ചെൽസിയെ ഞെട്ടിക്കുന്ന പ്രകടനവുമായി ആദ്യ പകുതിയിൽ രണ്ടു ഗോളിന്റെ ലീഡ് നേടിയ ഇപ്സ്‌വിച്ച് ടൗൺ, രണ്ടാം പകുതിയിൽ രണ്ടു ഗോൾ വഴങ്ങി സമനില സ്വന്തമാക്കി. കരുത്തരായ ടോട്ടനം ഹോട്സ്‌പറിനെ വോൾവർഹാംപ്ടൻ 4–2നും തകർത്തുവിട്ടു. ഈ സമനിലയോടെ ചെൽസിയുടെ ചാംപ്യൻസ് ലീഗ് പ്രതീക്ഷകൾക്കു മങ്ങലേറ്റു. 54 പോയിന്റുമായി നിലവിൽ ആറാം സ്ഥാനത്താണ് അവർ. ഇപ്സ്‌വിച്ച് ടൗൺ 21 പോയിന്റുമായി 18–ാം സ്ഥാനത്താണ്. ടോട്ടനത്തെ വീഴ്ത്തിയ വെസ്റ്റ്ഹാം 35 പോയിന്റുമായി 17–ാം സ്ഥാനത്താണ്. ടോട്ടനമാകട്ടെ, 37 പോയിന്റുമായി 15–ാമതും.

English Summary:

Liverpool wrong touching region of EPL title, Manchester Utd thrashed by Newcastle

Read Entire Article