20 September 2025, 08:39 PM IST

സെഞ്ചുറി നേടിയ സ്മൃതി മന്ദാനയുടെ ആഹ്ലാദം | ഫോട്ടോ - പിടിഐ
ന്യൂഡല്‍ഹി: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമായി ഇന്ത്യന്‍ വനിതാ ടീം ഓപ്പണിങ് താരം സ്മൃതി മന്ദാന. 50 പന്തുകളിലാണ് സ്മൃതി സെഞ്ചുറി കുറിച്ചത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സ്മൃതി 63 പന്തുകളില്‍നിന്ന് 125 റണ്‍സ് നേടി പുറത്തായി. അഞ്ച് സിക്‌സും 17 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. 52 പന്തില്‍ ഏഴ് സിക്‌സും എട്ട് ഫോറുകളും സഹിതം വിരാട് കോലി മുന്‍പ് നേടിയ റെക്കോഡാണ് സ്മൃതി മാറ്റിക്കുറിച്ചത്.
18-ാം ഓവറിലെ രണ്ടാംപന്തില്‍ 95 റണ്‍സ് എന്ന വ്യക്തിഗത സ്‌കോറില്‍ നില്‍ക്കവേ, അലാന കിങ്ങിനെ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയാണ് സ്മൃതി തന്റെ സെഞ്ചുറി തികച്ചത്. 2013-ല്‍ ഓസ്‌ട്രേലിയക്കെതിരേ തന്നെയാണ് കോലിയും റെക്കോഡ് സെഞ്ചുറി കുറിച്ചത്. വനിതാ ഏകദിനത്തില്‍ ഒരിന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡും സ്മൃതി സ്വന്തമാക്കി. നേരത്തേ 70 പന്തുകളില്‍ സെഞ്ചുറി നേടിയ തന്റെ സ്വന്തം റെക്കോഡ് തന്നെയാണ് തകര്‍ത്തത്.
വനിതാ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി കൂടിയാണിത്. 2012-ല്‍ ന്യൂസീലന്‍ഡിനെതിരേ മെഗ് ലാനിങ് നേടിയ 45 പന്തിലെ സെഞ്ചുറി മാത്രമാണ് ഇതിന് മുന്നിലുള്ളത്. 22-ാം ഓവറില്‍ ഗ്രേസ് ഹാരിസിന് വിക്കറ്റ് നല്‍കിയാണ് മന്ദാന പുറത്തായത്.
Content Highlights: Smriti Mandhana Sets New Record: Fastest ODI Century by an Indian Cricketer








English (US) ·